മെസിയും സംഘവും ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്കുള്ള യാത്രയാരംഭിക്കുന്നു, യുവന്റസുമായുള്ള മത്സരത്തിന് പ്രത്യേകതകളേറെ

ഈ സീസണിലെ ചാമ്പ്യൻസ് ലീഗിലെ ആദ്യ പോരാട്ടത്തിനായി പിഎസ്‌ജി നാളെ കളത്തിലിറങ്ങുന്നു. പിഎസ്‌ജിയുടെ മൈതാനമായ പാർക് ഡി പ്രിൻസസിൽ വെച്ചാണ് ഇറ്റാലിയൻ കരുത്തരായ യുവന്റസിനെ പിഎസ്‌ജി നേരിടുന്നത്. ചാമ്പ്യൻസ് ലീഗ് കിരീടം നേടുകയെന്ന സ്വപ്‌നം ഈ സീസണിലെങ്കിലും നടപ്പിലാക്കുകയെന്ന ലക്ഷ്യവുമായി ഇറങ്ങുന്ന പിഎസ്‌ജി ഇതുവരെ നടത്തിയ പ്രകടനം അവർക്ക് മുൻ‌തൂക്കം നൽകുമ്പോൾ യുവന്റസിന് മത്സരത്തിൽ പ്രതീക്ഷകൾ കുറവാണ്.

ഫ്രഞ്ച് സൂപ്പർകപ്പും ലീഗ് മത്സരങ്ങളുമടക്കം ഈ സീസണിൽ ഏഴു മത്സരങ്ങൾ കളിച്ചിട്ടുള്ള പിഎസ്‌ജി അതിൽ ഒരെണ്ണത്തിൽ പോലും തോൽവി അറിഞ്ഞിട്ടില്ല. മൊണാക്കോക്കെതിരെ സമനില വഴങ്ങിയതു മാത്രമാണ് പിഎസ്‌ജി വിജയം നേടാതിരുന്ന ഒരേയൊരു മത്സരം. ഈ ഏഴു മത്സരങ്ങളിൽ നിന്നും ഇരുപത്തിയെട്ടു ഗോളുകൾ അടിച്ചു കൂട്ടിയ പിഎസ്‌ജിക്കായി മുന്നേറ്റനിരയിലെ താരങ്ങളായ ലയണൽ മെസി, നെയ്‌മർ, എംബാപ്പെ സഖ്യം ഒത്തൊരുമയോടെ കളിക്കുന്നത് എതിരാളികൾക്ക് വലിയ ഭീഷണി തന്നെയാണ്.

അതേസമയം ഇറ്റലിയിൽ പ്രതാപം തിരിച്ചു പിടിക്കാൻ ഒരുങ്ങുന്ന യുവന്റസ് അതിനായി ടീമിലേക്ക് പുതിയ താരങ്ങളെ എത്തിച്ചെങ്കിലും ഇതുവരെയും മികച്ച പ്രകടനം നടത്താൻ ടീമിന് കഴിഞ്ഞിട്ടില്ല. ലീഗിൽ അഞ്ചു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒരെണ്ണത്തിലും തോൽവി വഴങ്ങിയിട്ടില്ലെങ്കിലും രണ്ടെണ്ണത്തിൽ മാത്രമേ യുവന്റസിന് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളൂ. നിലവിൽ ലീഗിൽ ആറാം സ്ഥാനത്താണ് യുവന്റസെങ്കിലും അവരുടേതായ ദിവസങ്ങളിൽ ഏതു ടീമിനെയും അട്ടിമറിക്കാൻ കഴിയുന്ന താരങ്ങൾ അവർക്കു സ്വന്തമായുണ്ട്.

മുൻ പിഎസ്‌ജി താരങ്ങളായ രണ്ടു പേർ പാർക് ഡി പ്രിൻസസിലേക്ക് തിരിച്ചു വരുന്നതാണ് ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ മറ്റൊരു പ്രത്യേകത. ഈ സമ്മർ ജാലകത്തിൽ ക്ലബ് വിട്ട അർജന്റീനിയൻ താരങ്ങളായ ഏഞ്ചൽ ഡി മരിയ, ലിയാൻഡ്രോ പരഡെസ് എന്നിവരാണ് തങ്ങളുടെ മുൻ ക്ലബിനെതിരെ ഇറങ്ങുന്നത്. ഫിയോറെന്റീനക്കെതിരായ കഴിഞ്ഞ സീരി എ മത്സരത്തിൽ യുവന്റസിന്റെ ആദ്യ ഇലവനിൽ ഉണ്ടായിരുന്ന രണ്ടു താരങ്ങളും പിഎസ്‌ജിക്ക് എതിരെയും ആദ്യ ഇലവനിൽ ഉണ്ടാകുമെന്നുറപ്പാണ്.

യുവന്റസിനെതിരെ ഇതുവരെ വിജയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന മോശം റെക്കോർഡ് തിരുത്താൻ കൂടി വേണ്ടിയാണ് പിഎസ്‌ജി നാളെ രാത്രി നടക്കുന്ന മത്സരത്തിന് ഇറങ്ങുന്നത്. നിലവിലെ ഫോം വെച്ചു നോക്കുമ്പോൾ സ്വന്തം മൈതാനത്ത് പിഎസ്‌ജി അനായാസജയം നേടാൻ തന്നെയാണ് സാധ്യത. പിഎസ്‌ജി മുന്നേറ്റനിരയിലെ താരങ്ങളെല്ലാം ഈ സീസണിൽ മികച്ച ഫോമിലാണെന്നത് അതിനു കൂടുതൽ സാധ്യത നൽകുന്നു.