ഇന്റർ മിയാമി അവസാന സ്ഥാനത്താണെന്ന സ്ക്രീൻഷോട്ടയച്ച് അഗ്യൂറോ, മെസി നൽകിയത് കിടിലൻ മറുപടി | Messi

യൂറോപ്പിൽ ഇനിയും ഏതാനും വർഷങ്ങൾ കൂടി കളിക്കാമായിരുന്നിട്ടും ഇന്റർ മിയാമിയിലേക്ക് ചേക്കേറാനുള്ള ലയണൽ മെസിയുടെ തീരുമാനം ആരാധകർക്ക് വലിയ നിരാശയാണ്‌ സമ്മാനിച്ചത്. ബാഴ്‌സലോണയിലേക്ക് തിരിച്ചു വന്ന് ചാമ്പ്യൻസ് ലീഗ് അടക്കമുള്ള നേട്ടങ്ങൾക്കായി മെസി പൊരുതുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് അർജന്റീന നായകൻ ഡേവിഡ് ബെക്കാമിന്റെ ഇന്റർ മിയാമിയിലേക്ക് പോയത്.

അമേരിക്കൻ ലീഗിൽ മോശം പ്രകടനമാണ് ഇന്റർ മിയാമി നടത്തുന്നത്. ഈസ്റ്റേൺ കോൺഫറൻസിൽ പതിനാറു മത്സരങ്ങളിൽ പതിനൊന്നെണ്ണത്തിലും തോൽവി വഴങ്ങി അവസാന സ്ഥാനത്താണ് ടീം നിൽക്കുന്നത്. പ്ലേ ഓഫ് ഘട്ടത്തിലേക്ക് കടക്കാൻ ഒൻപതാം സ്ഥാനമെങ്കിലും നേടണമെന്നിരിക്കെ അതാണ് ലയണൽ മെസി ക്ലബിനൊപ്പം ലക്ഷ്യമിടുന്നതെന്നാണ് താരത്തിന്റെ അടുത്ത സുഹൃത്തായ അഗ്യൂറോ പറയുന്നത്.

“ഞാൻ ഇന്നലെ മെസിയോട് സംസാരിച്ചു, ഈസ്റ്റേൺ കോൺഫറൻസ് സ്റ്റാൻഡിങ്‌സിന്റെ സ്‌ക്രീൻഷോട്ട് സഹിതം ഞാൻ അദ്ദേഹത്തിന് ഒരു സന്ദേശം അയച്ചു. ‘നിങ്ങളുടെ ടീം പിന്നിലാണ്, എട്ടാം സ്ഥാനത്തേക്കോ ഒൻപതാം സ്ഥാനത്തേക്കോ എത്തണം’ എന്നു ഞാൻ പറഞ്ഞു. പ്ലേ ഓഫിലേക്ക് കടക്കണമെന്നാണ് ലയണൽ മെസി അതിനു മറുപടിയായി പറഞ്ഞത്.” അഗ്യൂറോ കഴിഞ്ഞ ദിവസം പറഞ്ഞു.

ആറു പോയിന്റുകൾ മാത്രമാണ് ഇന്റർ മിയാമിയും ഒൻപതാം സ്ഥാനവും തമ്മിലുള്ള വ്യത്യാസം. ലയണൽ മെസിയെ സംബന്ധിച്ച് ടീമിനെ പ്ലേ ഓഫിലേക്കോ അതിനു മുകളിലേക്കോ എത്തിക്കുക എന്നത് തന്നെയാകും ഈ സീസണിലെ പ്രധാന ലക്‌ഷ്യം. ഇപ്പോഴും മികച്ച പ്രകടനം നടത്തുന്ന താരത്തിന് അതിനു കഴിയുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Aguero Reveals Messi Reply To Text After MLS Move