AIFF മേധാവിയുടെ ഭാര്യ നേതൃത്വം വഹിക്കുന്ന മോഹൻ ബഗാനെ സംരക്ഷിക്കുന്നു, ഇവാൻ പ്രതികരിച്ചാൽ വിലക്കും പിഴയും | AIFF

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സും ചെന്നൈയിൻ എഫ്‌സിയും തമ്മിൽ നടന്ന മത്സരത്തിനിടെ റഫറി എടുത്ത തെറ്റായ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് പ്രതികരിച്ച ഇവാൻ വുകോമനോവിച്ചിന് വിലക്കും പിഴയും നൽകിയ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസമാണ് സെർബിയൻ പരിശീലകന് ഒരു മത്സരത്തിൽ വിലക്കും 50000 രൂപ പിഴയും നൽകാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്കസമിതി തീരുമാനമെടുത്തത്.

റഫറിമാരുടെ തെറ്റായ തീരുമാനങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി നൽകുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ സീസണിൽ അതിന്റെ ഏറ്റവും വലിയ രൂപം കേരള ബ്ലാസ്റ്റേഴ്‌സ് കാണുകയും അനുഭവിക്കുകയും ചെയ്‌തതാണ്‌. ഈ സീസണിലും അതെ തെറ്റുകൾ ആവർത്തിച്ചു കൊണ്ടിരിക്കെ, ഇതുപോലെയാണെങ്കിൽ മികച്ച ടീമുകൾ ആയിരിക്കില്ല കിരീടം നേടുകയെന്നും റഫറിമാരാകും അത് തീരുമാനിക്കുകയെന്നുമാണ് ഇവാൻ പറഞ്ഞത്. ഉടനെ അദ്ദേഹത്തിന് പിഴയും വിലക്കും നൽകാൻ എഐഎഫ്എഫ് തീരുമാനിച്ചു.

അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന് മാത്രമാണോ റഫറിമാരെ വിമർശിച്ചതിന്റെ പേരിൽ നടപടി ബാധകമെന്ന ചോദ്യം ഇതോടെ ഉയരുന്നുണ്ട്. മോഹൻ ബഗാന്റെ കഴിഞ്ഞ മത്സരത്തിനിടെ അവരുടെ പരിശീലകൻ യുവാൻ ഫെറാൻഡോ റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്യുകയും വിമർശനം നടത്തുകയും ചെയ്‌തിരുന്നു. എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ല. ചില ക്ലബുകൾക്ക് മാത്രമാണ് ഇതെല്ലാം ബാധകമെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്ന കാര്യം.

മോഹൻ ബഗാനെപ്പോലെയുള്ള ടീമുകളെ എഐഎഫ്എഫ് സംരക്ഷിക്കുന്നുണ്ടെന്ന വിമർശനം പലപ്പോഴും ആരാധകർ ഉയർത്താറുണ്ട്. എഐഎഫ്എഫ് മേധാവിയായ കല്യാൺ ചൗബേയുടെ ഭാര്യയായ സോഹിനി മിത്ര ചൗബേ മോഹൻ ബഗാന്റെ ഡയറക്റ്റർമാരിൽ ഒരാളാണ്. മോഹൻ ബഗാന്റെ പരിശീലകൻ റഫറിമാർക്കെതിരെ തിരിയുമ്പോൾ അതൊരു തെറ്റായി മാറാത്തതും ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ എന്ത് പറഞ്ഞാലും പിഴ ലഭിക്കുന്നതും ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്.

കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പ്രതികാരനടപടി എന്നതു പോലെയാണ് അവർ തുടർച്ചയായി നടപടികളുമായി വരുന്നത്. റഫറിയുടെ തീരുമാനങ്ങൾ പല ടീമുകളെയും മത്സരങ്ങളെയും പ്രതികൂലമായി ബാധിച്ചു കൊണ്ടിരിക്കെ അതിൽ ഒരു പരിഹാരം കണ്ടെത്താൻ ശ്രമിക്കാതെ, അതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തുകയും ചിലരെ സംരക്ഷിച്ചു മുന്നോട്ടു പോവുകയുമാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ചെയ്യുന്നത്.

AIFF Decision To Ban Ivan Vukomanovic Rise Questions