പ്രധാന റഫറിയുടെ മുഖത്തിടിച്ചു വീഴ്ത്തി, നിലത്തിട്ടു ചവിട്ടിക്കൂട്ടി; ക്ലബ് പ്രസിഡന്റിന്റെ ആക്രമണത്തിനു പിന്നാലെ തുർക്കിഷ് ലീഗ് നിർത്തിവെച്ചു | Turkish Super League

ഇന്ത്യൻ സൂപ്പർ ലീഗിൽ റഫറിയുടെ തീരുമാനങ്ങൾക്കെതിരെ പ്രതിഷേധമറിയിച്ചു സംസാരിച്ചതിന്റെ പേരിൽ ഇവാൻ വുകോമനോവിച്ചിന് വിലക്ക് ലഭിച്ചതാണ് ഇപ്പോൾ ഇന്ത്യൻ ഫുട്ബോളിൽ ഉയർന്നു വരുന്ന പ്രധാനപ്പെട്ട ചർച്ച. അതിനിടയിൽ റഫറിമാരുടെ തെറ്റായ തീരുമാനത്തിൽ സഹികെട്ടിരിക്കുന്ന ആരാധകർക്ക് ആവേശം നൽകുന്ന ഒരു വാർത്ത തുർക്കിഷ് ലീഗിൽ നിന്നും വരുന്നുണ്ട്. മത്സരം നിയന്ത്രിച്ച റഫറിയെ ക്ലബിന്റെ പ്രസിഡന്റ് തന്നെ കൈകാര്യം ചെയ്‌തതാണ്‌ സംഭവം.

തുർക്കിഷ് ലീഗിൽ പതിനൊന്നാം സ്ഥാനത്തുള്ള അങ്കരാഗുകുവും എട്ടാം സ്ഥാനത്തുള്ള റിസെസ്‌പോറും തമ്മിൽ ഇന്നലെ നടന്ന മത്സരത്തിന് ശേഷമാണ് അവിശ്വസനീയമായ സംഭവങ്ങൾ അരങ്ങേറിയത്. മത്സരത്തിൽ പതിനാലാം മിനുട്ടിൽ തന്നെ അങ്കരാഗുകു മുന്നിലെത്തിയിരുന്നു. അതിനു ശേഷം അൻപതാം മിനുട്ടിൽ ഒരു താരത്തിന് ചുവപ്പുകാർഡ് ലഭിച്ചതിനെ തുടർന്ന് പത്ത് പേരുമായി കളിക്കേണ്ടി വന്ന അവർ ഇഞ്ചുറി ടൈമിന്റെ ഏഴാമത്തെ മിനുട്ടിൽ സമനില ഗോൾ വഴങ്ങേണ്ടി വന്നു.

മത്സരത്തിൽ അങ്കരാഗുകുവിന്റെ ഒരു ഗോൾ വീഡിയോ റഫറി കാൻസൽ ചെയ്‌തിരുന്നു. അതിനു പുറമെ രണ്ടു ടീമിലെയും ഓരോ താരങ്ങൾക്ക് ചുവപ്പുകാർഡും റഫറി നൽകി. അങ്കരാഗുകുവിനു അനുകൂലമായി ലഭിക്കേണ്ട ഒരു പെനാൽറ്റിയും റഫറി നൽകാൻ തയ്യാറായില്ല. ഇഞ്ചുറി ടൈം ഒരുപാട് നൽകിയത് വിജയം ഉറപ്പിച്ചിരുന്ന മത്സരം നഷ്ടമാകാൻ കാരണമായതോടെയാണ് അങ്കരാഗുകുവിന്റെ പ്രസിഡന്റിന് റഫറിയോട് കലിപ്പായതും ആ രോഷം നേരിട്ടു തന്നെ തീർത്തതും.

മത്സരത്തിന്റെ ഫൈനൽ വിസിൽ മുഴക്കിയതിനു ശേഷം ടണലിലേക്ക് പോവുകയായിരുന്ന റഫറിക്കരികിലേക്ക് ഓടിയെത്തിയ ക്ലബ് പ്രസിഡന്റ് നേരെ പോയി മുഖത്തിടിക്കുകയാണ് ആദ്യം ചെയ്‌തത്‌. ഇടികൊണ്ടു മൈതാനത്ത് വീണ റഫറിയെ അവിടെയിട്ട് ചവിട്ടുകയും തൊഴിക്കുകയും ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം. മറ്റുള്ള സ്റ്റാഫുകൾ എത്തിയാണ് എല്ലാവരെയും പിടിച്ചു മാറ്റിയത്. ഇതിനു പിന്നാലെ ലീഗ് അനിശ്ചിതമായി നിർത്തിവെച്ചുവെന്ന് തുർക്കി പ്രസിഡന്റ് പ്രഖ്യാപിക്കുകയും ചെയ്‌തു.

എന്തായാലും ഈ സംഭവത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതികരണം രസകരമാണ്. ഇതുപോലെ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിമാരെ കൈകാര്യം ചെയ്യേണ്ട സമയം അതിക്രമിച്ചുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. റഫറിമാരുടെ മണ്ടത്തരങ്ങൾ കൊണ്ട് പൊറുതി മുട്ടിയതും അതിനെതിരെ പ്രതികരിക്കുമ്പോൾ വിലക്കുമായി വന്ന് അടിച്ചമർത്താൻ ശ്രമിക്കുന്നതുമെല്ലാം ആരാധകരുടെ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.

Turkish Super League Suspended After Club President Punch Referee