ലക്‌ഷ്യം പ്രീമിയർ ലീഗ് കിരീടം തന്നെ, ഇംഗ്ലണ്ടിലെ വമ്പൻമാർക്ക് മുന്നറിയിപ്പു നൽകി എമിലിയാനോ മാർട്ടിനസ് | Emiliano Martinez

എമിലിയാനോ മാർട്ടിനസിന്റെ ആത്മവിശ്വാസവും ലക്ഷ്യത്തിനു വേണ്ടി പൊരുതാനുള്ള ദൃഢമായ നിശ്ചയവും വളരെ പ്രശസ്‌തമാണ്‌. അർജന്റീന ടീമിലേക്ക് വന്നപ്പോൾ തന്നെ ടീമിനൊപ്പം സാധ്യമായ കിരീടങ്ങളെല്ലാം നേടാനുള്ള തന്റെ ആഗ്രഹം താരം പ്രകടിപ്പിച്ചിരുന്നു. അന്നതിനെ പലരും നിസാരമായി കണ്ടുവെങ്കിലും അർജന്റീന ടീമിനെ മൂന്നു കിരീടങ്ങളിലേക്ക് നയിക്കാൻ താരത്തിന്റെ ആത്മവിശ്വാസവും അത് ടീമിലേക്ക് പകർന്നു നൽകാനുള്ള കഴിവും നിർണായകമായ സ്വാധീനം ചെലുത്തിയിരുന്നു.

ഈ സീസൺ ആരംഭിച്ചപ്പോൾ ചാമ്പ്യൻസ് ലീഗിൽ കളിക്കാനും കിരീടം നേടാനുമുള്ള ആഗ്രഹമാണ് താരം വെളിപ്പെടുത്തിയത്. കഴിഞ്ഞ സീസണിൽ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത, പ്രീമിയർ ലീഗിലെ മധ്യനിര ടീമുകളിൽ ഒന്നായ ആസ്റ്റൺ വില്ലയിൽ കളിക്കുന്ന ഒരു താരത്തിന് ആഗ്രഹിക്കുന്നതിനു ഒരു പരിധിയില്ലേയെന്ന ചോദ്യം അപ്പോഴും പലരും ചോദിക്കുകയുണ്ടായി. എന്നാൽ സീസൺ ഇത്രയും പിന്നിട്ടപ്പോൾ അവർക്ക് അതിനു കഴിയുമെന്ന വിശ്വാസം പലർക്കും ഉണ്ടായിട്ടുണ്ട്.

ലീഗിൽ പതിനാറ് മത്സരങ്ങൾ പൂർത്തിയായപ്പോൾ അതിൽ പതിനൊന്നെണ്ണത്തിലും വിജയം സ്വന്തമാക്കിയ ആസ്റ്റൺ വില്ല മുപ്പത്തിയഞ്ചു പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. വളരെയധികം മത്സരം നടക്കുന്ന പ്രീമിയർ ലീഗിൽ ഈ നിലയിൽ മാറ്റങ്ങൾ വരാമെങ്കിലും ആസ്റ്റൺ വില്ല അവസാനം തോൽപ്പിച്ച മൂന്നു ടീമുകളും ടോപ് ഫൈവിൽ കിടക്കുന്നവരാണ്. ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലിനെയും നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെയും വീഴ്ത്തിയ അവരുടെ ലക്‌ഷ്യം കിരീടം തന്നെയാണെന്ന് എമിലിയാനോ പറയുന്നു.

“ഒരാഴ്‌ചക്കുള്ളിൽ ഞങ്ങൾ മാഞ്ചസ്റ്റർ സിറ്റിയെയും ആഴ്‌സണലിനെയും തോൽപ്പിച്ചു. ഒരു മത്സരത്തിൽ അവരെ പൂർണമായും നിയന്ത്രിക്കാൻ കഴിഞ്ഞു. ഞാൻ ഒരിക്കലും മാഞ്ചസ്റ്റർ സിറ്റിയെ ഇത്രയധികം മറ്റൊരു ടീം നിയന്ത്രിക്കുന്നത് കണ്ടിട്ടില്ല. അതിനു ശേഷം എൺപത്തിയഞ്ചു മിനുട്ടും ആഴ്‌സണലിനെതിരെ ബുദ്ധിമുട്ടിയതിനു ശേഷം വിജയം സ്വന്തമാക്കി. പ്രീമിയർ ലീഗ് നേടാൻ ഞങ്ങൾക്ക് കഴിയുമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.” കഴിഞ്ഞ ദിവസം എമിലിയാനോ മാർട്ടിനസ് പറഞ്ഞു.

എമിലിയാനോ മാർട്ടിനസിന്റെ വാക്കുകൾ ഒരിക്കലും നിസാരമായി തള്ളിക്കളയാൻ കഴിയാത്തതാണ്. ഗോൾവലക്ക് കീഴിൽ മിന്നുന്ന സേവുകളുമായി കോട്ട കെട്ടുന്ന താരത്തിന്റെ സാന്നിധ്യം ടീമിന് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. അതിനൊപ്പം യൂറോപ്പിൽ വളരെയധികം പരിചയസമ്പത്തുള്ള ഉനെ എമറിയെന്ന പരിശീലകന്റെ സാന്നിധ്യം കൂടിച്ചേരുമ്പോൾ ആസ്റ്റൺ വില്ലയുടെ കുതിപ്പ് കണ്ടാലും അതിൽ അത്ഭുതപ്പെടാൻ കഴിയില്ല.

Emiliano Martinez Confident To Win EPL