തീർന്നു പോയെന്ന് ഉറപ്പിച്ചവർക്കു മുന്നിൽ 50 ഗോളടിച്ച് ഉയിർത്തെഴുന്നേൽപ്പ്, ഇതൊരു മുപ്പത്തിയെട്ടുകാരന്റെ അവിശ്വസനീയ തിരിച്ചുവരവ് | Ronaldo

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പവും അതിനു ശേഷം പോർച്ചുഗൽ ദേശീയ ടീമിനൊപ്പവും ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ പ്രകടനം കണ്ടവരെല്ലാം താരത്തിന്റെ കരിയർ അവസാനത്തിലേക്ക് അടുത്തുവന്നു തന്നെയാണ് കരുതിയിരുന്നത്. ഗോളുകൾ നേടാനും മികച്ച പ്രകടനം നടത്താനും ക്രിസ്റ്റ്യാനോ റൊണാൾഡോ പരാജയപ്പെട്ടപ്പോൾ ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് പലരും ഉറപ്പിച്ചിരുന്നു.

എന്നാൽ ലോകകപ്പിന് ശേഷം 2023ന്റെ തുടക്കത്തിൽ തന്നെ വിപ്ലവകരമായ ഒരു ട്രാൻസ്‌ഫറിൽ സൗദി അറബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറാനുള്ള റൊണാൾഡോയുടെ പദ്ധതി താരത്തിന്റെ കരിയർ അവസാനിച്ചുവെന്ന് കരുതിയവർക്കുള്ള ഒരു മറുപടിയായിരുന്നു. ഇന്നലെ അൽ നസ്‌റും അൽ ശബാബും തമ്മിൽ നടന്ന കിങ്‌സ് കപ്പിൽ ഗോൾ നേടിയതോടെ ഈ വർഷം അൻപത് ഗോളുകളാണ് റൊണാൾഡോ അടിച്ചുകൂട്ടിയത്.

കിങ്‌സ് കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് റൊണാൾഡോയുടെ ക്ലബായ അൽ നസ്ർ വിജയിച്ചത്. സെക്കോ ഫൊഫാന, സാഡിയോ മാനെ, ഘരീബ്‌, ഖലീൽ മാറാൻ എന്നിവരാണ് റൊണാൾഡോക്ക് പുറമെ ടീമിനായി ഗോൾ കണ്ടെത്തിയത്. ഇതോടെ അൽ നസ്ർ കിങ്‌സ് കപ്പിന്റെ സെമി ഫൈനലിലേക്ക് മുന്നേറുകയുണ്ടായി. ഈ സീസണിൽ രണ്ടാമത്തെ കിരീടം സ്വന്തമാക്കാനുള്ള അവസരമാണിത്.

അതേസമയം ടീമിനായി അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് റൊണാൾഡോ നടത്തുന്നതെന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ സീസണിന്റെ രണ്ടാമത്തെ പകുതി മാത്രം അൽ നസ്‌റിനൊപ്പം കളിച്ച റൊണാൾഡോ പതിനാലു ഗോളുകളാണ് ലീഗിൽ അടിച്ചു കൂട്ടിയത്. അതേസമയം ഈ സീസണിൽ ഇതുവരെ പതിനെട്ടു ഗോളുകളും എട്ട് അസിസ്റ്റുകളും ലീഗിൽ സ്വന്തമാക്കാൻ കഴിഞ്ഞ താരം മിന്നും ഫോമിലാണ്.

മുപ്പത്തിയെട്ടാം വയസിൽ അൽ നസ്‌റിനായി നടത്തുന്ന ഈ പ്രകടനം പോർച്ചുഗൽ ദേശീയ ടീമിനൊപ്പം മികച്ച പ്രകടനം നടത്താനും താരത്തെ സഹായിച്ചിട്ടുണ്ട്. യൂറോ കപ്പ് യോഗ്യത റൌണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ റൊണാൾഡോയാണ് ടീമിന്റെ ടോപ് സ്‌കോറർ. മികച്ച പ്രകടനം നടത്തുന്ന ടീമിനൊപ്പം അടുത്ത വർഷം യൂറോ കപ്പ് സ്വന്തമാക്കുകയെന്ന ലക്ഷ്യമാണ് റൊണാൾഡോക്ക് മുന്നിലുള്ളത്.

Ronaldo Reach 50 Goals This Year