ഡി മരിയയെ തളർത്താൻ ഭാര്യയെക്കുറിച്ച് പരാമർശിച്ചു, ജീവിതത്തിൽ ഏറ്റവും കുറ്റബോധം തോന്നിയ ദിവസമെന്ന് ബ്രസീലിയൻ താരം | Di Maria

ഫുട്ബോളിൽ മൈൻഡ് ഗെയിം വളരെ പ്രധാനപ്പെട്ട ഒന്നാണ്. എതിരാളികളെ മാനസികമായി തളർത്താൻ വേണ്ടി കുടുംബങ്ങളെക്കുറിച്ചുള്ള വാക്കുകളും പരാമർശങ്ങളും നടത്തുന്നത് ഇതിലുൾപ്പെടുന്നു. അതൊരു തന്ത്രമായോ അല്ലെങ്കിൽ മത്സരത്തിനിടയിൽ ഉണ്ടാകുന്ന തർക്കങ്ങളുടെ ഭാഗമായോ സംഭവിക്കാറുണ്ട്. പലപ്പോഴും അത് വിജയം കാണാറുമുണ്ട്. പ്രധാന താരങ്ങളിൽ പലരും മോശം പ്രകടനം നടത്തുന്നതിനെല്ലാം ഇത്തരത്തിലുള്ള മൈൻഡ് ഗെയിമുകൾ കാരണമാവാറുമുണ്ട്.

അർജന്റീന താരമായ ഏഞ്ചൽ ഡി മരിയക്കെതിരെ ഇത്തരത്തിൽ മൈൻഡ് ഗെയിം നടത്തിയതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ബ്രസീലിയൻ താരമായ ഫെലിപ്പെ ലൂയിസ് വെളിപ്പെടുത്തുകയുണ്ടായി. ഏഞ്ചൽ ഡി മരിയ റയൽ മാഡ്രിഡിലും ലൂയിസ് അത്ലറ്റികോ മാഡ്രിഡിലും കളിച്ചിരുന്ന സമയത്ത് നടന്ന മാഡ്രിഡ് ഡെർബിയിൽ ഡി മരിയയെ തളർത്താൻ വേണ്ടി ഭാര്യയെ പരാമർശിച്ച് സംസാരിച്ചുവെന്നും അതിൽ തനിക്ക് വളരെയധികം കുറ്റബോധം തോന്നിയെന്നുമാണ് ലൂയിസ് പറയുന്നത്.

“ഭാര്യയെക്കുറിച്ച് സംസാരിച്ചാൽ ഡി മരിയക്ക് താളം നഷ്‌ടപ്പെടുമെന്ന സെർജിയോ അഗ്യൂറോയാണ് എന്നോട് പറഞ്ഞത്. ഞാനത് ചെയ്‌തതോടെ താരം ആകെ തളർന്നു പോയിരുന്നു. ആ മത്സരത്തിൽ എനിക്ക് ഡി മരിയയെ എളുപ്പത്തിൽ മറികടക്കാൻ കഴിഞ്ഞു, താരം മികച്ച പ്രകടനം നടത്തിയില്ല. അതിനു ശേഷം വീട്ടിലെത്തിയ എനിക്ക് വളരെയധികം നിരാശ തോന്നിയിരുന്നു. ഞാൻ ഡി മരിയയോട് ക്ഷമാപണം നടത്തുകയും ചെയ്‌തു.” ഫിലിപ്പെ ലൂയിസ് പറഞ്ഞു.

റയൽ മാഡ്രിഡ്, അത്ലറ്റികോ മാഡ്രിഡ് എന്നീ ടീമുകൾക്ക് വേണ്ടി കളിച്ച ഈ താരങ്ങളിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് ഡി മരിയ തന്നെയാണ്. 2014 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അത്ലറ്റികോ മാഡ്രിഡും റയൽ മാഡ്രിഡും നേർക്കുനേർ വന്നപ്പോൾ ഡി മരിയ മികച്ച പ്രകടനം നടത്തി റയൽ മാഡ്രിഡ് വിജയവും കിരീടവും സ്വന്തമാക്കിയിരുന്നു. അതേസമയം ആ വർഷം ലീഗ് സ്വന്തമാക്കിയ അത്ലറ്റികോ മാഡ്രിഡ് ടീമിൽ ലൂയിസ് ഉണ്ടായിരുന്നു.

ദേശീയടീമിനൊപ്പം സ്വന്തമാക്കിയ നേട്ടങ്ങളിലും ഏഞ്ചൽ ഡി മരിയ തന്നെയാണ് മുന്നിൽ നിൽക്കുന്നത്. അർജന്റീനക്കൊപ്പം അദ്ദേഹം സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയപ്പോൾ ലൂയിസിന്റെ നേട്ടങ്ങൾ ഒരു കോൺഫെഡറേഷൻസ് കപ്പും ഒരു കോപ്പ അമേരിക്കയുമാണ്. അവസാനം ഫ്‌ളമങ്ങോ ക്ലബിന് വേണ്ടി കളിച്ച താരം ഈ സീസണോടെ ഫുട്ബോൾ കരിയർ അവസാനിപ്പിച്ചിരുന്നു.

Filipe Luis Apologises To Di Maria