ഇതിനെ വിളിക്കേണ്ടത് സ്വേച്‌ഛാധിപത്യമെന്നാണ്‌, തെറ്റിനെതിരെ വിരൽ ചൂണ്ടുന്നവരെ അടിച്ചമർത്തുന്ന സ്വേച്‌ഛാധിപത്യം | AIFF

ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ച കാലം മുതൽ തന്നെ റഫറിയിങ്ങിനെതിരെ പല രീതിയിലുള്ള വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. അതിന്റെ ഏറ്റവും കൂടിയ രൂപം കണ്ടത് കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സും ബെംഗളൂരുവും തമ്മിൽ നടന്ന പ്ലേ ഓഫ് മത്സരത്തിന്റെ ഇടയിലായിരുന്നു. റഫറി ഒരു വമ്പൻ പിഴവ് വരുത്തി ബെംഗളൂരുവിനു ഗോൾ നൽകിയതിനെ തുടർന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ തന്റെ താരങ്ങളെ വിളിച്ച് മൈതാനം വിട്ട് പ്രതിഷേധം അടയാളപ്പെടുത്തിയിരുന്നു.

ആ പ്രതിഷേധത്തിന്റെ ഫലമായി ബ്ലാസ്റ്റേഴ്‌സ് പരിശീലകന് വിലക്കും പിഴയും ലഭിച്ചെങ്കിലും അതിനു പിന്നാലെ ഐഎസ്എൽ റഫറിയിങ്ങിനെതിരെ വ്യാപകമായ വിമർശനം ഉണ്ടായിരുന്നു. ഇതേതുടർന്ന് ഈ സീസൺ മുതൽ വാർ ലൈറ്റ് സംവിധാനം കൊണ്ടുവരാമെന്ന വാഗ്‌ദാനം ഉണ്ടായെങ്കിലും അതൊന്നും നടപ്പിലായില്ല. റഫറിമാരുടെ പിഴവുകൾ തുടർന്നു കൊണ്ടിരിക്കുന്നു. ഈ സീസണിലും റഫറിയിങ് പിഴവുകൾക്കെതിരെ പല ടീമുകളുടെ ആരാധകരും രംഗത്തു വരികയുണ്ടായി.

എന്നാൽ തങ്ങളുടെ ഭാഗത്തു നിന്നുമുള്ള പിഴവുകളെ മറയ്ക്കുന്നതിനു വേണ്ടി സ്വേച്ചാധിപത്യപരമായ നടപടിയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സ്വീകരിക്കുന്നതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കുറച്ചു മുൻപ് ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്ചിന് ഒരു മത്സരത്തിൽ വിലക്കും പിഴയും നൽകിയ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ നടപടിയിൽ നിന്നും ഇക്കാര്യം വ്യക്തമാണ്. ഫെഡറേഷന് എതിരെയുള്ള പ്രതിഷേധസ്വരങ്ങളെ അടിച്ചമർത്താനുള്ള ഒരു നീക്കം തന്നെയാണിത്.

മത്സരത്തിൽ റഫറി വരുത്തിയ പിഴവുകളെക്കുറിച്ച് സംസാരിച്ച ഇവാൻ വുകോമനോവിച്ച് അതിനു ശേഷം ഇതെല്ലാം പറഞ്ഞു മടുത്ത കാര്യങ്ങളാണെന്നും വെളിപ്പെടുത്തുകയുണ്ടായി. ഇങ്ങിനെയാണ്‌ മുന്നോട്ടു പോകുന്നതെങ്കിൽ ഒരു ടീം കളിക്കുന്ന മത്സരമായിരിക്കില്ല, മറിച്ച് റഫറിമാരായിരിക്കും പ്ലേ ഓഫിൽ ആരൊക്കെ എത്തുമെന്നും കിരീടം ആരൊക്കെ നേടുമെന്നും തീരുമാനിക്കുകയെന്നും തീരുമാനിക്കുകയെന്നും അദ്ദേഹം ചെന്നൈയിൻ എഫ്‌സിക്കെതിരെ നടന്ന മത്സരത്തിന് ശേഷം പറഞ്ഞിരുന്നു.

തങ്ങളുടെ പ്രതിഷേധം അറിയിച്ച ഇവാനെതിരെ ഉണ്ടായ ഈ നടപടി ഐഎസ്എല്ലിലെ എല്ലാ ടീമുകളുടെ പരിശീലകർക്കും താരങ്ങൾക്കും ഒരു മുന്നറിയിപ്പ് കൂടിയാണ്. ഐഎസ്എൽ റഫറിമാരെയും അവരുടെ തീരുമാനങ്ങളെയും വിമർശിക്കാൻ ആർക്കും കഴിയില്ലെന്നും തങ്ങളുടെ തീരുമാനം മാത്രമാണ് എല്ലായിപ്പോഴും നടപ്പിൽ വരികയെന്നും ഇതിലൂടെ അവർ വ്യക്തമാക്കുന്നു. എന്തായാലും റഫറിമാരുടെ പിഴവുകൾക്ക് ഒരു അവസാനമുണ്ടാകില്ലെന്നാണ് ഇതിൽ നിന്നും വ്യക്തമാണ്.

AIFF Strategy Clear After Ivan Suspension