ഈ വാക്കുകൾക്കാണ് ഇത്രയും വലിയ വിലക്കെങ്കിൽ അതു പ്രതികാരം തന്നെ, ഇവാൻ റഫറിമാർക്കെതിരെ പറഞ്ഞ കാര്യങ്ങൾ പുറത്ത് | Vukomanovic

കേരള ബ്ലാസ്റ്റേഴ്‌സ് ടീമും ആരാധകരും ഇവാൻ വുകോമനോവിച്ചിന് വിലക്ക് വന്ന നടപടി ഒട്ടും പ്രതീക്ഷിച്ചു കാണില്ല എന്ന കാര്യം ഉറപ്പാണ്. കുറച്ചു മുൻപാണ് ടൈംസ് ഓഫ് ഇന്ത്യയുടെ ജേർണലിസ്റ്റായ മാർക്കസ് മെർഗുലാവോ ഇവാൻ വുകോമനോവിച്ചിന് അൻപതിനായിരം രൂപ പിഴയും ഒരു മത്സരത്തിൽ വിലക്കും നൽകിയ എഐഎഫ്എഫ് അച്ചടക്കസമിതിയുടെ തീരുമാനം വെളിപ്പെടുത്തിയത്. ചെന്നൈയിൻ എഫ്‌സിക്കെതിരെ നടന്ന മത്സരത്തിന് ശേഷമുള്ള പരാമർശങ്ങളുടെ പേരിലായിരുന്നു വിലക്ക് വന്നത്.

ഇവാന് വിലക്ക് വന്നതിനു പിന്നാലെ അദ്ദേഹം റഫറിമാർക്കെതിരെ നടത്തിയ പരാമർശങ്ങൾ വിശദമായി മാധ്യമങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. മത്സരത്തിൽ റഫറിയിങ് പിഴവുകൾ നിരവധി ഉണ്ടായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. രണ്ടു ടീമുകളും അതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിച്ചപ്പോൾ മത്സരം 3-3 എന്ന നിലയിൽ സമനിലയിൽ പിരിയുകയായിരുന്നു. എന്നാൽ ഇവാന്റെ പരാമർശങ്ങൾ വിലക്ക് നൽകാൻ മാത്രം വലുതാണോ എന്നതാണ് ചിന്തിക്കേണ്ട കാര്യം.

“ആദ്യത്തെ ഗോളിന്റെ സമയത്ത് ഒരു കളിക്കാരൻ ഓഫ്‌സൈഡ് പൊസിഷനിലായിരുന്നു, മറ്റൊരു താരം ഗോൾകീപ്പറെ സ്വാധീനിക്കാനും ശ്രമിച്ചിരുന്നു. അതിലൊന്നും റഫറി യാതൊരു പ്രതികരണവും നടത്തിയില്ല. എനിക്ക് മടുത്തു, അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. രണ്ടാമത്തെ ഗോൾ വ്യക്തമായും ഒരു ഫൗളിനു ശേഷമായിരുന്നു. ലൈൻസ്‌മാൻ അടക്കമുള്ളവർ അതെങ്ങിനെ കാണാതിരിക്കും, പോസിറ്റീവായി തുടരാൻ ആഗ്രഹിച്ചിട്ടും ഞങ്ങൾ നിരാശരാണ്.”

“ഈ റഫറിമാർക്ക് ഗെയിം നിയന്ത്രിക്കാൻ കഴിവില്ല. പക്ഷെ അന്തിമമായി നോക്കുമ്പോൾ ഇത് അവരുടെ തെറ്റല്ല. ഇത് അവരെ പഠിപ്പിക്കുകയും അവർക്ക് കളിക്കളത്തിലിറങ്ങാൻ അവസരം നൽകുകയും ചെയ്യുന്നവരുടെ തെറ്റാണ്. ക്ഷമിക്കണം, പക്ഷേ ഈ വർഷം പ്ലേ ഓഫ്, കിരീടങ്ങൾ എന്നിവ ടീമുകൾ ആയിരിക്കില്ല തീരുമാനിക്കുക, അത് റഫറിമാർ തീരുമാനിക്കും. ഞങ്ങൾ ഇതിനെ കുറിച്ച് സംസാരിച്ചു മടുത്തിരിക്കുന്നു.” ഇവാൻ വുകോമനോവിച്ച് പറഞ്ഞു.

കഴിഞ്ഞ സീസണിൽ റഫറിയിങ് പിഴവ് മൂലം തിരിച്ചടികൾ നേരിട്ട ടീമാണ് ബ്ലാസ്റ്റേഴ്‌സ്. ഈ വർഷവും അതു തന്നെ നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇത്തരമൊരു പരാമർശം നടത്തിയതെന്നു വ്യക്തം. എന്നാൽ റഫറിയിങ്ങിനെക്കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്നിട്ടും അതിനെതിരെ ചെറുവിരൽ പോലും ആനക്കാതിരിക്കുന്ന എഐഎഫ്എഫ് പ്രതികരിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുക എന്ന നയമാണ് എല്ലായിപ്പോഴും സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.

Vukomanovic Remarks That Leads To AIFF Disciplinary Action