റൊണാൾഡോയുടെ ഗോൾവേട്ട, അഭിപ്രായം മാറ്റിപ്പറഞ്ഞ് അൽ നസ്ർ പരിശീലകൻ

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടിയും ലോകകപ്പിൽ പോർച്ചുഗൽ ടീമിനു വേണ്ടിയും മോശം പ്രകടനമാണ് റൊണാൾഡോ നടത്തിയത്. ലോകകപ്പിന് ശേഷം സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ആദ്യത്തെ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിരുന്നില്ല. പല മത്സരങ്ങളിലും സുവർണാവസരങ്ങൾ നഷ്‌ടപെടുത്തിയ താരത്തിന്റെ കരിയർ അവസാനിക്കാൻ തുടങ്ങുകയാണെന്ന് പലരും വിലയിരുത്തി.

ആദ്യത്തെ മത്സരം കഴിഞ്ഞപ്പോൾ തന്നെ റൊണാൾഡോക്ക് കൂടുതൽ പന്ത് നൽകുന്നതിനെ പരിശീലകനായ റൂഡി ഗാർസിയ എതിർത്തിരുന്നു. റൊണാൾഡോ ബോക്‌സിൽ നിൽക്കുമ്പോൾ പന്ത് നൽകാൻ തോന്നുന്നത് സ്വാഭാവികമായ കാര്യമാണെങ്കിലും അതിൽ ഉചിതമായ തീരുമാനം താരങ്ങൾ എടുക്കണമെന്നാണ് പരിശീലകൻ പറഞ്ഞത്. താരങ്ങളെ എങ്ങിനെ കളിപ്പിക്കണമെന്ന കാര്യത്തിൽ കൂടുതൽ ചിന്തിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്തായാലും കഴിഞ്ഞ മത്സരത്തിൽ നാല് ഗോളുകൾ നേടി തനിക്ക് നേരെയുള്ള വിമർശനങ്ങൾ മുഴുവൻ ഇല്ലാതാക്കിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ടീമുമായി ഒത്തിണക്കം വന്നു തുടങ്ങിയാൽ ഗോളുകളും വരുമെന്ന് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. ഇതോടെ താരത്തിന്റെ കാര്യത്തിൽ നേരത്തെ ടീമിലെ താരങ്ങൾക്ക് നൽകിയ നിർദ്ദേശം മാറ്റിയിരിക്കുകയാണ് അൽ നസ്ർ പരിശീലകൻ. താരം ടീമുമായി ഇണങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.

“ടീമുമായി ഒത്തിണക്കം വരുന്നതിന്റെ ഏറ്റവും ഉയർന്ന തലത്തിലേക്ക് റൊണാൾഡോ എത്തിയിട്ടുണ്ട്. കൂടുതൽ മത്സരങ്ങൾ ഒപ്പം കളിച്ചപ്പോൾ സഹതാരങ്ങൾക്ക് മനസിലായി എന്താണ് താരത്തിനു വേണ്ടതെന്നും എപ്പോഴാണ് റൊണാൾഡോ ഗോൾ നേടുകയെന്നും. ഈ മത്സരത്തിൽ നാല് ഗോളുകൾ നേടിയതിനാൽ തന്നെ റൊണാൾഡോക്കൊരു ശുഭരാത്രി ആയിരിക്കുമെന്ന് തോന്നുന്നു.” മത്സരത്തിന് ശേഷം മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.

റൊണാൾഡോ ഇപ്പോഴും ഗോൾമുഖത്ത് അപകടകാരിയാണെന്നും താരത്തിന് കൂടുതൽ പന്ത് നൽകുന്നതിൽ കുഴപ്പമില്ലെന്നുമാണ് പരിശീലകൻ ഇതിലൂടെ ഉദ്ദേശിച്ചതെന്ന് വ്യക്തമാണ്. എന്തായാലും കഴിഞ്ഞ മത്സരത്തിലെ പ്രകടനം റൊണാൾഡോക്കും അൽ നസ്ർ ടീമിനും കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണ്. ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ടീമിന് കിരീടം നേടാമെന്ന പ്രതീക്ഷ താരം നൽകുന്നു.