മെസിക്ക് ശേഷം എംബാപ്പെ ബാലൺ ഡി ഓറുകൾ വാരിക്കൂട്ടും, ഫ്രഞ്ച് താരത്തെ പ്രശംസിച്ച് എമിലിയാനോ മാർട്ടിനസ്

ഖത്തർ ലോകകപ്പിന് ശേഷം എമിലിയാനോ മാർട്ടിനസും കിലിയൻ എംബാപ്പയും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. അർജന്റീനയുടെ ഫൈനൽ വിജയത്തിന് ശേഷം എമിലിയാനോ മാർട്ടിനസ് എംബാപ്പക്കെതിരെ നിരവധി അധിക്ഷേപങ്ങൾ നടത്തിയതാണ് വാർത്തകളിൽ ഇടം പിടിക്കാൻ കാരണമായത്. ലോകകപ്പിൽ അർജന്റീനയുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ച താരമാണ് എമിലിയാനോ മാർട്ടിനസെങ്കിലും താരത്തിന് നേരെ രൂക്ഷമായ വിമർശനങ്ങലാണ് അതിനു ശേഷം ഉണ്ടായത്.

ലോകകപ്പിന് ശേഷം എംബാപ്പയെ കളിയാക്കിയെങ്കിലും താരവുമായി യാതൊരു പ്രശ്‌നവും തനിക്കില്ലെന്നാണ് എമിലിയാനോ മാർട്ടിനസ് പറയുന്നത്. എംബാപ്പയോടെ വളരെയധികം ബഹുമാനം തനിക്കുണ്ടെന്നു പറഞ്ഞ എമിലിയാനോ മാർട്ടിനസ് താരം ഫൈനലിൽ തനിക്കെതിരെ നാല് ഗോളുകൾ നേടിയ കാര്യവും ഓർമിപ്പിച്ചു. മെസിയുടെ കാലം കഴിഞ്ഞാൽ താരം നിരവധി ബാലൺ ഡി ഓർ നേട്ടങ്ങൾ സ്വന്തമാക്കുമെന്നും എമിലിയാനോ മാർട്ടിനസ് വ്യക്തമാക്കി.

“എനിക്കെങ്ങിനെയാണ് എംബാപ്പയെ കളിയാക്കാൻ കഴിയുക? താരം നാല് ഗോളുകളാണ് എനിക്കെതിരെ ഫൈനലിൽ നേടിയത്, നാല് ഗോളുകൾ. ഞാൻ അവന്റെ പാവയാണെന്നാവും എംബാപ്പെ കരുതിയിട്ടുണ്ടാവുക. എനിക്ക് എംബാപ്പയോട് വളരെയധികം ബഹുമാനമുണ്ടെന്ന് ഞാൻ വീണ്ടും ആവർത്തിക്കുന്നു. ഒരു കാര്യം കൂടി ഞാൻ പറയാം, ഞാൻ കണ്ടതിൽ വെച്ചേറ്റവും മികച്ച ഫ്രഞ്ച് താരം എംബാപ്പയാണ്.” മാർട്ടിനസ് പറഞ്ഞു.

ഇതുപോലെയുള്ള വിജയങ്ങൾ ഉണ്ടാകുമ്പോൾ എതിർടീമിലെ താരങ്ങൾക്കെതിരെ ഇത്തരം ചാന്റുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ഫ്രാൻസ് 2018ൽ അർജന്റീനയോട് വിജയം നേടിയപ്പോൾ ലയണൽ മെസിക്കെതിരെ ചാന്റുകൾ ഉണ്ടായിട്ടുണ്ടെന്നും എമിലിയാനോ പറഞ്ഞു. ഫൈനൽ ഏറെക്കുറെ ഒറ്റക്ക് വിജയിപ്പിക്കുന്നതിന്റെ തൊട്ടരികിൽ എത്തിയെന്ന് എംബാപ്പയോട് താൻ പറഞ്ഞുവെന്നും മെസിയുടെ കാലം കഴിഞ്ഞാൽ താരം ബാലൺ ഡി ഓർ നേട്ടങ്ങൾ വാരിക്കൂട്ടുമെന്നും എമിലിയാനോ കൂട്ടിച്ചേർത്തു.

എംബാപ്പയെ എമിലിയാനോ ലോകകപ്പിന് ശേഷം കളിയാക്കിയെങ്കിലും അതെല്ലാം ഫൈനലിന് ശേഷം സ്വാഭാവികമായി സംഭവിച്ച കാര്യങ്ങളാണെന്നും അതിൽ യാതൊരു വ്യക്തിപരമായ പ്രശ്‌നങ്ങളില്ലെന്നും താരത്തിന്റെ പ്രതികരണം ആരാധകർ നല്ല രീതിയിലാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. പ്രകോപനകരമായ ആംഗ്യം ഇനി കാണിക്കില്ലെന്നും എമിലിയാനോ മാർട്ടിനസ് പറഞ്ഞിരുന്നു.