റൊണാൾഡോ സൗദിയിൽ നിന്നും പുറത്താക്കപ്പെടുമോ, വിശദീകരണം നൽകി അൽ നസ്ർ | Cristiano Ronaldo
ഫുട്ബോൾ ലോകത്ത് പലപ്പോഴും വിവാദങ്ങൾ സൃഷ്ടിച്ചിട്ടുള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ ദിവസം അൽ ഹിലാലുമായി നടന്ന മത്സരത്തിൽ തോൽവി വഴങ്ങിയതിനു പിന്നാലെ മറ്റൊരു വിവാദത്തിൽ കൂടി റൊണാൾഡോ അകപ്പെട്ടു. മത്സരത്തിന് ശേഷം ഡ്രസിങ് റൂമിലേക്ക് പോവുകയായിരുന്ന റൊണാൾഡോക്കു നേരെ അൽ ഹിലാൽ ആരാധകർ മെസി ചാന്റുകൾ നടത്തിയിരുന്നു. ഇതിൽ വളരെയധികം പ്രകോപിതനായ താരം അശ്ലീല ആംഗ്യം കാണിച്ചാണ് മൈതാനം വിട്ടത്.
പൊതുസ്ഥലത്ത് വെച്ച് അശ്ലീലപരമായ ആംഗ്യം കാണിച്ച റൊണാൾഡൊക്കെതിരെ ശക്തമായ പ്രതിഷേധമാണ് സൗദി അറേബ്യയിൽ ഉയർന്നു കൊണ്ടിരിക്കുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളാണെങ്കിലും ഒരു രാജ്യത്തിലെ നിയമങ്ങൾ അതിനേക്കാൾ പ്രധാനപ്പെട്ടതാണെന്നും അതു ലംഘിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദിയിൽ നിന്നും ഒഴിവാക്കണമെന്നാണ് താരത്തിനെതിരെ പ്രതിഷേധം നടത്തുന്നവർ ആവശ്യപ്പെടുന്നത്.
Ronaldo's reaction in today's game when the opponent's fans were chanting Messi's name 😂pic.twitter.com/5GNOQREnCA
— Jan (@FutbolJan10) April 18, 2023
അതേസമയം സംഭവത്തിൽ റൊണാൾഡോയുടെ ക്ലബായ അൽ നസ്ർ കഴിഞ്ഞ ദിവസം പ്രതികരണം അറിയിച്ചിട്ടുണ്ട്. ആരാധകർക്കെതിരായ പ്രതിഷേധമെന്ന രീതിയിലല്ല റൊണാൾഡോ ആ ആംഗ്യം കാണിച്ചതെന്നും മത്സരത്തിനിടെ അൽ ഹിലാൽ താരവുമായി കൂട്ടിയിടിച്ച് താരത്തിന്റെ സ്വകാര്യഭാഗത്ത് പരിക്ക് പറ്റിയതിന്റെ അസ്വസ്ഥതയാണ് താരം കാണിച്ചതെന്നുമാണ് സൗദി ക്ലബിന്റെ ഭാഗത്തു നിന്നുമുണ്ടായ പ്രതികരണം.
Awkward gesture from football sensation led to calls for him to be expelled from Saudi Arabia#GeoNewshttps://t.co/msyx9SoWsB
— Geo News Sport (@geonews_sport) April 19, 2023
അതേസമയം മത്സരത്തിൽ റൊണാൾഡോ വളരെയധികം അസ്വസ്ഥനായിരുന്നു എന്നത് തീർച്ചയാണ്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ റൊണാൾഡോ അൽ ഹിലാലിന്റെ ഒരു താരത്തെ റെസ്ലിങ് താരങ്ങളെ പോലെ വലിച്ചിട്ടിരുന്നു. ഇതേ തുടർന്ന് റൊണാൾഡോക്ക് റഫറി മഞ്ഞക്കാർഡ് നൽകുകയും ചെയ്തു. ഈ ഫൗളിലാണ് റൊണാൾഡോക്ക് പരിക്ക് പറ്റിയതെന്നാണ് അൽ നസ്റിന്റെ പ്രസ്താവന വ്യക്തമാക്കുന്നത്.
സൗദിയിൽ എത്തിയതിനു ശേഷം മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ഇതുപോലെ വിവാദങ്ങൾ ഉണ്ടാകുന്നത് താരത്തിന് തിരിച്ചടിയാണ്. റൊണാൾഡോ എത്തിയതോടെ ഈ സീസണിൽ കിരീടങ്ങൾ സ്വന്തമാക്കാമെന്ന പ്രതീക്ഷ അൽ നസ്റിന് ഉണ്ടായിരുന്നെങ്കിലും സൗദി കപ്പിൽ നിന്നും പുറത്തായ ടീമിന് ഇപ്പോൾ ലീഗ് കിരീടവും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന നിലയിലാണ് നിൽക്കുന്നത്.
Content Highlights: Al Nassr Reacts To Calls For Cristiano Ronaldo To Be Expelled From Saudi