ഗ്വാർഡിയോളക്ക് അവിശ്വസനീയ റെക്കോർഡ്, ഇനി ലക്‌ഷ്യം ചാമ്പ്യൻസ് ലീഗ് കിരീടം | Pep Guardiola

ബാഴ്‌സലോണയിൽ നിന്നും പോയതിനു ശേഷം ബയേൺ മ്യൂണിക്ക്, മാഞ്ചസ്റ്റർ സിറ്റി എന്നീ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ള ഗ്വാർഡിയോള അവരെക്കൊണ്ട് മികച്ച പ്രകടനം നടത്തിച്ചിട്ടുണെങ്കിലും ഇതുവരെയും ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. ബാഴ്‌സലോണക്കൊപ്പം രണ്ടു ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുണ്ടെങ്കിലും അതിനു ശേഷം മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ഒരിക്കൽ ഫൈനലിൽ എത്തിയതാണ് ഗ്വാർഡിയോളയുടെ ഏറ്റവും മികച്ച നേട്ടം.

എന്നാൽ ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ കിരീടപ്രതീക്ഷയുമായാണ് മാഞ്ചസ്റ്റർ സിറ്റി നിൽക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ ബയേൺ മ്യൂണിക്കിനോട് സമനില വഴങ്ങിയെങ്കിലും ആദ്യപാദത്തിൽ നേടിയ മികച്ച വിജയം മാഞ്ചസ്റ്റർ സിറ്റിക്ക് തുണയായി. ആദ്യപാദത്തിൽ മൂന്നു ഗോളിന്റെ വിജയം മാഞ്ചസ്റ്റർ സിറ്റി സ്വന്തം മൈതാനത്ത് നേടിയപ്പോൾ രണ്ടാം പാദത്തിൽ രണ്ടു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയാണുണ്ടായത്.

തന്റെ മുൻ ക്ലബായ ബയേൺ മ്യൂണിക്കിനെ മറികടന്ന് സെമി ഫൈനലിൽ എത്തിയതോടെ കരിയറിൽ പത്ത് സീസണുകളിൽ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിൽ എത്തുന്ന ആദ്യത്തെ പരിശീലകനെന്ന റെക്കോർഡ് ഗ്വാർഡിയോള സ്വന്തമാക്കി. ബാഴ്‌സലോണക്കൊപ്പം നാല് തവണയും ബയേൺ മ്യൂണിക്ക്, മാഞ്ചസ്റ്റർ സിറ്റി എന്നീ ടീമുകൾക്കൊപ്പം മൂന്നു തവണയുമാണ് ഗ്വാർഡിയോള ചാമ്പ്യൻസ് ലീഗിന്റെ സെമിയിൽ എത്തിയത്.

ഇത്തവണ ചാമ്പ്യൻസ് ലീഗിന്റെ സെമിയിൽ എത്തിയെങ്കിലും വലിയ പോരാട്ടം തന്നെയാണ് മാഞ്ചസ്റ്റർ സിറ്റിയെ കാത്തിരിക്കുന്നത്. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളും ചാമ്പ്യൻസ് ലീഗിൽ വമ്പൻ റെക്കോർഡ് കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന റയൽ മാഡ്രിഡാണ് മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനോട് തോൽവി വഴങ്ങി പുറത്തു പോയതിന്റെ പ്രതികാരവും മാഞ്ചസ്റ്റർ സിറ്റിക്ക് നടത്തേണ്ടതുണ്ട്.

Content Highlights: Pep Guardiola Reached 10 Champions League Semi Finals