മിന്നും പ്രകടനം, ഇന്ററിനെ ചാമ്പ്യൻസ് ലീഗ് സെമിയിലെത്തിച്ച് ലൗടാരോ മാർട്ടിനസ് | Lautaro Martinez

ഖത്തർ ലോകകപ്പിൽ മികച്ച പ്രകടനം നടത്തുമെന്ന് ആരാധകർ പ്രതീക്ഷിക്കുകയും എന്നാൽ നിരാശപ്പെടുത്തുകയും ചെയ്‌ത ഒരേയൊരു അർജന്റീന താരമേയുള്ളൂ. ടീമിന്റെ പ്രധാന സ്‌ട്രൈക്കറായിരുന്ന ലൗടാരോ മാർട്ടിനസ്. അതുവരെ മികച്ച പ്രകടനം നടത്തിയിരുന്ന താരം ലോകകപ്പിൽ നിറം മങ്ങുകയും ഒടുവിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ഹൂലിയൻ അൽവാരസ് ടീമിന്റെ പ്രധാന സ്‌ട്രൈക്കറായി സ്ഥാനം നേടിയെടുക്കുകയും ചെയ്‌തു.

എന്നാൽ അർജന്റീനക്കായി നിറം മങ്ങിയെങ്കിലും ലോകകപ്പിന് ശേഷം ക്ലബ് തലത്തിൽ അതിഗംഭീര പ്രകടനമാണ് ലൗടാരോ മാർട്ടിനസ് നടത്തിയത്. സീരി എയിൽ ഗോളുകൾ അടിച്ചു കൂട്ടുന്ന താരത്തിന്റെ കൂടി മികവിലിപ്പോൾ ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിലും എത്തിയിട്ടുണ്ട്. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനൽ രണ്ടാം പാദ മത്സരത്തിൽ ബെൻഫിക്കയോട് സമനില വഴങ്ങിയെങ്കിലും ആദ്യപാദത്തിലെ രണ്ടു ഗോൾ വിജയം ഇന്ററിനെ തുണച്ചു.

ഇന്ററിന്റെ മൈതാനത്ത് ഇന്നലെ നടന്ന മത്സരത്തിൽ രണ്ടു ടീമുകളും മൂന്നു ഗോളുകൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. മത്സരത്തിന്റെ എൺപത്തിയാറാം മിനുട്ട് വരെയും ഇന്റർ മിലാൻ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മുന്നിലായിരുന്നെങ്കിലും അതിനു ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് ബെനഫിക സമനില നേടിയത്. എന്നാൽ ഈ സീസണിൽ പോർച്ചുഗീസ് ക്ലബ് നടത്തിയ മികച്ച പ്രകടനം ക്വാർട്ടർ ഫൈനലിൽ അവസാനിച്ചു.

അതേസമയം ഇന്റർ മിലാനായി ഗംഭീര പ്രകടനമാണ് ലൗറ്റാറോ മാർട്ടിനസ് നടത്തിയത്. ബാരെല്ല നേടിയ ആദ്യത്തെ ഗോളിന് വഴിയൊരുക്കിയ അർജന്റൈൻ താരം രണ്ടാം പകുതിയിൽ ഒരു ഗോൾ നേടുകയും ചെയ്‌തു. ഇതിനു പുറമെ രണ്ടു കീ പാസുകളും താരം മത്സരത്തിൽ നൽകി. മത്സരത്തിൽ ഇന്റർ മിലാണ് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരം തന്നെയാണ് മാൻ ഓഫ് ദി മാച്ചും നേടിയത്.

ക്വാർട്ടർ ഫൈനലിൽ വിജയിച്ച ഇന്റർ മിലാൻ സെമിയിൽ എസി മിലാനെയാണ് നേരിടുക. രണ്ടു ടീമുകളെ സംബന്ധിച്ചും നിരവധി വർഷങ്ങൾക്ക് ശേഷം ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ കളിക്കാനുള്ള അവസരമാണ് വന്നു ചേർന്നിരിക്കുന്നത്. ആ മത്സരം മിലാൻ ഡെർബി കൂടിയാണെന്നിരിക്കെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ തീ പാറുമെന്നുറപ്പാണ്.

Content Highlights: Lautaro Martinez Goal And Assist Against Benfica