ലോകകപ്പിലെ അവിശ്വസനീയ ഗോൾ മെസിയും സ്‌കലോണിയും നേരത്തെ പ്ലാൻ ചെയ്‌തതെന്ന്‌ അർജന്റീന താരം | Lionel Messi

ഖത്തർ ലോകകപ്പിൽ സൗദിക്കെതിരെ നടന്ന ആദ്യമത്സരത്തിലെ തോൽവിക്ക് ശേഷം അർജന്റീന പുറത്തെടുത്ത പ്രകടനം ആരാധകർക്ക് തന്നെ അവിശ്വസനീയമായ ഒന്നായിരുന്നു. ഓരോ മത്സരത്തിലും കൂടുതൽ ശക്തി പ്രാപിച്ച അർജന്റീന ടീം രണ്ടു അതിനു ശേഷം പരിപൂർണമായ ആത്മവിശ്വാസമാണ് കളിക്കളത്തിൽ കാണിച്ചത്. ഒടുവിൽ മുപ്പത്തിയാറു വർഷത്തിന് ശേഷം ഖത്തറിന്റെ മണ്ണിൽ ലോകകപ്പ് ഉയർത്താനും അവർക്ക് കഴിഞ്ഞു.

ഖത്തർ ലോകകപ്പിൽ ലയണൽ മെസി ടീമിനെ മുന്നിൽ നിന്നും നയിക്കുന്ന പ്രകടനമാണ് നടത്തിയത്. സ്‌കലോണിയാണ് ടീമിന്റെ പദ്ധതികൾ കൃത്യമായി തയ്യാറാക്കിയതെന്നാണ് ഏവരും കരുതിയതെങ്കിലും ലയണൽ മെസിക്കും അതിൽ പങ്കുണ്ടായിരുന്നുവെന്നാണ് ടീമിലെ സഹതാരമായ നാഹ്വൽ മോളിന പറയുന്നത്. ഹോളണ്ടിനെതിരെ നടന്ന മത്സരത്തിൽ മെസിയുടെ അസിസ്റ്റിൽ നേടിയ ഗോളിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് താരം ഇത് വെളിപ്പെടുത്തിയത്.

“ഹോളണ്ടിനെതിരായ മത്സരത്തിന് മുൻപ് തന്ത്രങ്ങൾ തയ്യാറാക്കുന്ന സെഷനിൽ സ്‌കലോണി ഞങ്ങളോട് വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നത് എന്റെ പൊസിഷനിലെ മാറ്റം കൃത്യമായി ശ്രദ്ധിച്ചു മുന്നോട്ടു പോകണമെന്നായിരുന്നു. ഞങ്ങൾ ഒരുമിച്ചു പ്രാക്റ്റിസ് ചെയ്യുമ്പോൾ ലയണൽ മെസി അതുവരെ ഇല്ലാതിരുന്ന തരത്തിലുള്ള പാസുകളാണ് എനിക്ക് നൽകിയിരുന്നത്.”

“അതിനു ശേഷം ഒരുമിച്ചിരിക്കുമ്പോൾ നാളെ എന്റെ ഏരിയയിൽ നിന്നും ഒരു ഗോൾ നേടുമെന്ന് പറഞ്ഞാണ് മെസി പോയത്. മത്സരത്തിന്റെ ദിവസം മെസിയും ലയണൽ സ്‌കലോണിയും മോളിനയുടെ പൊസിഷനിൽ നിന്നും ഗോൾ നേടുമെന്നും അത് നേടണമെന്നും പറഞ്ഞു കൊണ്ടിരുന്നു. ഇന്നാണല്ലോ ആ ദിവസമെന്ന് ആലോചിച്ച് ഞാൻ ഒന്ന് വിറക്കുകയും ചെയ്‌തു.” കഴിഞ്ഞ ദിവസം മോളിന പറഞ്ഞു.

എന്തായാലും ആ പദ്ധതി അർജന്റീന വളരെ കൃത്യമായി നടപ്പിലാക്കി. ലയണൽ മെസി നൽകിയ അസാധ്യമായ ഒരു പാസിലാണ് മോളിന ഗോൾ നേടുന്നത്. മത്സരത്തിൽ അർജന്റീന രണ്ടു ഗോളിന് മുന്നിലെത്തിയതിനു ശേഷം ഹോളണ്ട് തിരിച്ചടിച്ചെങ്കിലും ഷൂട്ടൗട്ട് വരെ നീണ്ടുപോയ മത്സരത്തിൽ എമിലിയാനോ മാർട്ടിനസ് ഹീറോയായി അർജന്റീന വിജയം നേടുകയായിരുന്നു.

Content Highlights: Lionel Messi Planned That Goal Against Netherlands Says Molina