
റൊണാൾഡോക്കൊപ്പം അർജന്റീന സൂപ്പർസ്ട്രൈക്കറെ അണിനിരത്താൻ അൽ നസ്ർ ഒരുങ്ങുന്നു
ലോകഫുട്ബോളിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കി ലോകത്തെ ഞെട്ടിച്ചവരാണ് സൗദി അറേബ്യൻ ക്ലബായ അൽ നസ്ർ. ലോകത്തിൽ തന്നെ ഏറ്റവും പ്രതിഫലം പറ്റുന്ന ഫുട്ബോൾ താരമാക്കി റൊണാൾഡോയെ മാറ്റിയാണ് അവർ ട്രാൻസ്ഫർ പൂർത്തിയാക്കിയത്. റിപ്പോർട്ടുകൾ പ്രകാരം സ്പോൺസർഷിപ്പ് ഡീലുകൾ ഉൾപ്പെടെ ഇരുനൂറു മില്യൺ യൂറോയാണ് താരത്തിനായി അൽ നസ്ർ പ്രതിവർഷം പ്രതിഫലമായി നൽകുക. മുപ്പത്തിയെട്ടാം വയസിലാണ് ലോകത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമായി റൊണാൾഡോ മാറിയതെന്നത് താരത്തിന്റെ ബ്രാൻഡ് മൂല്യം തെളിയിക്കുന്നു.
അതേസമയം റൊണാൾഡോ ട്രാൻസ്ഫറിൽ മാത്രം ഒതുങ്ങാൻ സൗദി അറേബ്യൻ ക്ലബ് തയ്യാറല്ലെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടിഎംഡബ്ള്യുവിന്റെ റിപ്പോർട്ടുകൾ പ്രകാരം റൊണാൾഡോക്ക് പങ്കാളിയായി അർജന്റീന സ്ട്രൈക്കറായ മൗറോ ഇകാർഡിയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ അൽ നസ്ർ ആരംഭിച്ചു കഴിഞ്ഞു. നിലവിൽ തുർക്കിഷ് ക്ലബായ ഗളത്സരയിൽ കളിക്കുന്ന ഇകാർഡി ജനുവരിയിൽ ക്ലബ് വിടുമെന്ന റിപ്പോർട്ടുകളുണ്ട്. അർജന്റീന ലീഗിലെ ക്ലബായ നെവെൽസ് ഓൾഡ് ബോയ്സിലേക്കാണ് ഇകാർഡി ചേക്കേറാൻ തയ്യാറെടുക്കുന്നത്.

എന്നാൽ നെവെൽസ് ഓൾഡ് ബോയ്സിലേക്ക് ചേക്കേറാനുള്ള ഇകാർഡിയുടെ നീക്കം തടഞ്ഞ് താരത്തിനു മികച്ച ഓഫർ നൽകാനുള്ള ശ്രമത്തിലാണ് സൗദി അറേബ്യൻ ക്ലബ്. ഒരു കാലത്ത് യൂറോപ്പിലെ ഏറ്റവും മികച്ച സ്ട്രൈക്കറായിരുന്നുവെങ്കിലും അച്ചടക്കമില്ലാത്ത ജീവിതശൈലിയും സ്വകാര്യപ്രശ്നങ്ങളും ഇകാർഡിയുടെ കരിയറിനെ ബാധിച്ചിരുന്നു. ഇന്റർ മിലൻറെ നായകനായി തിളങ്ങിയ താരം അവിടം വിട്ടതിനു ശേഷം പിന്നീടൊരു ക്ലബിലും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ല. തന്റെ കരിയർ കുറച്ചെങ്കിലും തിരിച്ചു പിടിക്കാൻ ഇകാർഡിക്ക് ഇത് അവസരം നൽകും.
— Transfer News Live (@DeadlineDayLive) December 31, 2022
Cristiano Ronaldo's new club Al-Nassr are interested in Mauro Icardi.
(Source: @TuttoMercatoWeb) pic.twitter.com/nGiyEZeXL5
നിലവിൽ തന്നെ യൂറോപ്യൻ ഫുട്ബോളിൽ കഴിവ് തെളിയിച്ച നിരവധി താരങ്ങൾ അൽ നസ്ർ ക്ലബിൽ കളിക്കുന്നുണ്ട്. ഇകാർഡി മാത്രമല്ല അവരുടെ പട്ടികയിലുള്ള താരങ്ങൾ. റിപ്പോർട്ടുകൾ പ്രകാരം മുൻ റയൽ മാഡ്രിഡ് നായകൻ സെർജിയോ റാമോസ്, ചെൽസി താരം എൻഗോളോ കാന്റെ എന്നിവരെയും അൽ നസ്ർ സ്വന്തമാക്കാൻ ശ്രമം നടത്തുന്നുണ്ട്. ഏഷ്യൻ ഫുട്ബോളിൽ വലിയ ശക്തികളായി മാറാൻ അവർ നടത്തുന്ന ശ്രമം ഏഷ്യൻ ഫുട്ബോളിന് മുഴുവനായും ഉണർവ് നൽകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.