മെസിയും റൊണാൾഡോയും ഒരുമിച്ച് കളത്തിലിറങ്ങും, മത്സരം ഈ മാസം തന്നെ

യൂറോപ്പ് വിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയതോടെ ഇനി ക്ലബ് തലത്തിലെ വമ്പൻ പോരാട്ടങ്ങളിൽ താരത്തെ കാണാൻ കഴിയില്ലെന്നു കരുതി ആരാധകർ നിരാശയിലായിരുന്നു. എന്നാൽ ഫുട്ബോൾ ആരാധകരുടെ തന്നെ ആവേശമുയർത്തി ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള മത്സരം നടക്കാൻ പോവുകയാണെന്നാണ് ഏറ്റവും പുതിയ വാർത്ത. ഈ മാസം തന്നെ ഫുട്ബോൾ ലോകത്തെ സൂപ്പർതാരങ്ങളെ ഒരുമിച്ച് കളിക്കളത്തിൽ കാണാൻ കഴിയുമെന്നതാണ് അതിൽ പ്രധാനപ്പെട്ട കാര്യം.

ലയണൽ മെസിയുടെ ക്ലബായ പിഎസ്‌ജി ഈ മാസം സൗദി അറേബ്യയിൽ നടത്തുന്ന പര്യടനത്തിൽ ഒരു സൗഹൃദമത്സരം കളിക്കുന്നുണ്ട്. സൗദിയിലെ പ്രധാന ക്ലബുകളായ അൽ ഹിലാൽ, അൽ നസ്ർ എന്നിവർ ചേർന്ന ഇലവനാണ് ഈ മത്സരത്തിൽ പിഎസ്‌ജിക്കെതിരെ കളിക്കുക. 19നാണു മത്സരം. ജേർണലിസ്റ്റ് അഷ്‌റഫ് ബെൻ അയാദാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2022ന്റെ തുടക്കത്തിൽ ഈ മത്സരം കളിക്കാനായിരുന്നു പദ്ധതി എങ്കിലും കോവിഡ് പ്രശ്‌നങ്ങൾ കാരണം അത് മാറ്റി വെക്കുകയായിരുന്നു. മത്സരം മാറ്റി വെച്ചത് ഫുട്ബോൾ ആരാധകർക്ക് അനുഗ്രഹമായിരിക്കുകയാണ്.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ വെള്ളിയാഴ്‌ച അൽ നസ്ർ സ്വന്തമാക്കിയതിനു പിന്നാലെയാണ് ഈ മത്സരത്തിന്റെ വിവരങ്ങൾ പുറത്തു വന്നത്. ഇതിനു മുൻപ് റൊണാൾഡോ യുവന്റസിലും മെസി ബാഴ്‌സലോണയിൽ കളിക്കുന്ന സമയത്താണ് ഈ രണ്ടു താരങ്ങളും തമ്മിൽ അവസാനമായി ഏറ്റുമുട്ടിയത്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ നടന്ന മത്സരത്തിൽ യുവന്റസ് എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം നേടിയപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ടഗോളുകളുമായി തിളങ്ങിയിരുന്നു. യൂറോപ്പ് വിട്ടെങ്കിലും തനിക്ക് ഏറ്റവും മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് റൊണാൾഡോക്ക് തെളിയിക്കാനുള്ള അവസരം കൂടിയാണ് ഈ മത്സരം.

ലോകകപ്പിന്റെ ആഘോഷങ്ങൾ കഴിഞ്ഞതിനു പിന്നാലെയാണ് ഫുട്ബോൾ ആരാധകരെ തേടി സന്തോഷവാർത്തയെത്തിയത്. ലോകകപ്പിൽ ലയണൽ മെസി കിരീടം നേടിയതിനു ശേഷം രണ്ടു താരങ്ങളും ആദ്യമായി ഏറ്റുമുട്ടുന്ന മത്സരം കൂടിയായിരിക്കുമത്. നേരത്തെ മെസി, റൊണാൾഡോ എന്നിവരെ ഒരുപോലെയാണ് ഫുട്ബോൾ ലോകം പരിഗണിച്ചിരുന്നതെങ്കിലും ലോകകപ്പ് നേട്ടത്തോടെ മെസി റൊണാൾഡോയെക്കാൾ ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞിരിക്കുന്നു. മെസിയുടെ കിരീടനേട്ടത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ലാത്ത റൊണാൾഡോ എങ്ങനെയാകും താരത്തെ സ്വീകരിക്കുകയെന്നറിയാനും ആരാധകർ കാത്തിരിക്കുന്നു.