29 ക്ലബുകൾ ചേർന്ന് മെസിയുടെ പ്രതിഫലം നൽകും, ഫുട്ബോൾ ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത കരാർ അണിയറയിൽ ഒരുങ്ങുന്നു
ലയണൽ മെസിയുടെ ഭാവിയിൽ അനിശ്ചിതത്വം തുടരുന്നതിനാൽ തന്നെ നിരവധി ക്ലബുകൾ താരത്തിനായി ശ്രമം നടത്തുന്നുണ്ട്. പിഎസ്ജി കരാർ താരം പുതുക്കും എന്നാണു പ്രതീക്ഷിച്ചതെങ്കിലും ഇതുവരെയും അതിനു തയ്യാറാകാത്തതാണ് ക്ലബുകൾക്ക് പ്രതീക്ഷ നൽകുന്നത്. ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തെ തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ കഴിയുമോയെന്ന് യൂറോപ്പിലെയും അതിനു പുറത്തുള്ള ലീഗുകളിലെയും ക്ലബുകൾ ഉറ്റുനോക്കുന്നുണ്ട്.
മെസിയെ സ്വന്തമാക്കാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കുന്ന ക്ലബുകളിൽ ഒന്നാണ് അമേരിക്കൻ ലീഗിലെ ക്ലബായ ഇന്റർ മിയാമി. എന്നാൽ അവർക്ക് വെല്ലുവിളിയായി സൗദി ലീഗ് ഉയർന്നു വരുന്നുണ്ട്. റൊണാൾഡോയെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലം നൽകി അൽ നസ്ർ സ്വന്തമാക്കിയിരുന്നു. ഇതിന്റെ ചുവടു പിടിച്ച് ലയണൽ മെസിയെ അതിലുമുയർന്ന പ്രതിഫലം നൽകി സ്വന്തമാക്കാൻ അവിടെയുള്ള മറ്റു ക്ലബുകൾ ശ്രമം തുടങ്ങിയിട്ടുണ്ട്.
Lionel Messi isn’t short of options in the MLS 😅
— GOAL News (@GoalNews) March 28, 2023
പ്രതിഫലത്തിന്റെ കാര്യത്തിൽ സൗദി ലീഗിന്റെ വെല്ലുവിളി അവസാനിപ്പിക്കാൻ പുതിയൊരു പദ്ധതി അമേരിക്കൻ ലീഗ് ആവിഷ്കരിച്ചിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം നടന്ന മീറ്റിങ്ങിൽ ലയണൽ മെസി അമേരിക്കൻ ലീഗിലേക്ക് വന്നാൽ താരത്തിന്റെ പ്രതിഫലം അവിടെയുള്ള ഇരുപത്തിയൊമ്പതു ക്ലബുകളും ചേർന്ന് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ആഴ്ചയിൽ ഒരു മില്യൺ പ്രതിഫലമാണ് താരത്തിന് നൽകാൻ ഉദ്ദേശം. ഏതു ക്ലബ്ബിലേക്ക് ചേക്കേറണമെന്ന് മെസിക്ക് തീരുമാനിക്കാം.
ലയണൽ മെസി അമേരിക്കൻ ലീഗിലെ ഏതു ക്ലബ്ബിലേക്ക് വന്നാലും അതിന്റെ ഗുണം മറ്റു ക്ളബുകൾക്കും ഉണ്ടാകുമെന്നതാണ് ഇങ്ങിനെയൊരു പദ്ധതി ആവിഷ്കരിക്കാൻ കാരണം. മെസിയുടെ ടീമിനെതിരെ ആരു കളിച്ചാലും കൂടുതൽ ടിക്കറ്റുകൾ വിറ്റു പോകുമെന്നുറപ്പാണ്. ഇതിനു പുറമെ ടെലികാസ്റ്റ് വരുമാനവും മറ്റു സ്പോൺസർഷിപ്പ് വഴിയുള്ള വരുമാനവുമെല്ലാം മെസിയുടെ വരവോടെ വർധിക്കുന്നത് ക്ലബുകൾക്ക് ഗുണം ചെയ്യുമെന്നുറപ്പാണ്.
മെസിയെ സ്വന്തമാക്കുന്ന കാര്യത്തിൽ അമേരിക്കൻ ലീഗ് ക്ലബുകൾ ഒറ്റക്കെട്ടായാണ് നിൽക്കുന്നതെന്ന് ഈ വാർത്ത വ്യക്തമാക്കുന്നു. അതേസമയം സൗദി ലീഗിന്റെ പണക്കൊഴുപ്പിന്റെ മറികടക്കാൻ അവർക്ക് കഴിയുന്നില്ല. എന്തായാലും ഇപ്പോൾ മെസി യൂറോപ്പ് വിടുന്നതിനെ കുറിച്ച് ആലോചിക്കാൻ യാതൊരു സാധ്യതയുമില്ല. അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിന് ശേഷമാകും താരം തീരുമാനം എടുക്കുക.