മാഞ്ചസ്റ്റർ സിറ്റിക്കെതിരെ 12 പേരുമായാണ് കളിക്കുക, റയൽ മാഡ്രിഡിനു മുൻതൂക്കമുണ്ടെന്ന് കാർലോ ആൻസലോട്ടി | Real Madrid

ഫുട്ബോൾ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന മത്സരമാണ് മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് പ്രീ സെമി ഫൈനൽ പോരാട്ടം. കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളും ടൂർണമെന്റിൽ എല്ലായിപ്പോഴും കരുത്തുറ്റ പ്രകടനം നടത്തുകയും ചെയ്യുന്ന റയൽ മാഡ്രിഡും ഈ സീസണിൽ ഏറ്റവും മികച്ച ഫോമിലുള്ള മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ തീപാറുന്ന പോരാട്ടമാണ് നടക്കുകയെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

റയൽ മാഡ്രിഡിനെ സംബന്ധിച്ച് സമ്മിശ്രമായ പ്രകടനമാണ് ഈ സീസണിൽ നടത്തുന്നത്. ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് വീണ അവർ അടുത്ത മത്സരത്തിൽ തോൽക്കുകയോ ബാഴ്‌സലോണ വിജയം നേടുകയോ ചെയ്‌താൽ കിരീടം കാറ്റലൻസ് കൊണ്ടുപോകുമെന്നുറപ്പാണ്. അതേസമയം മികച്ച ഫോമിലുള്ള മാഞ്ചസ്റ്റർ സിറ്റി ഈ സീസണിൽ മൂന്നു കിരീടം നേടാനുള്ള ശ്രമത്തിലാണ്. പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, എഫ്എ കപ്പ് എന്നിവയിലാണ് മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടപ്രതീക്ഷയുളളത്.

നിലവിൽ മാഞ്ചസ്റ്റർ സിറ്റിക്കാണ് റയൽ മാഡ്രിഡിനെ അപേക്ഷിച്ച് മുൻതൂക്കമെങ്കിലും സാന്റിയാഗോ ബെർണാബുവിൽ വെച്ച് നടക്കുന്ന ആദ്യപാദ മത്സരത്തിൽ തങ്ങൾക്ക് ആധിപത്യം സ്ഥാപിക്കാൻ കഴിയുമെന്നാണ് പരിശീലകൻ കാർലോ ആൻസലോട്ടി പറയുന്നത്. “ചൊവ്വാഴ്‌ച സിറ്റിക്കെതിരെ ഞങ്ങൾക്കു മുൻ‌തൂക്കം നൽകുന്നൊരു കാര്യമുണ്ട്. സ്റ്റേഡിയത്തിലെത്തുന്ന ഞങ്ങളുടെ ആരാധകർ. ഞങ്ങൾ പന്ത്രണ്ടു പേർക്കെതിരെ അവർ പതിനൊന്നു പേരാണ് കളിക്കേണ്ടത്.” മാധ്യമങ്ങളോട് ആൻസലോട്ടി പറഞ്ഞു.

ലീഗ് കിരീടം കൈവിട്ടു കളഞ്ഞെങ്കിലും ഇപ്പോഴും രണ്ടു കിരീടങ്ങൾ നേടി ഈ സീസൺ അവസാനിപ്പിക്കാൻ കഴിയുമെന്ന നിലയിലാണ് റയൽ മാഡ്രിഡ് നിൽക്കുന്നത്. കഴിഞ്ഞ ദിവസം ഒസാസുനയെ തോൽപ്പിച്ച് കോപ്പ ഡെൽ റേ കിരീടം നേടിയ റയൽ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനിറങ്ങുമ്പോൾ കൂടുതൽ ആത്മവിശ്വാസമുണ്ട്. അതുകൊണ്ടു തന്നെ റയലിന്റെ മൈതാനത്ത് മാഞ്ചസ്റ്റർ സിറ്റിക്ക് ഒട്ടും അനായാസമായിരിക്കില്ല കാര്യങ്ങൾ.

Ancelotti Says Real Madrid Have Advantage Over Manchester City