പിഎസ്‌ജിക്ക് ഇപ്പോഴും മെസിയെ വേണം, താരത്തിനു മുന്നിൽ വാതിലുകൾ തുറന്ന് ഫ്രഞ്ച് ക്ലബ് | Lionel Messi

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലയണൽ മെസിയെ സംബന്ധിച്ച വിവാദങ്ങളാണ് ഫുട്ബോൾ ലോകത്ത് ശ്രദ്ധ പിടിച്ചു പറ്റിയത്. ക്ലബിന്റെ അനുമതിയില്ലാത്ത ലയണൽ മെസി സൗദി അറേബ്യ സന്ദർശിക്കാൻ വേണ്ടി പോയതിലാണ് വിവാദങ്ങൾ തുടങ്ങുന്നത്. അതിനു പിന്നാലെ താരത്തിനെതിരെ ക്ലബ് നടപടിയെടുത്തു. രണ്ടാഴ്‌ച പ്രതിഫലം പോലും നൽകാതെ സസ്‌പെൻഷൻ എന്ന നടപടിയാണ് പിഎസ്‌ജി എടുത്തത്. ഇതിനു പിന്നാലെ ലയണൽ മെസിക്കെതിരെ പിഎസ്‌ജി ആരാധകർ ശക്തമായ പ്രതിഷേധം നടത്തുകയും ചെയ്‌തു.

വിവാദങ്ങൾ കൊടുമ്പിരിക്കൊണ്ടതിനെ തണുപ്പിക്കാൻ ഒടുവിൽ മെസി തന്നെ രംഗത്തു വന്നു. ലീഗ് മത്സരത്തിന് ശേഷമുള്ള ദിവസം അവധിയാണെന്ന ധാരണയിലാണ് സൗദി അറേബ്യ സന്ദർശനം നടത്തിയതെന്നും യാത്ര റദ്ദാക്കാൻ കഴിയാത്ത സാഹചര്യമായിരുന്നുവെന്നും താരം പറഞ്ഞു. അതിനു പുറമെ മെസി സഹതാരങ്ങളോട് ക്ഷമാപണം നടത്തിയെങ്കിലും ഈ സീസണു ശേഷം പിഎസ്‌ജി വിടുമെന്ന കാര്യം ഇതോടെ താരം ഉറപ്പിച്ചുവെന്നാണ് റിപ്പോട്ടുകൾ.

എന്നാൽ ഇംഗ്ലീഷ് മാധ്യമമായ ദി ടൈംസിന്റെ റിപ്പോർട്ടുകൾ പ്രകാരം ലയണൽ മെസിയെ ടീമിനൊപ്പം നിലനിർത്താൻ പിഎസ്‌ജി ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട്. താരം ക്ഷമാപണം നടത്തിയതോടെ കരാർ പുതുക്കുന്നതിനു വേണ്ടിയുള്ള ചർച്ചകൾ വീണ്ടും ആരംഭിക്കാനുള്ള നീക്കങ്ങൾ നടത്താനൊരുങ്ങുകയാണ് ഫ്രഞ്ച് ക്ലബ്. നേരത്തെ തന്നെ മെസിക്ക് പുതിയ കരാർ പിഎസ്‌ജി ഓഫർ ചെയ്‌തെങ്കിലും താരം നിരസിച്ചിരുന്നു. എന്നാൽ വീണ്ടും മെസിയെ നിലനിർത്താൻ പിഎസ്‌ജി ശ്രമം നടത്തുകയാണ്.

ഈ സീസണോടെ കരാർ അവസാനിക്കുന്ന മെസിയെ സ്വന്തമാക്കാൻ താരത്തിന്റെ മുൻ ക്ലബായ ബാഴ്‌സലോണ, അമേരിക്കൻ ക്ലബായ ഇന്റർ മിയാമി, സൗദി അറേബ്യയിലെ ക്ലബുകൾ, ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ചില ക്ലബുകൾ എന്നിവർക്ക് താൽപര്യമുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഇവരോട് മത്സരിച്ച് താരത്തെ നിലനിർത്താൻ വേണ്ടിയുള്ള നീക്കങ്ങളാണ് പിഎസ്‌ജി നടത്തുന്നത്. മെസിക്ക് ഇനിയും പിഎസ്‌ജിക്ക് സംഭാവന നൽകാൻ കഴിയുമെന്ന് അവർ വിശ്വസിക്കുന്നു.

നിലവിൽ പിഎസ്‌ജി ആരാധകർ മെസിക്കെതിരാണെങ്കിലും അതിൽ മാറ്റം വരുമെന്നാണ് ക്ലബ് പ്രതീക്ഷിക്കുന്നത്. എന്നാൽ മെസി പിഎസ്‌ജിയുടെ ഓഫർ സ്വീകരിക്കാൻ യാതൊരു സാധ്യതയുമില്ല. ക്ലബിൽ നിന്നും ആരാധകരിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള കാര്യങ്ങളാണ് മെസിക്ക് അനുഭവിക്കേണ്ടി വന്നത്. പിഎസ്‌ജിക്ക് വേണ്ടി പരമാവധി നൽകിയിട്ടും ഇങ്ങിനെയൊരു സാഹചര്യം നേരിടേണ്ടി വന്നതിൽ താരം വളരെ അസംതൃപ്‌തനാണ്.

PSG Still Leave Door Open To Lionel Messi Stay