ചെൽസിക്കായി മിന്നും പ്രകടനം, എൻസോയുടെ കണക്കുകൾ അവിശ്വസനീയം | Enzo Fernandez

നിരവധി മത്സരങ്ങളായി തുടരുന്ന തോൽവിയുടെ ക്ഷീണം മാറ്റി കഴിഞ്ഞ ദിവസം ചെൽസി വിജയം സ്വന്തമാക്കി. ബോൺമൗത്തിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് ചെൽസി നേടിയത്. ഗല്ലാഗർ, ബാദിയാഷിൽ, ജോവോ ഫെലിക്‌സ് എന്നിവർ ചെൽസിക്ക് വേണ്ടി ഗോളുകൾ നേടിയപ്പോൾ ബോൺമൗത്തിന്റെ ആശ്വാസഗോൾ മാതിയാസ്‌ വിനയുടെ വകയായിരുന്നു. ഇതോടെ ലീഗിൽ പതിനൊന്നാം സ്ഥാനത്താണ് ചെൽസി.

ഇന്നലെ നടന്ന മത്സരത്തിൽ ചെൽസി ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ സ്വന്തമാക്കിയ എൻസോ ഫെർണാണ്ടസ് നടത്തിയ പ്രകടനവും പ്രശംസ പിടിച്ചു പറ്റുന്നുണ്ട്. ചെൽസി മോശം ഫോമിലേക്ക് പോകുന്ന സമയത്തും ടീമിനായി മികച്ച പ്രകടനമാണ് ഡിഫെൻസിവ് മിഡ്‌ഫീൽഡിൽ കളിക്കുന്ന താരം നടത്തിയിരുന്നത്. ഇന്നലെ സമാനമായ പ്രകടനം ആവർത്തിച്ച താരം നിരവധി മത്സരങ്ങൾക്ക് ശേഷം ടീം നേടിയ വിജയത്തിൽ നിർണായക പങ്കു വഹിച്ചിരുന്നു.

ഇന്നലെ പതിനൊന്നു ലോങ്ങ് ബോളുകളും പത്ത് ബോൾ റിക്കവറിയും പതിനെട്ടു ഫൈനൽ തേർഡ് പാസുകളും നൽകിയ എൻസോ ഈ സീസണിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ചെൽസി താരമാണ്. ജനുവരിയിൽ ടീമിൽ എത്തിയതിനു ശേഷം ടീമിനായി ഏറ്റവുമധികം ടാക്കിളുകൾ, പൊസഷൻ വീണ്ടെടുക്കൽ, ഗോളിന് വഴിയൊരുക്കുന്ന നീക്കങ്ങൾ, പ്രോഗ്രസീവ് പാസുകൾ, ലോങ്ങ് പാസുകൾ, ത്രൂ ബോളുകൾ എന്നിവയെല്ലാം താരത്തിന്റെ പേരിലാണ്. പതിമൂന്നു അവസരങ്ങൾ എൻസോ സൃഷ്‌ടിക്കുകയും ചെയ്‌തു.

ചെൽസിയുടെ റെക്കോർഡ് സൈനിങായ എൻസോക്കെതിരെ ടീം മോശം ഫോമിലേക്ക് പോയപ്പോൾ വിമർശനങ്ങൾ ശക്തമായിരുന്നു. എന്നാൽ ലോകകപ്പിൽ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ താരം തന്റെ ജോലി വളരെ ഭംഗിയായി നിർവഹിക്കുന്നുണ്ടെന്ന് ഇതുവരെയുള്ള പ്രകടനത്തിന്റെ കണക്കുകൾ വ്യക്തമാക്കി തരുന്നു. അടുത്ത സീസണിൽ പുതിയ പരിശീലകനെത്തുമ്പോൾ താരത്തിന്റെ കഴിവുകൾ കൂടുതൽ പുറത്തു കാണുമെന്നതിൽ സംശയമില്ല.

Enzo Fernandez Incredible Statistics With Chelsea