ലയണൽ മെസിയും അർജന്റീനയും ഇവിടേക്ക് വരേണ്ട, കോപ്പ അമേരിക്കക്ക് മുൻപുള്ള സൗഹൃദമത്സരം റദ്ദാക്കി ചൈനീസ് ഗവൺമെന്റ് | Argentina
ഹോങ്കോങ്ങിൽ സൗഹൃദമത്സരത്തിനായി ഇന്റർ മിയാമിക്കൊപ്പം മെസി യാത്ര ചെയ്തെങ്കിലും മത്സരത്തിൽ കളിക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. പരിക്ക് കാരണമാണ് താൻ കളിക്കാതിരുന്നു ലയണൽ മെസി തന്നെ അറിയിച്ചതെങ്കിലും അതിന്റെ പേരിലുണ്ടായ പ്രശ്നങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. അതിന്റെ തൊട്ടടുത്ത ദിവസം ജപ്പാനിൽ നടന്ന മത്സരത്തിൽ മെസി കളത്തിലിറങ്ങിയതാണ് കൂടുതൽ കുഴപ്പമുണ്ടാക്കിയത്.
ചൈനയിൽ വെച്ച് നടന്ന മത്സരത്തിൽ മെസി കളിക്കാതിരിക്കുകയും അതിന്റെ തൊട്ടടുത്ത ദിവസം തന്നെ ജപ്പാനിൽ നടന്ന മത്സരത്തിൽ കളിക്കുകയും ചെയ്തത് ഒരു രാഷ്ട്രീയപ്രശ്നം പോലെയായി മാറിയിട്ടുണ്ട്. ലയണൽ മെസി തങ്ങളോട് കാണിച്ച ബഹുമാനക്കുറവിന്റെ ഭാഗമായി ചൈനയിൽ വെച്ച് നടക്കാനിരുന്ന അർജന്റീനയുടെ മത്സരം ചൈനീസ് ഗവണ്മെന്റ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
🚨Argentina and Nigeria friendly in China cancelled after furious Lionel Messi fallout pic.twitter.com/ZuqTErtVVh
— SPORTbible (@sportbible) February 9, 2024
അടുത്ത മാസം അർജന്റീന ആഫ്രിക്കൻ ടീമായ നൈജീരിയക്കെതിരെയാണ് സൗഹൃദമത്സരം കളിക്കുന്നത്. ഇത് ചൈനയിൽ വെച്ച് നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ലയണൽ മെസി ചൈനയിൽ കളിക്കാതിരിക്കുകയും ജപ്പാനിൽ കളിക്കുകയും ചെയ്ത സാഹചര്യത്തിൽ താരത്തിന്റെ ടീമിന്റെ മത്സരം നടത്തേണ്ടെന്ന് ഹാങ്ഷൂ സ്പോർട്ട്സ് അതോറിറ്റി തീരുമാനിക്കുകയായിരുന്നു.
ഒരു കൊമേഴ്സ്യൽ ഇവന്റ് എന്ന നിലയിൽ അർജന്റീന ടീമും ഒരു കമ്പനിയും തമ്മിൽ ഹാങ്ഷൂവിൽ വെച്ച് സൗഹൃദമത്സരം നടത്താനുള്ള ചർച്ചകൾ നടത്തിയിരുന്നുവെന്ന് അവർ വ്യക്തമാക്കുന്നു. എന്നാൽ ഇപ്പോഴത്തെ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ അത്തരത്തിൽ ഒരു മത്സരം സംഘടിപ്പിക്കുന്നത് ശരിയാകില്ലെന്ന് ബോധ്യമുള്ളതിനാൽ മത്സരം റദ്ദാക്കിയെന്ന് അവർ അറിയിച്ചു.
അതേസമയം അടുത്ത മാസം ചൈനയിലെ തന്നെ ബീജിങ്ങിൽ ഐവറി കോസ്റ്റിനെതിരെ നടത്താൻ തീരുമാനിച്ച സൗഹൃദമത്സരം റദ്ദാക്കുമോയെന്നു വ്യക്തമല്ല. നിലവിലെ സാഹചര്യത്തിൽ അതും റദ്ദാക്കാനുള്ള സാധ്യത കൂടുതലാണ്. അതു മാത്രമല്ല, ലയണൽ മെസിക്കും സംഘത്തിനും ചൈനയിൽ നിന്നും ലഭിക്കുന്ന പിന്തുണയും കുറയാനുള്ള സാധ്യതയുണ്ട്.
Argentina Friendly Cancelled By Chinese Authorities