മോഡ്രിച്ചിനു പകരക്കാരനായി അർജന്റീന താരം, ചാമ്പ്യൻസ് ലീഗ് ടീമിലുൾപ്പെടുത്തി ആൻസലോട്ടി
ചാമ്പ്യൻസ് ലീഗിൽ ഇന്നു നടക്കാനിരിക്കുന്ന മത്സരത്തിൽ റയൽ മാഡ്രിഡ് ജർമൻ ക്ലബായ ആർബി ലീപ്സിഗിനെയാണ് നേരിടുന്നത്. നിലവിൽ ചാമ്പ്യൻസ് ലീഗിന്റെ നോക്ക്ഔട്ട് ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഗ്രൂപ്പിൽ നാല് മത്സരങ്ങളിൽ നിന്നും പത്തു പോയിന്റുമായി റയൽ മാഡ്രിഡ് തന്നെയാണ് മുന്നിൽ നിൽക്കുന്നത്. ഇന്നു നടക്കുന്ന മത്സരത്തിൽ വിജയം നേടാൻ കഴിഞ്ഞാൽ ഗ്രൂപ്പ് ജേതാക്കളായി തന്നെ റയൽ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗിന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ കഴിയും.
ഇന്നത്തെ മത്സരത്തിനിറങ്ങുമ്പോൾ പരിക്കിന്റെ പ്രശ്നങ്ങൾ റയൽ മാഡ്രിഡിനെ സംബന്ധിച്ച് തിരിച്ചടിയാണ്. ലൂക്ക മോഡ്രിച്ച്, കരിം ബെൻസിമ, ഫെഡറികോ വാൽവെർദെ, ഡാനി കബയോസ്, മരിയാനോ തുടങ്ങിയ താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലാണുള്ളത്. അതുകൊണ്ടു തന്നെ ഇന്നത്തെ മത്സരത്തിന് യൂത്ത് ടീമിലെ താരങ്ങളെയും ആശ്രയിക്കാൻ കാർലോ ആൻസലോട്ടി നിർബന്ധിതനായിട്ടുണ്ട്. റയൽ മാഡ്രിഡിന്റെ യൂത്ത് ടീമിൽ നിന്നും നാല് താരങ്ങളെ മത്സരത്തിനായി ഇറ്റാലിയൻ പരിശീലകൻ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.
സെർജിയോ അരിബാസ്, കാർലോഡ് ഡോട്ടർ, അൽവാരോ റോഡ്രിഗസ് എന്നിവരുടെ കൂടെ പതിനെട്ടുകാരനായ അർജന്റീന മധ്യനിര താരം നിക്കോ പാസിനെയും ചാമ്പ്യൻസ് ലീഗിൽ ലീപ്സിഗിനെതിരായ മത്സരത്തിനുള്ള സ്ക്വാഡിൽ പരിശീലകനായ കാർലോ ആൻസലോട്ടി ഉൾപ്പെടുത്തിയിട്ടുണ്ട്. റയൽ മാഡ്രിഡിന്റെ ക്രൊയേഷ്യൻ മധ്യനിര താരവും മുൻ ബാലൺ ഡി ഓർ ജേതാവുമായ ലൂക്ക മോഡ്രിച്ചിന് പകരക്കാരനായാണ് നിക്കോ പാസിനെ ആൻസലോട്ടി ടീമിനൊപ്പം ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ താരം ആദ്യ ഇലവനിൽ ഇറങ്ങാനുള്ള സാധ്യത കുറവാണ്.
🚨| Nico Paz has been called up by Ancelotti to replace Luka Modric for tomorrow’s game against Leipzig 😍👏. pic.twitter.com/bNmuMUoSKm
— DON TONA🇬🇭🇺🇲 (@MichaelCantona2) October 24, 2022
നിക്കോ പാസിനെ സംബന്ധിച്ച് കൃത്യം സമയത്താണ് കാർലോ ആൻസലോട്ടി താരത്തെ റയൽ മാഡ്രിഡ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ന് നടക്കുന്ന മത്സരത്തിൽ അവസരം കിട്ടി മികച്ച പ്രകടനം നടത്താൻ കഴിഞ്ഞാൽ ഖത്തർ ലോകകപ്പിനുള്ള അർജന്റീന ടീമിനെ ഒരുക്കുന്ന സ്കലോണിയുടെ ശ്രദ്ധ പിടിച്ചു പറ്റാനും അതുവഴി സ്ക്വാഡിലേക്ക് ഇടം നേടാനുള്ള സാധ്യതകൾ തുറക്കാനും കഴിയും. 2016ൽ ടെനാറിഫയിൽ നിന്നും റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ താരം ഹാവിയർ മഷറാനോ പരിശീലകനായ അർജന്റീന അണ്ടർ 20 ടീമിന്റെ ഭാഗമാണ്. യുവേഫ യൂത്ത് ലീഗിൽ റയൽ മാഡ്രിഡിനായി കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ രണ്ടു ഗോളും ഒരു അസിസ്റ്റും താരം നേടുകയും ചെയ്തിട്ടുണ്ട്.