എമറി ആസ്റ്റൺ വില്ലയിലെത്തിയത് മാഞ്ചസ്റ്റർ യുണൈറ്റഡിനു തിരിച്ചടിയാകും

മോശം ഫോമിനെത്തുടർന്ന് സ്റ്റീവൻ ജെറാർഡിനെ പുറത്താക്കിയ ആസ്റ്റൺ വില്ല കഴിഞ്ഞ ദിവസമാണ് വിയ്യാറയൽ പരിശീലകനായിരുന്ന ഉനെ എമറിയെ പുതിയ മാനേജറായി നിയമിച്ചത്. എമരിയെ സംബന്ധിച്ച് പ്രീമിയർ ലീഗിലേക്കുള്ള രണ്ടാം വരവാണ് ആസ്റ്റൺ വില്ലക്കൊപ്പമുള്ളത്. മുൻപ് ആഴ്‌സണൽ പരിശീലകനായിരുന്ന എമറി മൂന്നു വർഷത്തിനു ശേഷമാണ് ഇംഗ്ലണ്ടിലേക്കെത്തുന്നത്. നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള എമറി ആസ്റ്റൺ വില്ലയിലേക്കെത്തുന്നതിനെ ആരാധകർ ആവേശപൂർവമാണ് സ്വീകരിക്കുന്നത്.

അതേസമയം ഉനെ എമറി ആസ്റ്റൺ വില്ല പരിശീലകനാവുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനും അവരുടെ ആരാധകർക്കും ചെറിയ ആശങ്ക സൃഷ്‌ടിക്കുന്ന കാര്യമാണ്. എമറി പരിശീലകനായ വിയ്യാറയലിനെതിരെ കഴിഞ്ഞ രണ്ടു സീസണുകളിലും മാഞ്ചസ്റ്റർ യുണൈറ്റഡ് പതറിയിട്ടുണ്ടെന്നതാണ് ഇതിനു കാരണം. ഇതിൽ ആദ്യത്തേത് 2021ലെ യൂറോപ്പ ലീഗ് ഫൈനലിലായിരുന്നു. ആ വർഷം യൂറോപ്പ ലീഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേടുമെന്നാണ് ഏവരും പ്രതീക്ഷിച്ചതെങ്കിലും വിയ്യാറയൽ അവരെ പൂട്ടിക്കെട്ടി പെനാൽറ്റി ഷൂട്ടൗട്ടിൽ കിരീടം സ്വന്തമാക്കുകയായിരുന്നു.

കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിലാണ് രണ്ടു ടീമുകളും പിന്നീട് മുഖാമുഖം വരുന്നത്. ഈ രണ്ടു മത്സരങ്ങളിലും മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയെങ്കിലും അതത്ര എളുപ്പമായിരുന്നില്ല. ആദ്യപാദ മത്സരത്തിൽ ഒരു ഗോളിന് പിന്നിലായിപ്പോയ യുണൈറ്റഡ് അലക്‌സ് ടെല്ലസിന്റെയും ഇഞ്ചുറി ടൈമിൽ റൊണാൾഡോ നേടിയ ഗോളിന്റെയും പിൻബലത്തിലാണ് വിജയം നേടിയത്. രണ്ടാം പാദത്തിൽ രണ്ടു ഗോളുകളുടെ വിജയം നേടിയെങ്കിലും ആദ്യത്തെ ഗോൾ നേടാൻ എഴുപത്തിയെട്ടാം മിനുട്ടു വരെ മാഞ്ചസ്റ്റർ യുണൈറ്റഡിനു കാത്തിരിക്കേണ്ടി വന്നു.

പ്രായോഗികഫുട്ബോളിന്റെ വക്താവായ എമറി തന്റെ ടീമിന്റെ പ്രതിരോധത്തെ കെട്ടുറപ്പോടെ പടുത്തുയർത്തുന്നതിൽ വിജയം കണ്ടിട്ടുള്ളയാളാണ്. അദ്ദേഹത്തിന്റെ ടീമിനെതിരെ കളിക്കുന്നത് വളരെ ദുഷ്‌കരമാണെന്നിരിക്കെ നവംബറിൽ രണ്ടു മത്സരങ്ങളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആസ്റ്റൺ വില്ലക്കെതിരെ കളിക്കേണ്ടത്. നവംബർ ആറിന് നടക്കുന്ന ആദ്യത്തെ മത്സരത്തിൽ ആസ്റ്റൺ വില്ലയുടെ മൈതാനത്തിറങ്ങുന്ന യുണൈറ്റഡ് അതിനു നാല് ദിവസങ്ങൾക്ക് ശേഷം കറബാവോ കപ്പിലും അവർക്കെതിരെ കളിക്കും. കടുപ്പമേറിയ രണ്ടു മത്സരങ്ങളായിരിക്കുമിതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.