ഒരിക്കലും തോൽക്കാൻ മനസില്ലാത്തവരുടെ ടീമായി മാറിയ അർജന്റീന, ഈ ടീം ആരുടെ മുന്നിലും തളരില്ല | Argentina

ലയണൽ സ്‌കലോണി പരിശീലകനായി എത്തിയതിനു ശേഷം അർജന്റീന ടീമിനുണ്ടായ മാറ്റങ്ങൾ അത്ഭുതത്തോടു കൂടി മാത്രമേ ആരാധകർക്ക് കാണാൻ കഴിയൂ. 2018 ലോകകപ്പിന് ശേഷം ആകെ തകർന്നു പോയിരുന്ന ടീമിനെ സാവധാനം പടുത്തുയർത്താൻ തുടങ്ങിയ അദ്ദേഹമിപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്ക്വാഡുകളിൽ ഒന്നായി അവരെ മാറ്റിയെടുത്തിരിക്കുന്നു.

ഇക്കാലയളവിൽ അർജന്റീനക്ക് വന്ന ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന് ഒരിക്കലും തോൽക്കാൻ കഴിയില്ലെന്ന മനോഭാവമാണ്. പ്രധാനപ്പെട്ട ടൂർണമെന്റുകളിലെ മത്സരമാണെങ്കിലും അപ്രധാനമായ സൗഹൃദമത്സരം ആണെങ്കിലും അർജന്റീന ടീമിലെ ഓരോ താരത്തിനും വിജയം നേടിയേ തീരൂവെന്ന മനോഭാവമാണുള്ളത്. കോസ്റ്റാറിക്കക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിലും അത് കാണുകയുണ്ടായി.

ഖത്തർ ലോകകപ്പിനു മുൻപ് മുപ്പത്തിയാറു മത്സരങ്ങളിൽ തോൽവിയറിയാതെ കുതിച്ചെത്തിയ അർജന്റീന സൗദി അറേബ്യയോട് തോൽവി വഴങ്ങിയിരുന്നു. അതിനു ശേഷം പിന്നീടൊരു തോൽവി അർജന്റീന വഴങ്ങുന്നത് കഴിഞ്ഞ നവംബറിലാണ്. ലോകകപ്പ് യോഗ്യത മത്സരത്തിൽ യുറുഗ്വായ്‌ക്കെതിരെയാണ് അർജന്റീന അവസാനം തോൽവി വഴങ്ങിയത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ അർജന്റീന വഴങ്ങിയത് ഈ രണ്ടു തോൽവികൾ മാത്രമാണ്.

കഴിഞ്ഞ ദിവസം ലോ സെൽസോ അർജന്റീന ടീമിനെക്കുറിച്ച് പറഞ്ഞ കാര്യം ഈ ടീമിൽ പൊതുവായുള്ള സ്വഭാവമെന്നത് ഒരിക്കലും വിട്ടുകൊടുക്കാൻ മനസില്ലാത്തവരാണ് എല്ലാവരുമെന്നതാണ്. അവസാനം വരെ പൊരുതാൻ ഓരോ താരവും തയ്യാറാണ്. ഇത്തരമൊരു മാറ്റം ടീമിൽ കൊണ്ടുവരാൻ സ്‌കലോണിയെന്ന പരിശീലകന്റെ സാന്നിധ്യം വളരെ നിർണായകമാണെന്നതിൽ സംശയമില്ല.

ലയണൽ മെസിയെ ആശ്രയിക്കുകയെന്ന രീതിയും ഇപ്പോഴത്തെ അർജന്റീനക്കില്ല. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മെസിയുടെ സാന്നിധ്യമില്ലാതെയാണ് അർജന്റീന മികച്ച വിജയം നേടിയത്. ലയണൽ മെസി വിരമിക്കാൻ തീരുമാനിച്ചാലും ടീമിനെ മികച്ച ഫോമിൽ തന്നെ മുന്നോട്ടു കൊണ്ടുപോകാൻ തനിക്ക് കഴിയുമെന്ന് സ്‌കലോണി ഈ മത്സരങ്ങളിലൂടെ വ്യക്തമാക്കുന്നുണ്ട്.

Argentina Players Have A Never Give Up Attitude