പുകഴ്‌പെറ്റ ബ്രസീലിയൻ ടീമിനെ നിഷ്പ്രഭമാക്കി പതിനാറുകാരൻ, സ്പെയിനിന്റെ ഹീറോയായി ലാമിൻ യമാൽ | Lamine Yamal

ചരിത്രം തിരുത്തിക്കുറിച്ച് ബാഴ്‌സലോണയിൽ അരങ്ങേറ്റം നടത്തിയ താരമാണ് ലാമിൻ യമാൽ. കഴിഞ്ഞ സീസണിൽ അരങ്ങേറ്റം നടത്തിയ താരം ഈ സീസണിൽ ബാഴ്‌സലോണയുടെ പ്രധാന താരമായി വളരുകയും ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമായി മാറുകയും ചെയ്‌തു. വെറും പതിനാറു വയസ് മാത്രം പ്രായമുള്ള താരം അതിനെ വെല്ലുന്ന പ്രകടനമാണ് ഓരോ മത്സരങ്ങളിലും കാഴ്‌ച വെക്കുന്നത്.

കഴിഞ്ഞ ദിവസം പുകഴ്‌പെറ്റ ബ്രസീലിയൻ നിരക്കെതിരെ തന്റെ മാന്ത്രികപ്രകടനം യമാൽ ആവർത്തിച്ചു. സ്പെയിനും ബ്രസീലും തമ്മിൽ സാന്റിയാഗോ ബെർണാബുവിൽ നടന്ന മത്സരം രണ്ടു ടീമുകളും മൂന്നു ഗോളുകൾ നേടി സമനിലയിലാണ് പിരിഞ്ഞതെങ്കിലും മത്സരത്തിലെ താരം യമാലായിരുന്നു. താരത്തെ പിടിച്ചു കെട്ടാൻ കഴിയാതെ ബ്രസീലിയൻ പ്രതിരോധം വിയർത്തുവെന്നു തന്നെ പറയാം.

മത്സരത്തിൽ ഏതാണ്ട് മുഴുവൻ സമയവും കളിച്ച താരം ഒരു ഗോളിന് അസിസ്റ്റ് നൽകിയതിന് പുറമെ ഒരു പെനാൽറ്റി നേടിയെടുക്കുകയും ചെയ്‌തു. ബ്രസീലിയൻ പ്രതിരോധത്തിനെതിരെ ഒൻപത് തവണ ഡ്രിബിൾ അറ്റംപ്റ്റ് ചെയ്‌ത താരം അതിൽ ആറു തവണയും വിജയം കണ്ടുവെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. രണ്ടു കീ പാസുകളും ഒരു വമ്പൻ അവസരവും താരം ഉണ്ടാക്കിയെടുത്തു.

മത്സരത്തിൽ ഒരു ഗോൾ പോലും നേടിയില്ലെങ്കിലും അതിനു ശേഷം സ്പെയിനിന്റെയും ബ്രസീലിന്റെയും താരങ്ങളിൽ ഏറ്റവുമധികം റേറ്റിങ് ലഭിച്ച കളിക്കാരിലൊരാൾ യമാൽ ആയിരുന്നു. സ്പെയിനിനു വേണ്ടി റോഡ്രി രണ്ടു ഗോളുകളും ഡാനി ഓൾമോ ഒരു ഗോളും നേടിയപ്പോൾ ബ്രസീലിന്റെ ഗോളുകൾ റോഡ്രിഗോ, എൻഡ്രിക്ക്, ലൂകാസ് പക്വറ്റ എന്നീ താരങ്ങളുടെ വകയായിരുന്നു.

ബ്രസീലിയൻ താരനിരയെ പതിനാറാം വയസിൽ തന്നെ നിഷ്പ്രഭമാക്കിയ പ്രകടനം നടത്തിയ യമാലിനെ പിൻവലിച്ചപ്പോൾ എഴുന്നേറ്റു നിന്ന് കയ്യടിച്ചാണ് ബെർണാബുവിലെ കാണികൾ അഭിനന്ദിച്ചത്. മറഡോണ, റൊണാൾഡീന്യോ, ഇനിയേസ്റ്റ എന്നിവർക്ക് ശേഷം ബെർണാബുവിലെ കാണികൾ അഭിനന്ദിക്കുന്ന ബാഴ്‌സലോണ താരം യമാലാണെന്ന പ്രത്യേകതയുമുണ്ട്.

Lamine Yamal Performance Against Brazil Receive Standing Ovation