പ്ലേ ഓഫ് മത്സരങ്ങളിൽ ലിത്വാനിയയെ വിജയിപ്പിച്ച് ഫെഡോർ, ഇനി ലക്‌ഷ്യം കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയം | Fedor Cernych

അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയതോടെ പകരക്കാരനെന്ന നിലയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ലിത്വാനിയൻ ദേശീയടീമിന്റെ നായകനായ ഫെഡോറിനെ സ്വന്തമാക്കിയപ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു. യൂറോ കപ്പ്, യുവേഫ നേഷൻസ് ലീഗ് തുടങ്ങിയ പോരാട്ടങ്ങളിൽ കളിച്ചിട്ടുള്ള താരത്തിന്റെ സാന്നിധ്യം കേരള ബ്ലാസ്റ്റേഴ്‌സിന് വലിയൊരു ഊർജ്ജം നൽകുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്.

ഇന്ത്യയിൽ ആദ്യമായി കളിക്കുകയാണെന്നും കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളിൽ പലരും പരിക്കിന്റെ പിടിയിലാണെന്നതും കാരണം ഫെഡോറിന്റെ ആദ്യത്തെ മത്സരങ്ങളിലെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. എന്നാൽ കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ രണ്ടു ഗോളുകളിൽ പങ്കാളിയായ താരം ഇന്ത്യയിലെ സാഹചര്യങ്ങളുമായി ഒത്തിണങ്ങി വരുന്നതിന്റെ സൂചനകൾ നൽകിയിരുന്നു.

അതിനു പിന്നാലെ ലിത്വാനിയൻ ദേശീയ ടീമിലേക്ക് വിളി വന്ന താരം അവിടെയും ഗംഭീര പ്രകടനമാണ് നടത്തുന്നത്. യുവേഫ നേഷൻസ് ലീഗിന്റെ പ്ലേ ഓഫ് മത്സരങ്ങളിൽ ജിബ്രാൾട്ടറിനെ നേരിട്ട താരം രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനം നടത്തി. കഴിഞ്ഞ മത്സരത്തിൽ പ്രീ അസിസ്റ്റ് നൽകിയ താരം ഇന്നലെ നടന്ന മത്സരത്തിൽ മനോഹരമായ ഗോൾ നേടി ടീമിനെ വിജയിപ്പിക്കുകയും ചെയ്‌തു.

ഫെഡോറിന്റെ മികച്ച പ്രകടനത്തിലൂടെ പ്ലേ ഓഫിൽ വിജയിച്ച ലിത്വാനിയ ഗ്രൂപ്പ് സിയിലേക്ക് മുന്നേറിയിട്ടുണ്ട്. ഇനി താരത്തിന് മുന്നിലുള്ളത് കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ഐഎസ്എല്ലിൽ ബാക്കിയുള്ള മത്സരങ്ങളും അതിനു ശേഷമുള്ള പ്ലേ ഓഫ് മത്സരങ്ങളുമാണ്. ഫോമിലേക്ക് തിരിച്ചുവരുന്ന താരത്തിന് കേരള ബ്ലാസ്റ്റേഴ്‌സിനെ മികച്ച പ്രകടനത്തിലേക്ക് നയിക്കാൻ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇനി നാല് മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സിന് ബാക്കിയുള്ളത്. പ്ലേ ഓഫിലേക്ക് കടന്നാൽ ബാക്കി മത്സരങ്ങളും ടീം കളിക്കും. പ്ലേ ഓഫ് ആകുമ്പോഴേക്കും അഡ്രിയാൻ ലൂണയും ടീമിലേക്ക് തിരിച്ചു വരാനുള്ള സാധ്യതയുണ്ട്. ഇത്രയും മത്സരങ്ങളുള്ളതിനാൽ ഫെഡോറിനു ടീമുമായി ഇണങ്ങിച്ചേരാൻ അവസരമുണ്ട്. അത് ടീമിന്റെ കിരീടപ്രതീക്ഷകളെയും സജീവമാക്കുന്നു.

Fedor Cernych Rise Hope Of Kerala Blasters