മെസിയുടെ ഇരട്ടഗോളും ഡിബാലയുടെ ഫ്രീകിക്കും, റൊമേരോയുടെ വിജയഗോളും പരഡെസിന്റെ പെനാൽറ്റി ഗോളും | Argentina

യൂറോപ്പിലെ രണ്ടു പ്രധാനപ്പെട്ട ലീഗിലും അമേരിക്കൻ ലീഗിലും അർജന്റീന താരങ്ങൾ ഗംഭീര പ്രകടനം നടത്തിയ ദിവസമായിരുന്നു ഇന്നലെ. അമേരിക്കൻ ലീഗിൽ ഇന്റർ മിയാമിക്ക് വേണ്ടി ലയണൽ മെസി, പ്രീമിയർ ലീഗിൽ ടോട്ടനത്തിനായി റൊമേരോ, ലിവർപൂളിനായി മാക് അലിസ്റ്റർ, ഇറ്റാലിയൻ ലീഗിൽ റോമക്കായി ഡിബാല, പരഡെസ് എന്നിവരാണ് മികച്ച പ്രകടനം നടത്തിയത്.

ഇന്റർ മിയാമിക്ക് വേണ്ടി ഒർലാൻഡോ സിറ്റിക്കെതിരെ നടന്ന മത്സരത്തിൽ രണ്ടു ഗോളുകളാണ് മെസി നേടിയത്. ആദ്യപകുതിയിൽ ഗോളോ അസിസ്റ്റോ ഇല്ലാതിരുന്ന മെസി രണ്ടാം പകുതിയിൽ ഹെഡറിലൂടെയും ചെസ്റ്റിലൂടെയുമാണ് ഗോളുകൾ നേടിയത്. ഇതോടെ അമേരിക്കൻ ലീഗിൽ മൂന്നു മത്സരങ്ങളിൽ നിന്നും മൂന്നു ഗോളും ഒരു അസിസ്റ്റും താരം സ്വന്തമാക്കി.

പ്രീമിയർ ലീഗിൽ റൊമേറോയും മാക് അലിസ്റ്ററും തങ്ങളുടെ ടീമിന്റെ വിജയങ്ങളിൽ നിർണായക പങ്കു വഹിച്ചു. ക്രിസ്റ്റൽ പാലസിനെതിരെ എഴുപത്തിയേഴാം മിനുട്ട് വരെ പിന്നിലായിരുന്ന ടോട്ടനത്തിനായി എൺപതാം മിനുട്ടിൽ റോമെറോ നേടിയ ഗോളാണ് അവരെ മുന്നിലെത്തിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ടോട്ടനം വിജയിച്ചത്. നോട്ടിംഗ്ഹാമിനെതിരെ തൊണ്ണൂറ്റിയൊമ്പതാം മിനുട്ടിൽ പിറന്ന വിജയഗോളിന് വഴിയൊരുക്കി മാക് അലിസ്റ്ററും മികവ് കാണിച്ചു.

ഇറ്റാലിയൻ ലീഗിൽ മോൺസാക്കെതിരെ റോമ ഒന്നിനെതിരെ നാല് ഗോളുകൾക്ക് വിജയം നേടിയപ്പോൾ ഒരു ഫ്രീകിക്ക് ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി ഡിബാല തിളങ്ങി. അതിനു പുറമെ മധ്യനിര താരമായ പരഡെസ് പെനാൽറ്റിയിലൂടെ ഒരു ഗോളും നേടി. ഡി റോസി പരിശീലകനായി എത്തിയതിനു ശേഷം മികച്ച പ്രകടനം നടത്തുന്ന റോമ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷകൾ സജീവമാക്കി അഞ്ചാം സ്ഥാനത്തു വന്നിട്ടുണ്ട്.

തങ്ങളുടെ താരങ്ങളെല്ലാം മികച്ച പ്രകടനം നടത്തുന്നത് അർജന്റീന ആരാധകരെ സംബന്ധിച്ച് ആവേശം നൽകുന്ന കാര്യമാണ്. ലോകകപ്പിന് ശേഷം കൂടുതൽ മികച്ച പ്രകടനമാണ് ഓരോ താരങ്ങളിൽ നിന്നും ഉണ്ടാകുന്നത്. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ ഏറ്റവുമധികം കിരീടസാധ്യതയുള്ളതും അർജന്റീനക്ക് തന്നെയാണ്.

Argentina Players Performed Well For Their Clubs