ഇങ്ങിനെ കളിച്ചു വിജയം നേടാൻ കഴിയുമെന്ന് കരുതിയോ, ഇവാന്റെ തന്ത്രങ്ങൾ പിഴക്കുന്നുണ്ടോ | Ivan Vukomanovic

ബെംഗളൂരു എഫ്‌സിക്കെതിരെ വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ തോൽവി വഴങ്ങിയതോടെ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു വരാനും ഐഎസ്എൽ ഷീൽഡ് നേടാനുമുള്ള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകളാണ് ഇല്ലാതായത്. ഇനി പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ച് ഐഎസ്എൽ കിരീടം നേടാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കേണ്ടതെങ്കിലും നിലവിലെ ഫോമിൽ അവർക്കതിനുള്ള യാതൊരു സാധ്യതയുമില്ല.

ഇന്നലെ നടന്ന മത്സരത്തിലെ തോൽവിക്ക് പിന്നാലെ ഇവാൻ വുകോമനോവിച്ചിന്റെ തന്ത്രങ്ങളും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. പരിക്കിന്റെ പ്രശ്‌നങ്ങൾ ടീമിനെ ബാധിച്ചെങ്കിലും കഴിഞ്ഞ മത്സരത്തിൽ ഗോവക്കെതിരെ നടത്തിയ പ്രകടനത്തിന്റെ അടുത്തു പോലുമെത്താൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞില്ല. മത്സരത്തെ ഇവാൻ സമീപിച്ച രീതി തന്നെ വിജയം നേടാൻ വേണ്ടിയുള്ളതായിരുന്നില്ലെന്നാണ് തോന്നിയത്.

വളരെയധികം തീവ്രമായ മത്സരമാണ് ഉണ്ടായിരുന്നതെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റങ്ങൾ ആദ്യപകുതിയിൽ വളരെ കുറവായിരുന്നു. മധ്യനിരയിൽ ക്രിയാത്മകമായി കളി മെനയാൻ ടീമിന് കഴിഞ്ഞതേയില്ല. പിൻനിരയിൽ നിന്നും ലോങ്ങ് ബോളുകൾ നൽകുകയായിരുന്നു പ്രധാന തന്ത്രം. അതൊന്നും മുന്നേറ്റനിര താരങ്ങളിലേക്ക് കൃത്യമായി എത്തിക്കാൻ കഴിഞ്ഞതുമില്ല.

മധ്യനിരയിൽ ടീമിന്റെ കൺട്രോളറായി കളിക്കുന്ന വിബിൻ മോഹനൻ ഇന്നലത്തെ മത്സരത്തിൽ ഒറ്റപ്പെട്ടതു പോലെയായിരുന്നു. അതിനു പുറമെ എടുത്തു പറയേണ്ട കാര്യമാണ് കോർണറുകൾ എടുക്കുന്നതിൽ ടീമിനുള്ള പോരായ്‌മ. ഡൈസുകെ, അയ്‌മൻ എന്നീ താരങ്ങൾ എടുത്ത കോർണറുകൾക്ക് ബെംഗളൂരു എഫ്‌സി ഡിഫെൻസിന്റെ ഫസ്റ്റ് ലൈൻ മറികടക്കാൻ കഴിഞ്ഞില്ലെന്നത് നാണക്കേട് തന്നെയാണ്.

രണ്ടാം പകുതിയിൽ മാത്രമാണ് ചില മുന്നേറ്റങ്ങൾ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. അയ്‌മൻ ഫെഡോർ എന്നിവർക്ക് ലഭിച്ച മികച്ച അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ അവർക്ക് കഴിയാതിരുന്നത് തിരിച്ചടിയായി. അതേസമയം സുനിൽ ഛേത്രിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ തോൽവിയുടെ ഭാരം കുറച്ചത്. താരം മൂന്ന് അവസരങ്ങളാണ് ഇന്നലത്തെ മത്സരത്തിൽ കളഞ്ഞു കുളിച്ചത്.

നിരന്തരം പരിശീലകർ മാറിയിരുന്ന, മോശം പ്രകടനം നടത്തിയിരുന്ന ബ്ലാസ്റ്റേഴ്‌സ് ഒന്നുകൂടി പൊരുതാൻ തുടങ്ങിയത് ഇവാൻ എത്തിയതിനു ശേഷമാണെന്നതിൽ സംശയമില്ല. എന്നാൽ മത്സരങ്ങളുടെ ഗതിക്കനുസരിച്ച് തന്ത്രങ്ങൾ മെനയാനും കയ്യിലുള്ള വിഭവങ്ങളെ ശരിയായി ഉപയോഗിക്കാനും അദ്ദേഹത്തിന് കഴിയുന്നുണ്ടോ എന്ന് സംശയമാണ്. ഇതിലൊരു മാറ്റമുണ്ടായില്ലെങ്കിൽ കിരീടമെന്നത് ബ്ലാസ്റ്റേഴ്‌സിന് അകലെ തന്നെയാകും.

Ivan Vukomanovic Tactics Arise Questions