റൊണാൾഡോ വിരമിക്കുന്നതിനരികെയാണ്, നിർണായകമായ വെളിപ്പെടുത്തലുമായി ജോർജിന റോഡ്രിഗസ് | Cristiano Ronaldo

കഴിഞ്ഞ ഫെബ്രുവരിയിൽ മുപ്പത്തിയൊമ്പതാം വയസിലേക്ക് കടന്നുവെങ്കിലും ഇപ്പോഴും മികച്ച ഫോമിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്നത്. നിലവിൽ ലോകത്തിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരമായ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിനായി മികച്ച പ്രകടനം നടത്തുകയും ലീഗിലെ ടോപ് സ്കോററായി നിൽക്കുകയും ചെയ്യുന്നു.

മറ്റുള്ള പല താരങ്ങളും മുപ്പത്തിയഞ്ചു വയസ് പിന്നിടുമ്പോൾ തന്നെ വിരമിക്കൽ പ്രഖ്യാപിക്കുമ്പോഴാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ പ്രായത്തിലും ഏറ്റവും മികച്ച പ്രകടനം നടത്തി ഗോളടിയിലെ റെക്കോർഡുകൾ തിരുത്തുന്നത്. ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഫുട്ബോൾ താരങ്ങളിൽ ഒരാളായ റൊണാൾഡോ എന്നാണു കളിക്കളത്തിൽ നിന്നും വിടപറയുകയെന്ന ആശങ്കയും ഫാൻസിനുണ്ട്.

റൊണാൾഡോയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് പങ്കാളിയായ ജോർജിന റോഡ്രിഗസ് കഴിഞ്ഞ ദിവസം നിർണായകമായ ഒരു വെളിപ്പെടുത്തൽ നടത്തിയിരുന്നു. പാരീസ് ഫാഷൻ വീക്കിൽ ഒരു സുഹൃത്തിനോട് സംസാരിക്കുമ്പോൾ “ഒരു വർഷം കൂടി റൊണാൾഡോ കളിക്കളത്തിലുണ്ടാകും, അതോടെ തീരും. ചിലപ്പോൾ രണ്ടു വർഷം കൂടി, എനിക്കറിയില്ല” എന്നാണ് അവർ പറഞ്ഞത്.

റൊണാൾഡോയുടെ കരിയർ അവസാന കാലഘട്ടത്തിലേക്ക് അടുത്തുവന്നു തന്നെയാണ് ഇതിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. എന്തായാലും ഈ വരുന്ന ജൂണിൽ നടക്കാൻ പോകുന്ന യൂറോ കപ്പിൽ റൊണാൾഡോ കളിക്കുമെന്ന കാര്യത്തിൽ സംശയമില്ല. പോർച്ചുഗൽ ടീമിനൊപ്പവും മികച്ച പ്രകടനം നടത്തുന്ന താരത്തിന് രണ്ടാമത്തെ യൂറോ കിരീടം സ്വന്തമാക്കുകയെന്നതാവും ലക്‌ഷ്യം.

ഒരു വർഷം കൂടി കഴിഞ്ഞാൽ വിരമിക്കുമെങ്കിൽ അടുത്ത ലോകകപ്പ് കളിക്കാൻ റൊണാൾഡോ ഉണ്ടാകില്ല. എന്നാൽ ഒരു വർഷം കൂടി തുടർന്നാൽ 2026ൽ നടക്കുന്ന ലോകകപ്പ് ടൂർണ്ണമെന്റിലും താരത്തിന് സാന്നിധ്യം അറിയിക്കാൻ കഴിയും. പോർച്ചുഗൽ ടീമിൽ വളരെ പ്രതിഭയുള്ള താരങ്ങൾ ഉള്ളതിനാൽ തന്നെ റൊണാൾഡോക്ക് ലോകകപ്പ് നേടാനുള്ള സാധ്യത കൂടുതലാണ്.

Cristiano Ronaldo Retirement Hints By Georgina