മെസി നയിക്കും, ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ ആദ്യ ഇലവൻ ഇതായിരിക്കും

ഖത്തർ ലോകകപ്പിനായി ആവേശത്തോടെയാണ് അർജന്റീന ആരാധകർ കാത്തിരിക്കുന്നത്. 2019ൽ തുടങ്ങിയ അപരാജിത കുതിപ്പ് ഇപ്പോഴും തുടർന്ന് രണ്ടു കിരീടങ്ങളും ഇക്കാലയളവിൽ സ്വന്തമാക്കിയ അർജന്റീന ടീമിൽ വലിയ പ്രതീക്ഷകൾ ഉള്ളതു കൊണ്ടാണ് ഖത്തർ ലോകകപ്പിനായി ആരാധകർ ദിവസങ്ങളെണ്ണി കാത്തിരിക്കുന്നത്. ഇതു തന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്ന് മെസി പ്രഖ്യാപിക്കുക കൂടി ചെയ്‌തതോടെ ഖത്തറിൽ താരം കിരീടമുയർത്തണേയെന്ന പ്രാർത്ഥന കൂടി ആരാധകർക്കുണ്ട്.

പരിക്കിന്റെ തിരിച്ചടികൾ ഉണ്ടെങ്കിലും കെട്ടുറപ്പുള്ള ടീമിനെ തന്നെയാകും അർജന്റീന ഖത്തർ ലോകകപ്പിൽ ഇറക്കുന്നത്. പരിക്കു മൂലം ഡിബാല ലോകകപ്പിൽ ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. സ്‌കലോണിയുടെ ആദ്യ ഇലവനിൽ ഇടമില്ലാത്ത താരം പകരക്കാരനായാണ് കൂടുതലും ഇറങ്ങാറുള്ളത്. ടീമിനൊപ്പം നല്ല രീതിയിൽ ഇണങ്ങിച്ചേർന്ന താരത്തിന്റെ അഭാവം ഒരു തിരിച്ചടി തന്നെയാണെങ്കിലും അതിനെ മറികടക്കാനുള്ള വഴി പരിശീലകൻ കണ്ടെത്തുമെന്ന് ഏവരും പ്രതീക്ഷിക്കുന്നു. ലോകകപ്പിൽ സ്‌കലോണി കളത്തിലിറക്കുന്ന അർജന്റീന ആദ്യ ഇലവൻ ഇങ്ങിനെയായിരിക്കും.

ഗോൾകീപ്പറായി എമിലിയാനോ മാർട്ടിനസല്ലാത്ത മറ്റൊരാളും പരിഗണിക്കപ്പെടാൻ യാതൊരു സാധ്യതയുമില്ല. താരത്തിന്റെ മനോഭാവവും എതിരാളികൾക്കു മേൽ ആധിപത്യം സ്ഥാപിക്കാനുള്ള കഴിവുമെല്ലാം അർജന്റീനയെ സഹായിച്ചിട്ടുണ്ട്. മാർട്ടിനസിനൊപ്പം ബെൻഫിക്കക്കൊപ്പം തകർപ്പൻ പ്രകടനം നടത്തുന്ന നിക്കോളാസ് ഓട്ടമെൻഡി ടോട്ടനം ഹോസ്‌പർ താരം ക്രിസ്റ്റ്യൻ റോമെറോ എന്നിവരാണ് സെന്റർ ബാക്കുകളായി ഉണ്ടാവുക. വലതു വിങ്ങിൽ ഗോൺസാലോ മോണ്ടിയലും ഇടതു വിങ്ങിൽ നിക്കോളാസ് ടാഗ്ലിയാഫിക്കോയും ഇറങ്ങുന്നതോടെ അർജന്റീനയുടെ പ്രതിരോധനിര പൂർത്തിയാകും.

പരിക്കിന്റെ പ്രശ്‌നങ്ങളുണ്ടെങ്കിൽ മാത്രം സ്‌കലോണി മാറ്റം വരുത്തുന്ന ഒന്നാണ് അർജന്റീനയുടെ മധ്യനിര. ഡിഫെൻസീവ് മിഡ്‌ഫീൽഡറായി യുവന്റസ് താരം ലിയാൻഡ്രോ പരഡെസ് ഇറങ്ങുമ്പോൾ മധ്യനിരയിലെ മറ്റു രണ്ടു താരങ്ങൾ ജിയോവാനി ലോ സെൽസോയും റോഡ്രിഗോ ഡി പോളുമാണ്. വളരെ മികച്ച പരസ്‌പര ധാരണ ഈ താരങ്ങൾ തമ്മിലുണ്ടെന്നതു കൊണ്ടാണ് സ്‌കലോണി ഈ താരങ്ങളിൽ തന്നെ എല്ലായിപ്പോഴും വിശ്വാസമർപ്പിക്കുന്നത്. മുന്നേറ്റനിരയെയും പ്രതിരോധത നിരയെയും ഒരുപോലെ സഹായിച്ച് അതിനെ ന്യായീകരിക്കുന്ന പ്രകടനം നടത്താൻ ഈ താരങ്ങൾക്ക് കഴിയുന്നുമുണ്ട്.

ഏഞ്ചൽ ഡി മരിയക്ക് പരിക്കേറ്റത് അർജന്റീനയെ സംബന്ധിച്ച് നിരാശ നൽകുന്ന വാർത്തയായിരുന്നെങ്കിലും താരം ലോകകപ്പിനു മുൻപ് പരിക്കു മാറി തിരിച്ചു വരുമെന്നത് ആശ്വാസം നൽകുന്നുണ്ട്. ഏഞ്ചൽ ഡി മരിയ ടീമിലേക്ക് തിരിച്ചു വന്നാൽ അർജന്റീന മുന്നേറ്റനിരയിലും മാറ്റങ്ങൾക്ക് സാധ്യതയില്ല. മെസി വലതു വിങ്ങിലും ഡി മരിയ ഇടതു വിങ്ങിലുമിറങ്ങി ഇന്റർ മിലാൻ താരമായ ലൗടാരോ മാർട്ടിനസ് സെൻട്രൽ സ്‌ട്രൈക്കറായും കളിക്കുന്ന ലൈനപ്പ് തന്നെയായിരിക്കും പരിശീലകൻ അണിനിരത്തുക. ലയണൽ മെസിയുടെ സാന്നിധ്യം തന്നെയാണ് മുന്നേറ്റനിരയുടെ പ്രധാന കരുത്ത്.

ലോകകപ്പ് അടുത്തിരിക്കെ അർജന്റീന ടീമിലെ പ്രധാന താരങ്ങളെല്ലാം മികച്ച ഫോമിൽ കളിക്കുന്നുണ്ടെന്നത് കൂടുതൽ ആത്മവിശ്വാസം നൽകുന്നുണ്ട്. കഴിഞ്ഞ സീസണിൽ ഒന്നു നിറം മങ്ങിയെങ്കിലും അതിനെ മറികടക്കുന്ന പ്രകടനം ഈ സീസണിൽ പിഎസ്‌ജിക്കൊപ്പം നടത്തുന്ന ലയണൽ മെസി തന്നെയാണ് അതിലെ പ്രധാനി. ഏതാനും വർഷങ്ങളായി ഒരുമിച്ചു കളിക്കുന്ന അർജന്റീന ടീമിന് കെട്ടുറപ്പും പരസ്പരധാരണയുമുണ്ടെന്നതാണ് അവരിൽ ആരാധകർക്ക് പ്രതീക്ഷ നൽകുന്നത്. ഇതിനൊപ്പം തന്ത്രങ്ങൾ മെനയാൻ കഴിവുള്ള സ്‌കലോണി കൂടിയുണ്ടാകുമ്പോൾ അതു വർധിക്കുകയും ചെയ്യുന്നു.