അർജന്റീന ആരാധകർക്ക് മറ്റൊരു സന്തോഷവാർത്ത കൂടി, അടുത്ത ലോകകപ്പ് സ്വപ്നം കണ്ടു തുടങ്ങാം
ഖത്തർ ലോകകപ്പിന് ശേഷം അർജന്റീന ആരാധകർ ആഘോഷിച്ച ദിവസമായിരുന്നു ഇന്നത്തേത്. ഫിഫ ബെസ്റ്റ് അവാർഡ്സ് പ്രഖ്യാപിച്ചപ്പോൾ അർജന്റീന താരങ്ങൾ മൂന്ന് അവാർഡുകളാണ് സ്വന്തമാക്കിയത്. ലയണൽ മെസി മികച്ച താരത്തിനുള്ള അവാർഡ് സ്വന്തമാക്കിയപ്പോൾ മികച്ച പരിശീലകൻ, മികച്ച ഗോൾകീപ്പർ എന്നീ അവാർഡുകൾ എമിലിയാനോ മാർട്ടിനസ് സ്വന്തമാക്കി. ഇതിനു പുറമെ മികച്ച ആരാധകർക്കുള്ള അവാർഡും അർജന്റീന തന്നെയാണ് സ്വന്തമാക്കിയത്.
അർജന്റീന ആരാധകരെ കാത്ത് മറ്റൊരു സന്തോഷവാർത്ത കൂടി എത്തിയ ദിവസമാണിന്ന്. ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിക്കാൻ തന്ത്രങ്ങൾ ഒരുക്കിയ ലയണൽ സ്കലോണി ദേശീയ ടീമുമായുള്ള കരാർ പുതുക്കി. 2026 ലോകകപ്പ് വരെയാണ് സ്കലോണി പുതിയ കരാർ ഒപ്പിട്ടിരിക്കുന്നത്. ഇന്നലെ ഫിഫ ബെസ്റ്റ് അവാർഡ് പ്രഖ്യാപിക്കുന്നതിന് മുൻപാണ് അർജന്റീന ഫുട്ബാൾ ഫെഡറേഷൻ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
Argentina announce they have renewed the contract of World Cup-winning coach Lionel Scaloni until 2026 🇦🇷 pic.twitter.com/PWrdpSkgVk
— B/R Football (@brfootball) February 27, 2023
ജോർജ് സാംപോളിയുടെ കീഴിൽ അർജന്റീന ടീമിലെത്തിയ സ്കലോണിക്ക് 2018 ലോകകപ്പിന് ശേഷം ടീമിന്റെ താൽക്കാലിക പരിശീലകനായാണ് സ്ഥാനം ലഭിക്കുന്നത്. ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തിയതിനെ തുടർന്ന് സ്ഥിരം പരിശീലകനായി നിയമിക്കപ്പെട്ട അദ്ദേഹം 2021ൽ നടന്ന കോപ്പ അമേരിക്ക, 2022 ജൂണിൽ നടന്ന ഫൈനലിസിമ, 2022 ഡിസംബറിൽ നടന്ന ലോകകപ്പ് എന്നിവ സ്വന്തമാക്കി. സ്കലോണിയുടെ കീഴിൽ കഴിഞ്ഞ നാൽപ്പതിലധികം മത്സരങ്ങളിൽ ഒരൊറ്റ തോൽവി മാത്രമേ അർജന്റീന വഴങ്ങിയിട്ടുള്ളൂ.
Argentina announce they have renewed the contract of World Cup-winning coach Lionel Scaloni until 2026 🇦🇷
— Barstool Football (@StoolFootball) February 27, 2023
pic.twitter.com/Pk9td8423w
ടീമിന് പുതിയൊരു ഊർജ്ജം നൽകി മുന്നോട്ടു കുതിപ്പിക്കുന്ന ലയണൽ സ്കലോണി മികച്ച തന്ത്രജ്ഞനാണെന്നത് കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ അദ്ദേഹം തെളിയിച്ചു. ഖത്തർ ലോകകപ്പിലാണ് തന്റെ മികവെന്താണെന്ന് അദ്ദേഹം ലോകത്തിനു മുന്നിൽ കാണിച്ചു കൊടുത്തത്. ലയണൽ മെസി അടുത്ത ലോകകപ്പിൽ ഉണ്ടാകാൻ സാധ്യത കുറവാണെങ്കിലും ടീമിന്റെ പരിശീലകസ്ഥാനത്ത് സ്കലോണിയുണ്ടെങ്കിൽ അർജന്റീന ആരാധകർക്ക് ഒരു കിരീടം കൂടി സ്വപ്നം കാണാൻ കഴിയും.