അർജന്റീന ക്യാംപിൽ സന്തോഷം അലയടിക്കുന്നു, ലോകകപ്പ് വിജയമാഘോഷിക്കാനുള്ള തയ്യാറെടുപ്പിൽ ടീം

നിലവിൽ ലോകഫുട്ബോളിൽ തന്നെ ഏറ്റവും കെട്ടുറപ്പുള്ള ടീം ഏതാണെന്ന് ചോദിച്ചാൽ അതിനുത്തരം അർജന്റീന എന്ന് തന്നെയായിരിക്കും. ലയണൽ സ്‌കലോണിയെന്ന പരിശീലകൻ നയിക്കുന്ന ടീം മെസിയെന്ന സൂപ്പർതാരത്തെ കേന്ദ്രീകരിച്ച് കളിക്കുന്ന മറ്റു താരങ്ങൾ ചേർന്നതാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ മൂന്നു കിരീടങ്ങൾ അർജന്റീന സ്വന്തമാക്കിയതും ഈ ഒത്തൊരുമ കൊണ്ടു തന്നെയാണ്.

ലോകകപ്പ് വിജയത്തിന് ശേഷം അർജന്റീന ടീം ആദ്യമായി മത്സരങ്ങൾ കളിക്കാൻ ഒരുങ്ങുകയാണ്. മാർച്ച് ഇരുപത്തിമൂന്നിനു പനാമക്കെതിരെയും അതിനു ശേഷം ഇരുപത്തിയെട്ടിന് കുറകാവോക്ക് എതിരേയുമാണ് അർജന്റീനയുടെ മത്സരങ്ങൾ. സ്വന്തം നാട്ടിൽ വെച്ച് നടക്കുന്ന മത്സരങ്ങളിൽ ലോകകപ്പ് നേടിയതിന്റെ സന്തോഷം ആരാധകരുമായി ഒരിക്കൽകൂടി പങ്കു വെക്കുകയെന്നതും ലക്ഷ്യമാണ്. അതുകൊണ്ടാണ് ചെറിയ ടീമുകളെ എതിരാളികളായി തിരഞ്ഞെടുത്തത്.

സൗഹൃദമത്സരങ്ങൾക്കായുള്ള അർജന്റീന ടീമിലെ താരങ്ങൾ കഴിഞ്ഞ ദിവസം രാജ്യത്ത് എത്തിച്ചേരുകയും പരിശീലനം ആരംഭിക്കുകയും ചെയ്‌തിരുന്നു. മെസിയും ഡി മരിയയും മാർട്ടിനസുമടക്കമുള്ള താരങ്ങൾ ഉൾപ്പെടുന്ന അർജന്റീന ടീം വളരെ സന്തോഷത്തിലാണ് ഒത്തു ചേർന്നിരിക്കുന്നത്. സ്വന്തം ക്ലബുകളിൽ കളിക്കുന്നതിനേക്കാൾ അർജന്റീനക്കൊപ്പം കളിക്കുന്നതാണ് പല താരങ്ങൾക്കും പ്രിയമെന്നു പറഞ്ഞാലും അത്ഭുതമില്ല.

ദുർബലരായ എതിരാളികളായതിനാൽ തന്നെ അർജന്റീന മത്സരങ്ങളിൽ വിജയം നേടാൻ തന്നെയാണ് സാധ്യത. അതേസമയം അർജന്റീനയിൽ മത്സരം നടക്കുന്ന രണ്ടു മൈതാനങ്ങളിലും അതിനോട് ബന്ധപ്പെട്ട പ്രദേശങ്ങളിലും ഇനിയുള്ള ദിവസങ്ങൾ ഉത്സവം നടക്കുന്ന അന്തരീക്ഷമായിരിക്കുമെന്നതിൽ തർക്കമില്ല. പനാമയുമായുള്ള മത്സരത്തിന്റെ ടിക്കറ്റിനായി പത്ത് ലക്ഷം ആളുകൾ ശ്രമം നടത്തി എന്നത് തന്നെ ആരാധകരുടെ ആവേശം വ്യക്തമാക്കുന്നു.