മെസിക്കു മുന്നിൽ കരാർ വെച്ച് പിഎസ്‌ജി, താരം ഒപ്പിടാതിരിക്കുന്നത് രണ്ടു കാരണങ്ങൾ കൊണ്ട്

ലയണൽ മെസിയുടെ ഭാവിയുമായി ബന്ധപ്പെട്ടു സുപ്രധാന വെളിപ്പെടുത്തലുമായി പ്രമുഖ ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോ. പിഎസ്‌ജി മെസിക്ക് മുന്നിൽ പുതിയ കരാർ വെച്ചിട്ടുണ്ടെന്നും രണ്ടു കാരണങ്ങൾ കൊണ്ട് താരം അതൊപ്പിടാൻ വൈകുകയാണെന്നുമാണ് അദ്ദേഹം പറയുന്നത്. ലയണൽ മെസിയെ ഒഴിവാക്കാൻ പിഎസ്‌ജിക്ക് താൽപര്യമുണ്ടെന്ന മുൻ റിപ്പോർട്ടുകളെ തള്ളുന്നതാണ് റൊമാനോയുടെ വെളിപ്പെടുത്തൽ.

ലയണൽ മെസി പ്രതിഫലം കൂടുതൽ ആവശ്യപ്പെട്ടതു നൽകാൻ പിഎസ്‌ജി വിസമ്മതം പ്രകടിപ്പിച്ചുവെന്ന വാർത്തകൾ നേരത്തെ ഉണ്ടായിരുന്നു. എന്നാൽ മെസിയെ സംബന്ധിച്ച് പ്രതിഫലം ഒരു പ്രശ്‌നമേയല്ല. പിഎസ്‌ജി മുന്നോട്ടു വെക്കുന്ന പ്രോജക്റ്റ്, പരിശീലകന്റെ പദ്ധതികൾ എന്നിവയെ സംബന്ധിച്ചാണ് മെസിക്ക് അറിയേണ്ടത്. ഇത് തന്നെ കൃത്യമായി ഉൾക്കൊള്ളുന്നതാണെങ്കിൽ കരാറിൽ ഒപ്പിടാൻ മെസി സമ്മതം മൂളിയെക്കും.

നിലവിലെ പിഎസ്‌ജി ടീമിൽ ലയണൽ മെസിയെക്കാൾ പ്രാധാന്യം എംബാപ്പെക്കാണ്. ഇത് കാരണം കൂടുതൽ പുറകിലേക്ക് ഇറങ്ങിക്കളിക്കാൻ മെസി നിർബന്ധിതനായി മാറുന്നുണ്ട്. ഇത് കളിക്കളത്തിൽ താരത്തിന്റെ സ്വാതന്ത്ര്യത്തെയും ബാധിക്കുന്നു. തനിക്ക് ചുറ്റും ഒരു ടീമിനെ സൃഷ്‌ടിച്ചാൽ എന്ത് ചെയ്യാൻ കഴിയുമെന്ന് ലയണൽ മെസി ലോകകപ്പിൽ തെളിയിച്ചു. അതുപോലെ തനിക്ക് പ്രാധാന്യമുള്ള ഒരു പദ്ധതിയിലെ മെസി നിൽക്കുന്നുണ്ടാകൂ.

അതിനിടയിൽ ലയണൽ മെസിയുടെ കരാർ എന്തായാലും പുതുക്കണമെന്ന് പിഎസ്‌ജി ഉടമകളായ ഖത്തർ ഇൻവെസ്റ്റ്‌മെന്റ് ഗ്രൂപ്പ് ക്ലബ് നേതൃത്വത്തോട് പറഞ്ഞുവെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. അതേസമയം പിഎസ്‌ജി ആരാധകർ മെസിക്ക് എതിരായി നിൽക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ മെസിക്ക് കൂവൽ ലഭിച്ച സാഹചര്യത്തിൽ താരം ക്ലബിനൊപ്പം തുടരുന്ന കാര്യത്തിൽ കൂടുതൽ ചിന്തിച്ചേ തീരുമാനമെടുക്കൂ.