അബദ്ധം പറ്റിയെന്നു മനസിലായി ഇൻസ്റ്റാഗ്രാം സ്റ്റോറി ഡിലീറ്റ് ചെയ്‌ത് ഗർനാച്ചോ, എങ്കിലും കുരുക്ക് വീണേക്കും

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഈ സീസണിൽ താരമായി മാറിക്കൊണ്ടിരിക്കയാണ് അലസാൻഡ്രോ ഗർനാച്ചോ. എറിക് ടെൻ ഹാഗിന് കീഴിൽ സീസണിന്റെ തുടക്കത്തിൽ അവസരങ്ങൾ ലഭിച്ചില്ലെങ്കിലും പിന്നീട് സ്ഥിരമായി മത്സരങ്ങളിൽ ഇറങ്ങാൻ തുടങ്ങിയ താരം മികച്ച പ്രകടനം നടത്തുകയും ചെയ്യുന്നുണ്ട്. താരത്തിന് പ്രതിഫലം വർധിപ്പിച്ച് പുതിയ കരാർ നൽകാനൊരുങ്ങുകയാണ് ക്ലബ്.

അതിനിടയിൽ വലിയൊരു കുരുക്കിൽ വീണിരിക്കുകയാണ് അർജന്റീന താരം. കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്‌ത ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ഇതിനു കാരണമായത്. ഇൻസ്റ്റാഗ്രാമിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മത്സരം കാണുന്ന ചിത്രമാണ് താരം സ്റ്റോറിയായി ഇട്ടിരുന്നത്. എന്നാൽ ആ ചിത്രത്തിൽ തന്റെ അരികിൽ ഒരു ഇ സിഗരറ്റ് ഇരിക്കുന്നത് താരം ശ്രദ്ധിച്ചില്ലെങ്കിലും ആരാധകർ കൃത്യമായി ശ്രദ്ധിച്ചു.

അബദ്ധം പറ്റിയെന്നു മനസിലായ താരം ഉടനെ ചിത്രം ഡിലീറ്റ് ചെയ്‌ത്‌ അതുപോലെ തന്നെയുള്ള മറ്റൊരു ചിത്രം പോസ്റ്റ് ചെയ്‌തെങ്കിലും ആരാധകർ അപ്പോഴേക്കും പഴയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാക്കിയിരുന്നു. ഫുട്ബോൾ താരങ്ങളെ സംബന്ധിച്ച് പുകവലി യാതൊരു തരത്തിലും പ്രോത്സാഹിപ്പിക്കപ്പെടുന്ന ഒന്നല്ല. അത് താരത്തിന്റേതാണ് എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ലെങ്കിലും അതിന്റെ പേരിൽ ടെൻ ഹാഗിൽ നിന്നും ചോദ്യം നേരിടേണ്ടി വരുമെന്നുറപ്പാണ്.

നിലവിൽ പരിക്കേറ്റു വിശ്രമത്തിലാണ് പതിനെട്ടുകാരനായ താരം. പരിക്ക് കാരണം അർജന്റീനയുടെ സൗഹൃദമത്സരങ്ങൾ ഗർനാച്ചോക്ക് നഷ്ടമായിട്ടുണ്ട്. സ്‌ക്വാഡിൽ ഉൾപ്പെട്ടിരുന്ന താരത്തിന് അർജന്റീനക്കായി അരങ്ങേറ്റം കുറിക്കാനുള്ള അവസരം ലഭിക്കുമെന്നിരിക്കെയാണ് പരിക്കേറ്റത്. ദേശീയ ടീമിനായി താരം അരങ്ങേറുന്നത് കാത്തിരുന്ന ആരാധകരെ നിരാശരാക്കിയ സംഭവമായിരുന്നു.