കണക്കുകൾ തീർക്കാനുള്ളതാണ്, തനിക്ക് കിട്ടിയതിനു എൽ ക്ലാസിക്കോയിൽ തിരിച്ചു നൽകി ഗാവി

ബാഴ്‌സലോണ താരമായ ഗാവി കളിക്കളത്തിലെ പരുക്കനായ അടവുകൾ കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള താരമാണ്. പതിനെട്ടുകാരനായ താരം കാഴ്‌ചയിൽ സൗമ്യനാണെങ്കിലും ടീമിന് വേണ്ടി ഏത് തലത്തിലേക്ക് വേണമെങ്കിലും മാറാൻ ഒരുക്കമാണ്. അതുപോലെ തന്നെ കളിക്കളത്തിൽ വളരെയധികം ആത്മാർത്ഥത പുലർത്തുന്ന താരം ആരാധകരുടെ പ്രിയപ്പെട്ടവനാണ്.

കഴിഞ്ഞ ദിവസം നടന്ന എൽ ക്ലാസിക്കോ മത്സരത്തിൽ ഗാവി ചെയ്‌ത കാര്യമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഇതിനു മുൻപ് സൂപ്പർകപ്പിന്റെ ഫൈനലിൽ നടന്ന എൽ ക്ലാസിക്കോ മത്സരത്തിൽ റയൽ മാഡ്രിഡ് മധ്യനിരതാരം ഡാനി സെബയോസ് ഗാവിയുടെ മുടി പിടിച്ച് വലിച്ചിരുന്നു. അതിനു താരം അതെ നാണയത്തിൽ തന്നെ ഈ എൽ ക്ലാസിക്കോയിൽ മറുപടി നൽകിയിട്ടുണ്ട്.

ഓഫ് ദി ബോൾ മൂവ്മെന്റ് ആയിരുന്നിട്ടു കൂടി ലെവൻഡോസ്‌കിയെ സ്റ്റാമ്പ് ചെയ്‌ത് അവിടെ നിന്നും നീങ്ങുകയായിരുന്നു സെബയോസ്. തന്നെ ചവിട്ടിയതിൽ ലെവെ പ്രതികരിക്കുകയും ചെയ്‌തിരുന്നു. സെബയോസ് മുന്നോട്ടു പോകുന്നതിനിടയിൽ എവിടെ നിന്നോ വന്ന ഗാവി യാതൊരു പ്രകോപനവും കൂടാതെ സെബയോസിനെ ഇടിച്ച് മറിച്ചിട്ടു. മനഃപൂർവം ചെയ്‌തതാണെന്ന് വീഡിയോയിൽ നിന്നും വ്യക്തമാണ്.

ഗാവിയുടെ ഈ മനോഭാവം ഇഷ്‌ടപെടാത്ത റയൽ മാഡ്രിഡ് ആരാധകർ ഇതിനെതിരെ പ്രതിഷേധം ഉയർത്തുന്നുണ്ട്. അതേസമയം കഴിഞ്ഞ മത്സരത്തിൽ ഗാവിയുടെ മുടി സെബയോസ് പിടിച്ചു വലിച്ച സമയത്ത് എവിടെയായിരുന്നു എന്നാണു ബാഴ്‌സലോണ ആരാധകർ ചോദിക്കുന്നത്. സെബയോസ് ലെവൻഡോസ്‌കിയെ ചവിട്ടി പരിക്കേൽപ്പിച്ച ചിത്രവും അവർ ഷെയർ ചെയ്യുന്നു. അതേസമയം ഈ രണ്ടു താരങ്ങളും സ്പെയിൻ ടീമിലാണെന്നത് രസകരമായ കാര്യമാണ്.