യൂറോപ്പിലെ വമ്പൻ ക്ലബിന്റെ പോസ്റ്റിനു മെസിയുടെ ലൈക്ക്, താരം നൽകിയതൊരു ട്രാൻസ്‌ഫർ സൂചനയോ

ലയണൽ മെസിയുടെ ഭാവിയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ശക്തമായി വരുന്ന സമയമാണിപ്പോൾ. ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന താരം ഇതുവരെയും അത് പുതുക്കാൻ തയ്യാറായിട്ടില്ല. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം പിഎസ്‌ജി മുന്നോട്ടു വെച്ച കരാറുമായി ബന്ധപ്പെട്ടു തീരുമാനമെടുക്കാതെ നിൽക്കുകയാണ് അർജന്റീന നായകൻ.

ഈ സീസണു ശേഷം ലയണൽ മെസി യൂറോപ്പിലെ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെയുണ്ട്. അതിനിടയിൽ ലയണൽ മെസി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും നൽകിയ ഒരു ലൈക്ക് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴി വെച്ചിട്ടുണ്ട്. ആ ലൈക്കിലൂടെ ലയണൽ മെസി നൽകിയത് ഒരു ട്രാൻസ്‌ഫർ സൂചനയാണെന്നാണ് പലരും വിലയിരുത്തുന്നത്.

ജർമൻ ക്ലബായ ബയേൺ മ്യൂണിക്കിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിനാണ് ലയണൽ മെസി ലൈക്ക് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ബയേൺ മ്യൂണിക്കും ബയേർ ലെവർകൂസനും തമ്മിൽ നടന്ന മത്സരത്തിൽ ആദ്യഗോൾ നേടിയത് കിമ്മിച്ച് ആയിരുന്നു. ഈ പോസ്റ്റിനാണ് ലയണൽ മെസി ലൈക്ക് ചെയ്‌തിരിക്കുന്നത്‌. പോസ്റ്റിനടിയിൽ ആരാധകരും മെസിയുടെ ലൈക്കിനെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്.

പിഎസ്‌ജി ആരാധകർ താരത്തിനെതിരെ തിരിഞ്ഞ സ്ഥിതിക്ക് ലയണൽ മെസി ഫ്രാൻസിൽ തുടരാൻ മടിക്കും. നിലവിലെ സാമ്പത്തികസ്ഥിതിയിൽ താരത്തെ സ്വന്തമാക്കാൻ ബാഴ്‌സലോണക്ക് കഴിയുമെന്ന് കരുതാൻ കഴിയില്ല. അതുകൊണ്ടു തന്നെ മറ്റ് ക്ളബുകളെ പരിഗണിക്കുന്ന ലയണൽ മെസി ബയേൺ മ്യൂണിക്കിലേക്ക് എത്താനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.