മെസിയെന്താണെന്ന് പിഎസ്‌ജി നേതൃത്വത്തിന് ഇപ്പോൾ മനസിലായിക്കാണും, കരാർ പുതുക്കുന്ന കാര്യത്തിൽ ശക്തമായ നിർദ്ദേശവുമായി ഖത്തറി ഉടമകൾ

ലയണൽ മെസിയുടെ പിഎസ്‌ജിയിലെ ഭാവിയെക്കുറിച്ച് ഇപ്പോഴും യാതൊരു തീരുമാനവുമായിട്ടില്ല. താരം ക്ലബിനൊപ്പം തുടരുമെന്നും ഇല്ലെന്നുമുള്ള അഭ്യൂഹങ്ങൾ ശക്തമായി ഉയർന്നു വരുന്നുണ്ട്. ചാമ്പ്യൻസ് ലീഗ് തോൽവിക്ക് പിന്നാലെ ആരാധകർ മെസിക്കെതിരെ തിരിഞ്ഞതോടെ താരത്തെ ഒഴിവാക്കാനാണ് പിഎസ്‌ജി നേതൃത്വം കരുതുന്നത്. ആരാധകർ തനിക്കെതിരെ തിരിഞ്ഞതോടെ ലയണൽ മെസിക്കും പിഎസ്‌ജി കരാർ പുതുക്കാനുള്ള താൽപര്യം ഇല്ലാതായിട്ടുണ്ട്.

എന്നാൽ ലയണൽ മെസിയുടെ കരാർ പുതുക്കുന്ന കാര്യത്തിൽ പുതിയൊരു ട്വിസ്റ്റ് ഇപ്പോൾ ഉണ്ടായിട്ടുണ്ട്. ലയണൽ മെസിയെ ഏതെങ്കിലും തരത്തിൽ ഒഴിവാക്കാനുള്ള ആഗ്രഹം പിഎസ്‌ജി നേതൃത്വത്തിനുണ്ടെങ്കിൽ അത് വേണ്ടെന്നാണ് ക്ലബിന്റെ ഉടമകളായ ഖത്തറികൾ അറിയിച്ചിരിക്കുന്നത്. ലയണൽ മെസിയെ ഏതു വിധേനയും പിഎസ്‌ജിയിൽ തന്നെ നിലനിർത്തുകയെന്നതാണ് പ്രധാന ലക്ഷ്യമായി കാണേണ്ടതെയും അവർ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഫെർണാണ്ടോ പോളോ റിപ്പോർട്ട് ചെയ്യുന്നു.

ലയണൽ മെസിയും ഖത്തറും തമ്മിൽ മികച്ചൊരു ബന്ധമുണ്ട്. ഖത്തറിൽ നടന്ന ലോകകപ്പിൽ ലയണൽ മെസി നയിച്ച അർജന്റീന ടീമാണ് കിരീടം ചൂടിയത്. അതിനു ശേഷം മെസി ടീമിനൊപ്പം താമസിച്ചിരുന്ന ഖത്തർ യൂണിവേഴ്‌സിറ്റിയിലെ മുറി അവർ ഒരു മ്യൂസിയമാക്കി മാറ്റിയിരുന്നു. ചരിത്രത്തിലെ ഏറ്റവും മികച്ച താരമായ മെസിയെ അർഹിക്കുന്ന ആദരവ് നൽകിയാണ് ഖത്തറിലെ അധികാരികൾ കാണുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. ഇപ്പോൾ മെസിയുടെ കരാർ പുതുക്കാൻ പറയുന്നതിലൂടെയും അത് കൂടുതൽ തെളിയുന്നു.

അതേസമയം പിഎസ്‌ജി പ്രസിഡന്റ് നാസർ അൽ ഖലൈഫിക്കും ക്ലബ് സ്പോർട്ടിങ് ഡയറക്റ്ററായ ലൂയിസ് കാംപോസിനും ഇതൊരു തിരിച്ചടിയാണ്. ആരാധകരെ സംതൃപ്‌തരാക്കാനും ക്ലബിന്റെ വേതനബിൽ കുറക്കാനും മെസിയെ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. അതേസമയം മെസിയുടെ കരാർ പിഎസ്‌ജി പുതുക്കണമെന്ന് കടുത്ത മെസി ആരാധകർക്ക് താൽപര്യമുണ്ടാകില്ല. താരം പിഎസ്‌ജി വിടണമെന്നാണ് മെസിയുടെ ആരാധകർ ആഗ്രഹിക്കുന്നത്.