ഭൂമി വിറച്ചു പോകുന്ന റൊണാൾഡോ ഫ്രീ കിക്ക്, ആരാധകർ കണ്ടെത്തിയത് അത്ഭുതപ്പെടുത്തിയ കാര്യം

അൽ നസ്‌റിന്റെ കഴിഞ്ഞ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഫ്രീ കിക്ക് ഗോൾ ഫുട്ബോൾ ലോകം ഒന്നടങ്കം വാഴ്ത്തിയ ഒന്നായിരുന്നു. ഒരു ഗോളിന് പിന്നിൽ നിൽക്കുകയായിരുന്ന അൽ നസ്ർ തോൽവിയിലെക്ക് പോവുന്ന സമയത്താണ് മുപ്പത്തിയഞ്ചു വാര അകലെ നിന്നും റൊണാൾഡോ ടീമിനായി സമനില ഗോൾ നേടുന്നത്. അതിനു പിന്നാലെ ഒരു ഗോൾ കൂടി അൽ നസ്ർ വിജയം നേടി ലീഗിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.

സമീപകാലത്തായി ഫ്രീ കിക്ക് ഗോളുകൾ നേടുന്നതിൽ പുറകോട്ടു പോയിരുന്ന റൊണാൾഡോ നേടിയ ഗോൾ ആരാധകർ ഒന്നടങ്കം ആഘോഷിച്ച ഒന്നായിരുന്നു. അതേസമയം ചില ആരാധകർ അതിൽ രസകരമായ ഒരു കാര്യം കണ്ടെത്തിയിട്ടുണ്ട്. ഡെഡ് ബോളിലല്ല, മറിച്ച് പന്ത് ചലിച്ചതിനു ശേഷമാണ് റൊണാൾഡോ ഫ്രീ കിക്ക് എടുക്കുന്നതെന്നാണ് അവർ കണ്ടെത്തിയത്. റൊണാൾഡോ കിക്കെടുക്കും മുൻപ് പന്ത് നിലത്തു നിന്നും ഉയരുന്നതിന്റെ ചിത്രങ്ങളും അവർ പങ്കു വെച്ചിട്ടുണ്ട്.

ഇതാദ്യമായല്ല റൊണാൾഡോയുടെ കിക്ക് ഇത്തരത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇതിനു മുൻപ് റയൽ മാഡ്രിഡിൽ കളിച്ചിരുന്ന സമയത്ത് പിഎസ്‌ജിക്കെതിരെ താരം എടുത്ത പെനാൽറ്റി കിക്ക് വാർത്തകളിൽ നിറഞ്ഞിരുന്നു. താരം അടിക്കുന്നതിനു മുൻപേ തന്നെ പന്ത് വായുവിൽ ഉയരുന്നത് കൂടുതൽ കരുത്ത് കിട്ടാൻ സഹായിക്കുന്നുണ്ട്. റൊണാൾഡോ കിക്കെടുക്കുമ്പോൾ ഒരു ഭൂമികുലുക്കം തന്നെ ഉണ്ടാകുന്നുവെന്നാണ്‌ ഇതേക്കുറിച്ച് ആരാധകർ പ്രതികരിച്ചത്.

കിക്കെടുക്കുമ്പോൾ താരത്തിന്റെ ഇടതുകാൽ പന്തിനടുത്ത് ശക്തിയായി ഊന്നുന്നതിന്റെ ഭാഗമായാണ് അത് ഉയരുന്നത്. ഇത് റൊണാൾഡോ ബോധപൂർവം ചെയ്യുന്ന തന്ത്രമാണോ അതോ സ്വാഭാവികമായി ഉണ്ടാകുന്നതാണോ എന്ന കാര്യം വ്യക്തമല്ല. മറ്റു താരങ്ങൾ കിക്കെടുക്കുമ്പോൾ ഇതുപോലെ സംഭവിക്കുന്നില്ല എന്നതിനാൽ ഇത് റൊണാൾഡോ ബോധപൂർവം ചെയ്യുന്ന തന്ത്രമാണെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.