ഇവാൻ കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും പുറത്തേക്കോ? കാത്തിരിക്കുന്നത് കടുത്ത നടപടികളാവുമെന്ന് സൂചന

ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മൈതാനം വിട്ട സംഭവത്തിൽ പരിശീലകനായ ഇവാൻ വുകോമനോവിച്ചിനെതിരെ നടപടി ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ. സംഭവത്തിൽ അന്വേഷണം നടത്തുന്ന ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അടുത്ത ദിവസങ്ങളിൽ തന്നെ അദ്ദേഹത്തിനെതിരെ നടപടി പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്.

ടൈംസ് ഓഫ് ഇന്ത്യയുടെ സ്പോർട്ട്സ് വിഭാഗം എഡിറ്ററായ മാർക്കസ് മെർഗുലാവോ കഴിഞ്ഞ ദിവസം ഒരു ആരാധകനു മറുപടി കൊടുക്കുമ്പോഴാണ് ഇവാനെതിരെ നടപടി ഉണ്ടാകുമെന്ന സൂചന നൽകിയത്. സെർബിയൻ പരിശീലകനെ വിലക്കാനാണ് സാധ്യതയുള്ളതെന്നും അദ്ദേഹം പറയുന്നുണ്ട്. അതേസമയം എത്ര കാലത്തേക്ക് വിലക്ക് വരുമെന്നതിൽ വ്യക്തതയില്ല. ആജീവനാന്ത വിലക്ക് വരില്ലെങ്കിലും വിലക്ക് വരുന്ന സമയം കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ പരിശീലിപ്പിക്കാൻ അദ്ദേഹത്തിന് കഴിയില്ല.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ വിലക്കിയാൽ അത് ഇന്ത്യൻ സൂപ്പർ ലീഗിന് വലിയ ക്ഷീണം നൽകുമെന്നിരിക്കെ പരിശീലകനെ ബലിയാടാക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്നാണു കരുതേണ്ടത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒന്നടങ്കം ഇവാനു പൂർണ പിന്തുണ നൽകുന്നുണ്ട്. ഇവാൻ വുകോമനോവിച്ചിനെ വിലക്കിയാൽ ആരാധകരുടെ കടുത്ത പ്രതിഷേധം ഉണ്ടാകുമെന്നിരിക്കെ കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതിനോട് എങ്ങിനെ പ്രതികരിക്കുമെന്നത് കണ്ടറിയണം.

ഇവാൻ വുകുമനോവിച്ച് നടത്തിയ പ്രതിഷേധം അധികാരികളുടെ കണ്ണ് തുറപ്പിച്ചിരുന്നു. അടുത്ത സീസൺ മുതൽ വാർ ലൈറ്റ് സംവിധാനം ഇന്ത്യൻ സൂപ്പർ ലീഗിൽ നടപ്പിലാക്കാൻ ശ്രമിക്കുമെന്ന് എഐഎഫ്എഫ് പ്രസിഡന്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചിലവ് കുറഞ്ഞ രീതിയാണ് ഇന്ത്യയിൽ നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ഇതിനു കാരണക്കാരനായ പരിശീലകനെതിരെ എന്തെങ്കിലും നടപടിയുണ്ടായാൽ പ്രതിഷേധം പൊട്ടിപ്പുറപ്പെടുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.