“പിഎസ്‌ജി മെസിയെ കൈകാര്യം ചെയ്യുന്നത് ശരിയല്ല, താരം ടീമിലെത്തുന്നതിനായി ഞങ്ങൾ കാത്തിരിക്കുകയാണ്”

ലയണൽ മെസിയുടെ ഭാവിയെ സംബന്ധിച്ചുള്ള അനിശ്ചിതത്വം ഇനിയും അവസാനിച്ചിട്ടില്ല. ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന താരം ഇതുവരെയും അത് പുതുക്കാൻ തയ്യാറായിട്ടില്ല. അതിനിടയിൽ ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്‌ജി പുറത്തു പോയതോടെ ആരാധകർ താരത്തിനെതിരെ തിരിയുകയും കഴിഞ്ഞ മത്സരത്തിൽ കൂക്കി വിളിക്കുകയും ചെയ്‌തു. ഇതോടെ മെസി ക്ലബ് വിടാനുള്ള സാധ്യതകൾ വളരെയധികം വർധിച്ചിട്ടുണ്ട്.

ലയണൽ മെസി നിരവധി ക്ലബുകളിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും അക്കാര്യത്തിൽ യാതൊരു സ്ഥിരീകരണവും ഇതുവരെയുണ്ടായിട്ടില്ല. താരത്തിന്റെ മുൻ ക്ലബായ ബാഴ്‌സലോണയുടെ പേരും അതിനൊപ്പം ഉയർന്നു വരുന്നുണ്ട്. കഴിഞ്ഞ ദിവസം ബാഴ്‌സലോണ താരമായ സെർജി റോബർട്ടോ ലയണൽ മെസിയുടെ തിരിച്ചു വരവിനായി ബാഴ്‌സലോണ ടീമിലെ ഓരോ താരങ്ങളും വളരെയധികം ആഗ്രഹിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.

“രണ്ടു കയ്യുകളും നീട്ടി സ്വീകരിക്കും, ആരാണ് മെസിയെ തിരിച്ചു കൊണ്ടു വരുന്നതിനു വേണ്ടി തയ്യാറെടുക്കാതിരിക്കുക? എന്തായാലും അതേക്കുറിച്ച് കൂടുതൽ സംസാരിക്കേണ്ടതില്ല. താരവും ക്ലബ് പ്രസിഡന്റും പരിശീലകനും കൂടാതെ അതിൽ തീരുമാനമെടുക്കേണ്ടവർ അതിനു വേണ്ടിയുള്ളത് ചെയ്യും. കളിക്കാരുടെ ഭാഗത്തു നിന്നും നോക്കുമ്പോൾ ഞങ്ങൾ ഓരോരുത്തരും താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്.”

“നിരവധി ഗോളുകളും അസിസ്റ്റുകളും നേടി മെസി ഈ സീസണിൽ മികച്ച പ്രകടനം നടത്തിയിട്ടും ഇങ്ങിനെയൊരു സമീപനം എന്തിനാണെന്ന് മനസിലാകുന്നില്ല. ചാമ്പ്യൻസ് ലീഗിൽ നിന്നുള്ള പുറത്താകലിനു ശേഷമാണ് താരത്തിനെതിരെ ഇവർ തിരിഞ്ഞിരിക്കുന്നത്. ഇത്രയും മികച്ചൊരു ഫുട്ബോൾ താരത്തെ ഈ രീതിയിൽ കൈകാര്യം ചെയ്യുന്നത് ശരിയല്ല, താരം തിരിച്ചെത്തിയാൽ ഞങ്ങൾ ഏറ്റവും മികച്ച പരിഗണന നൽകും.” സെർജി റോബർട്ടോ പറഞ്ഞു.