എൽ ക്ലാസിക്കോ മത്സരത്തിനു ശേഷം വിവാദം, തോൽ‌വിയിൽ സംശയങ്ങൾ ബാക്കിയുണ്ടെന്ന് കാർലോ ആൻസലോട്ടി

റയൽ മാഡ്രിഡിന് മേൽ ബാഴ്‌സലോണക്ക് കൃത്യമായ ആധിപത്യമുണ്ടെന്ന് വ്യക്തമാക്കിയാണ് കഴിഞ്ഞ ദിവസം എൽ ക്ലാസിക്കോ മത്സരം അവസാനിച്ചത്. ഇതിനു മുൻപ് നടന്ന രണ്ട് എൽ ക്ലാസിക്കോ മത്സരങ്ങളിലും വിജയം നേടിയ ബാഴ്‌സലോണ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലാണ് റയലിനെ പരാജയപ്പെടുത്തിയത്. ഇതോടെ ലീഗിൽ പന്ത്രണ്ടു പോയിന്റിന്റെ ലീഡ് ബാഴ്‌സലോണക്കുണ്ട്.

അതേസമയം റയൽ മാഡ്രിഡിന്റെ തോൽവിക്ക് പിന്നാലെ വിവാദങ്ങളും ഉയരുന്നുണ്ട്. മത്സരത്തിന്റെ തൊണ്ണൂറു മിനുട്ടു വരെ രണ്ടു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ ആയിരുന്നു. ഇതിനിടയിൽ എൺപത്തിയൊന്നാം മിനുട്ടിൽ മാർകോ അസെൻസിയോ ഒരു ഗോൾ നേടിയിരുന്നെങ്കിലും വീഡിയോ റഫറി അത് നിഷേധിച്ചു. കളിയവസാനിച്ചതിനു ആ ഗോൾ റഫറി അനുവദിക്കാതിരുന്നതിൽ തനിക്ക് സംശയങ്ങളുണ്ടെന്നാണ് ആൻസലോട്ടി പ്രതികരിച്ചത്.

“ആദ്യം മുതൽ അവസാനം വരെ ടീമിന്റെ പ്രകടനം പൂർണമായിരുന്നു. ആ ഓഫ്‌സൈഡ് കാരണമാണ് ഞങ്ങൾ വിജയം നേടാതിരുന്നത്, അതേക്കുറിച്ച് ഞങ്ങൾക്ക് ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.” മത്സരത്തിന് ശേഷം ആൻസലോട്ടി പറഞ്ഞു. റയൽ മാഡ്രിഡ് നടത്തിയ പ്രകടനം കണക്കാക്കുമ്പോൾ ഈ സീസണിൽ ഏതെങ്കിലും കിരീടം സ്വന്തമാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ടീമിന്റെ പ്രകടനത്തിൽ സംശയങ്ങളില്ലെന്നും ഇറ്റാലിയൻ പരിശീലകൻ വെളിപ്പെടുത്തി.

അതേസമയം റയൽ മാഡ്രിഡ് ആരാധകർ അസെൻസിയോ നേടിയ ഗോൾ നിഷേധിച്ചതിൽ പ്രതിഷേധം ഉയർത്തുന്നുണ്ട്. അസെൻസിയോയുടെ തോൾ കൂണ്ടെക്ക് മുന്നിലായതിനാലാണ് റഫറി ഓഫ്‌സൈഡ് വിളിച്ചത്. എന്നാൽ ബാഴ്‌സലോണ താരം ഇന്റർഫിയർ ചെയ്‌ത പന്താണ് അസെൻസിയോക്ക് ലഭിച്ചത് എന്നതിനാൽ ഗോൾ നിലനിൽക്കും എന്നാണു റയൽ മാഡ്രിഡ് ആരാധകർ വാദിക്കുന്നത്.