കൂക്കിവിളിച്ച ആരാധകർക്ക് മെസി കളിക്കളത്തിൽ മറുപടി നൽകി, മെസിയുടെ കിടിലൻ പാസുകൾ തുലച്ച് എംബാപ്പെ

വമ്പൻ താരങ്ങളുണ്ടെങ്കിലും ഒത്തിണക്കവും കെട്ടുറപ്പുമില്ലാത്ത പിഎസ്‌ജി കഴിഞ്ഞ ദിവസം നടന്ന ലീഗ് മത്സരത്തിൽ തോൽവി വഴങ്ങിയിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് റെന്നെസാണ് പിഎസ്‌ജിയെ പരാജയപ്പെടുത്തിയത്. ഇതോടെ ലീഗ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള മാഴ്‌സയുമായുള്ള പിഎസ്‌ജിയുടെ പോയിന്റ് വ്യത്യാസം ഏഴായി കുറഞ്ഞു. സ്വന്തം മൈതാനത്താണ് പിഎസ്‌ജി തോൽവി വഴങ്ങിയത്.

മത്സരത്തിന് മുൻപ് ലയണൽ മെസിക്കെതിരായ പ്രതിഷേധവും പാർക് ഡി പ്രിൻസസിൽ കണ്ടിരുന്നു. സ്റ്റേഡിയം കമന്റേറ്റർമാർ ലയണൽ മെസിയുടെ പേര് അന്നൗൺസ് ചെയ്‌തപ്പോൾ കൂക്കിവിളികളോടെയാണ് ആരാധകർ അതിനെ സ്വീകരിച്ചത്. പിഎസ്‌ജി അൾട്രാസ് മെസിക്കെതിരെ പ്രതിഷേധം നടത്തുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. അതേസമയം എംബാപ്പയുടെ പേര് വിളിച്ചപ്പോൾ കയ്യടികളോടെയാണ് ആരാധകർ അതിനെ സ്വീകരിച്ചത്.

മത്സരത്തിൽ പിഎസ്‌ജി തോൽവി വഴങ്ങിയെങ്കിലും ടീമിനായി മെസി മികച്ച പ്രകടനമാണ് നടത്തിയത്. രണ്ടു ഷോട്ടുകളുതിർത്ത താരം ശ്രമിച്ച നാല് ഡ്രിബിളിംഗിൽ മൂന്നെണ്ണം പൂർത്തിയാക്കി. അഞ്ചു കീ പാസുകൾ മത്സരത്തിൽ നൽകിയ മെസി രണ്ടു സുവർണാവസരങ്ങൾ ടീമിനായി സൃഷ്‌ടിക്കുകയും ചെയ്‌തു. എന്നാൽ അതൊന്നും മുതലാക്കാൻ സഹതാരങ്ങൾക്ക് കഴിഞ്ഞില്ല.

അതേസമയം ആരാധകരുടെ കയ്യടി വാങ്ങി ഇറങ്ങിയ എംബാപ്പെ മോശം പ്രകടനമാണ് മത്സരത്തിൽ നടത്തിയത്. രണ്ടു കീ പാസുകൾ നൽകിയെങ്കിലും ലഭിച്ച രണ്ടു സുവർണാവസരങ്ങൾ താരം തുലച്ചത്. ഇതിൽ മെസി നൽകിയ കിടിലൻ ത്രൂ പാസുകളും ഉൾപ്പെടുന്നു. വൺ ഓൺ വൺ അവസരങ്ങളടക്കം താരം തുലച്ചതാണ് പിഎസ്‌ജിയുടെ തോൽവിക്ക് കാരണമായത്.

അതേസമയം ആരാധകരുടെ പ്രതിഷേധം ഏറ്റുവാങ്ങിയ മെസി പിഎസ്‌ജിയിൽ തുടരാനുള്ള സാധ്യത കുറയുകയാണ്. ലോകകപ്പിൽ അർജന്റീനയോട് ഫ്രാൻസ് ഏറ്റുവാങ്ങിയ തോൽവിയും ആരാധകർ മെസിക്കെതിരെ തിരിയാൻ കാരണമായിട്ടുണ്ട്. ആരാധകരുടെ അപ്രീതിയിൽ ക്ലബിൽ തുടരാൻ മെസി ഒരിക്കലും ഇഷ്ടപ്പെടില്ല.