വിപണിയിലെത്തും മുൻപേ അർജന്റീനയുടെ ത്രീ സ്റ്റാർ ജേഴ്‌സി കിറ്റ് മുഴുവൻ വിറ്റഴിഞ്ഞു

ഖത്തർ ലോകകപ്പിലെ അർജന്റീനയുടെ കിരീടനേട്ടം ലോകത്തെ മുഴുവൻ ആവേശത്തിലാക്കിയ കാര്യമാണ്. ലയണൽ മെസിയെന്ന ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരത്തിന്റെ കരിയർ പൂർണമാക്കിയാണ് ഫ്രാൻസിനെതിരെ അർജന്റീന ഫൈനലിൽ വിജയം നേടി കിരീടം ഉയർത്തിയത്. അർജന്റീന ആരാധകർ മാത്രമല്ല, ലയണൽ മെസിയെ ഒരുപാട് സ്നേഹിക്കുന്ന എതിരാളികൾ വരെ ഈ നേട്ടത്തിൽ സന്തോഷം പ്രകടിപ്പിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്‌തു.

അർജന്റീന ലോകകപ്പ് വിജയം നേടി ഒരാഴ്‌ചയിലധികം പിന്നിട്ടെങ്കിലും അതിന്റെ അലയൊലികൾ അടുത്തൊന്നും അവസാനിക്കില്ലെന്നുറപ്പാണ്. നിരവധി വർഷങ്ങളായി ആരാധകർ കാത്തിരുന്ന, 2014ൽ ഫൈനലിൽ വരെയെത്തി നേരിയ വ്യത്യാസത്തിൽ നഷ്‌ടമായ കിരീടമാണ് 2022ൽ ലയണൽ മെസിയും സംഘവും പൊരുതിത്തന്നെ നേടിയത്. കരിയറിൽ ക്ലബ് തലത്തിൽ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയെങ്കിലും ദേശീയ ടീമിനായി ഒരു നേട്ടവും സ്വന്തമാക്കാൻ കഴിയാത്തതിന്റെ പേരിൽ വിമർശനങ്ങൾ നേരിട്ട മെസിക്ക് കരിയറിൽ ഏറ്റവും സന്തോഷം നൽകുന്ന കിരീടനേട്ടമായിരിക്കുമിത്.

അർജന്റീന മൂന്നാം ലോകകപ്പ് വിജയം നേടിയതിനു പിന്നാലെ മൂന്നു നക്ഷത്രങ്ങളുള്ള ടീമിന്റെ ജേഴ്‌സി അഡിഡാഡ് പുറത്തിറക്കുകയുണ്ടായി. അർജന്റീനയിൽ ഈ ജേഴ്‌സി ലോഞ്ച് ചെയ്‌ത്‌ മിനിറ്റുകൾക്കുള്ളിൽ തന്നെ എല്ലാം വിറ്റു പോയെന്നാണ്‌ ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ ജേഴ്‌സിയിൽ മൂന്നു ലോകകപ്പുകളെ സൂചിപ്പിക്കുന്ന മൂന്നു നക്ഷത്രങ്ങൾക്കു പുറമെ സ്വർണ നിറത്തിലുള്ള ഫിഫ ലോകകപ്പിന്റെ ബാഡ്‌ജുമുണ്ടാകും. അതേസമയം ഈ ജേഴ്‌സി ഡെലിവറി ചെയ്‌തു ലഭിക്കാൻ ഇനിയും താമസം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ലോകകപ്പിനിടയിൽ തന്നെ അർജന്റീനയുടെ ജേഴ്‌സികൾക്ക് ആവശ്യക്കാർ കൂടുതലായിരുന്നു. അർജന്റീന ഫൈനലിൽ എത്തിയതിനു പുറമെ ജേഴ്‌സികൾ വലിയ തോതിലാണ് വിറ്റഴിഞ്ഞത്. ദോഹയിലെ അഡിഡാസ് സ്റ്റോറുകളിൽ ആവശ്യത്തിന് ജേഴ്‌സി ഇല്ലാത്ത സാഹചര്യം വരെയുണ്ടായി. ഇതിന്റെ ഭാഗമായി അഡിഡാസ് ജേഴ്‌സിയുടെ ഉത്പാദനം വർധിപ്പിക്കുകയും ചെയ്‌തു. സമാനമായ സാഹചര്യമാണ് പുതിയ ജേഴ്‌സിയുടെ കാര്യത്തിലും നേരിടുന്നത്.

ലോകകപ്പിനു ശേഷം ലയണൽ മെസി, ഏഞ്ചൽ ഡി മരിയ തുടങ്ങിയ നിരവധി താരങ്ങൾ അർജന്റീന ടീമിൽ നിന്നും വിരമിക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും മൂന്ന് സ്റ്റാറുള്ള ജേഴ്‌സിയണിഞ്ഞ്, ലോകകപ്പ് ജേതാവായി ടീമിനൊപ്പം ഇനിയും കളിക്കണമെന്നാണ് ലയണൽ മെസി അതിനു ശേഷം വെളിപ്പെടുത്തിയത്. ഡി മരിയ വിരമിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും മെസിയുടെ തീരുമാനത്തിനൊപ്പം തുടരുകയായിരുന്നു. 2024 ലോകകപ്പ് വരെയെങ്കിലും ഈ താരങ്ങൾ തുടരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

argentina’s three star jersey kit sold out within minutes