നിഹാലും മിറാൻഡയും, ഒഡിഷക്കെതിരായ മത്സരത്തിന്റെ ഗതി മാറ്റിയ പകരക്കാരെക്കുറിച്ച് വുകോമനോവിച്ച്

ഒഡിഷ എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ ഇന്നലെ നടന്ന മത്സരം വളരെ ആവേശകരമായ അനുഭവമാണ് കൊച്ചിയിലെ കാണികൾക്ക് നൽകിയത്. ആദ്യപകുതിയിൽ ബ്ലാസ്‌റ്റേഴ്‌സിന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും രണ്ടാം പകുതിയിൽ തുടർച്ചയായ ആക്രമണം നടത്തി സന്ദീപ് സിങ്ങിലൂടെ വിജയഗോൾ നേടുകയുണ്ടായി. ഈ സീസണിൽ ഇതിനു മുൻപ് ഒഡിഷ എഫ്‌സിക്കെതിരെ കളിച്ചപ്പോൾ തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ അതിനു പകരം വീട്ടിയതിനൊപ്പം പോയിന്റ് നിലയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്‌തു.

രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച രീതിയിൽ തിരിച്ചുവരവ് നടത്തിയ മത്സരത്തിൽ വളരെ നിർണായകമായത് ഇവാൻ വുകോമനോവിച്ച് ഇറക്കിയ പകരക്കാരാണ്. നിഹാൽ സുധീഷ്, ബ്രൈസ് മിറാൻഡ എന്നീ യുവതാരങ്ങളെ മത്സരത്തിൽ കൃത്യമായ സമയത്ത് കളത്തിലിറക്കിയ പരിശീലകന്റെ തീരുമാനം ശരി വെച്ച് രണ്ടുപേരും മികച്ച പ്രകടനമാണ് നടത്തിയത്. മിറാൻഡ മത്സരത്തിൽ പിറന്ന ഒരേയൊരു ഗോളിന് അസിസ്റ്റ് നൽകിയപ്പോൾ നിഹാൽ സുധീഷ് തന്റെ നീക്കങ്ങൾ കൊണ്ട് ഒഡിഷ എഫ്‌സിക്ക് വളരെയധികം തലവേദന സൃഷ്‌ടിച്ചു.

“ചൂടും ഈർപ്പവും കാരണം കളിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. രണ്ടാം പകുതിയിൽ എതിരാളികൾ വേഗതയിൽ പുറകോട്ടു പോകുന്നത് ഞാൻ ശ്രദ്ധിച്ചു. അതിനാൽ കൂടുതൽ ഓടിയും ഏരിയൽ ബോൾസ് വിജയിച്ചും അവസരങ്ങൾ സൃഷ്‌ടിച്ചും മുന്നേറുന്ന പുതിയ താരങ്ങൾ വേണമെന്ന് എനിക്ക് തോന്നി. ആദ്യപകുതിയിൽ മഞ്ഞക്കാർഡ് ലഭിച്ചതും ഇതിനു കാരണമായി. അതൊരു പരിശീലകനെന്ന നിലയിൽ ചെയ്യേണ്ടതാണ്, അതു ഗുണം ചെയ്‌തു. പകരക്കാർക്ക് ഇത്രയും മിനുട്ടുകൾ നൽകുന്നത് അവരുടെ കരിയറിനും അടുത്ത വർഷത്തേക്കും നിർണായകമാണ്. അവർ മത്സരത്തിൽ മാറ്റമുണ്ടാക്കിയെന്ന് ഞാൻ കരുതുന്നു.” വുകോമനോവിച്ച് പറഞ്ഞു.

യുവതാരങ്ങൾക്ക് കൂടുതൽ അവസരം ലഭിക്കുന്നതും അവർ തിളങ്ങുന്നതും ആരാധകർക്ക് വളരെയധികം ആവേശം നൽകിയ കാര്യമാണ്. കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ താരങ്ങളെ നല്ല രീതിയിൽ തന്നെ ഉരുപയോഗിക്കുന്നുണ്ട് എന്ന് ഇതിൽ നിന്നും വ്യക്തമാണ്. കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനൽ കളിച്ചു കീഴടങ്ങിയ ക്ലബിൽ നിന്നും പ്രധാന താരങ്ങൾ പുറത്തു പോയെങ്കിലും അതിനു പകരക്കാരായി മികച്ച താരങ്ങളെ ഉൾപ്പെടുത്തി ബ്ലാസ്‌റ്റേഴ്‌സിനെ അഴിച്ചു പണിഞ്ഞ് മികച്ച പ്രകടനം നടത്തുന്ന പരിശീലകനു തന്നെയാണ് ടീമിന്റെ മുന്നോട്ടു പോക്കിന്റെ മുഴുവൻ ക്രെഡിറ്റും നൽകേണ്ടത്.

nihal and miranda substition against odisha fc give strength to kerala blasters says vukomanovic