ലോകകപ്പ് സമയത്ത് ലയണൽ മെസി താമസിച്ച മുറി മ്യൂസിയമാക്കി മാറ്റാനൊരുങ്ങി ഖത്തർ യൂണിവേഴ്‌സിറ്റി

ഖത്തർ ലോകകപ്പിനിടെ ലയണൽ മെസിയുൾപ്പെടെയുള്ള അർജന്റീന ടീമിനുള്ള താമസസ്ഥലം ഖത്തർ യൂണിവേഴ്‌സിറ്റി ക്യാംപസിലായിരുന്നു. അർജന്റീന ടീമിനു പുറമെ സ്പെയിൻ ദേശീയ ടീമിനും ഖത്തർ യൂണിവേഴ്‌സിറ്റിയിൽ തന്നെയാണ് താമസസൗകര്യം ഒരുക്കിയിരുന്നത്. അർജന്റീന ലോകകപ്പ് നേടിയതോടെ ലയണൽ മെസി താമസിച്ചിരുന്ന യൂണിവേഴ്‌സിറ്റിയിലെ മുറി ഒരു മ്യൂസിയമാക്കി മാറ്റാൻ തയ്യാറെടുക്കുകയാണ് സർവകലാശാല അധികൃതർ. ചരിത്രത്തിലെ ഏറ്റവും മികച്ച താരം ഇവിടെ താമസിച്ചിരുന്നു എന്ന് അടയാളപ്പെടുത്താൻ വേണ്ടിയാണ് ഇതു ചെയ്യുന്നത്.

ഇരുപത്തിയൊമ്പതു ദിവസമാണ് ടീമിന്റെ ബേസ് ക്യാമ്പായ ഖത്തർ യൂണിവേഴ്‌സിറ്റിയിൽ അർജന്റീന ടീം ഉണ്ടായിരുന്നത്. യൂണിവേഴ്‌സിറ്റിയിലെ താമസസൗകര്യത്തെ അർജന്റീന താരങ്ങൾ പ്രശംസിച്ചിരുന്നു. അവർക്ക് സ്വന്തം വീടു പോലെയാണ് യൂണിവേഴ്‌സിറ്റി അനുഭവപ്പെട്ടതെന്നാണ് പലരും പറഞ്ഞത്. ലയണൽ മെസി താമസിച്ചിരുന്ന മുറി ചെറിയൊരു മ്യൂസിയമാക്കി മാറ്റുന്നതിനൊപ്പം ഖത്തർ യൂണിവേഴ്‌സിറ്റി ക്യാമ്പസ് അർജന്റീനയുടെ നിറങ്ങളാലും ചിത്രങ്ങളാലും മറ്റുമെല്ലാം അലങ്കരിക്കുകയും ചെയ്‌തിട്ടുണ്ട്‌.

ലയണൽ മെസി താമസിച്ചിരുന്ന റൂമിലേക്ക് ചെല്ലുമ്പോൾ അവിടെയുള്ള കിടക്കയും മറ്റു സാധനങ്ങളുമെല്ലാം അതുപോലെ തന്നെ സൂക്ഷിച്ചിട്ടുണ്ട്. ലോകകപ്പ് നേടിയ ടീമിലുള്ള എല്ലാ താരങ്ങളും ഒപ്പിട്ട ജേഴ്‌സിയും ഇതിനൊപ്പം ചേർത്ത് വെച്ചിരിക്കുന്നു. അർജന്റീന ടീമിനും ലയണൽ മെസിക്കും ഹൃദ്യമായ ആദരവാണ് ഇതിലൂടെ ഖത്തർ യൂണിവേഴ്‌സിറ്റി നൽകിയിരിക്കുന്നത്. ഇതു കാണാൻ വേണ്ടി ഖത്തർ യൂണിവേഴ്‌സിറ്റിയിലേക്ക് ഇനി ആരാധകർ വരുമെന്ന കാര്യവും ഉറപ്പാണ്.

ഖത്തർ ലോകകപ്പിൽ ഐതിഹാസികമായ ചരിത്രമാണ് ലയണൽ മെസി കുറിച്ചത്. ലോകകപ്പ് നേട്ടത്തോടെ ക്ലബ് തലത്തിലും ദേശീയ ടീമിനു വേണ്ടിയും സാധ്യമായ എല്ലാ പ്രധാന കിരീടങ്ങളും ലയണൽ മെസി സ്വന്തമാക്കി. ഇതോടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന നിലയിലേക്ക് ഒരു സംശയത്തിനും ഇടയില്ലാത്ത വിധത്തിൽ ഉയരാനും പെലെ, മറഡോണ തുടങ്ങിയ ഇതിഹാസങ്ങൾക്കൊപ്പമെത്താനും ലയണൽ മെസിക്കായി.

ഫുട്ബോൾ ലോകത്തെ ഒരുപാട് കാലം തന്റെ ചുറ്റും നിർത്തിയ ലയണൽ മെസി അർഹിക്കുന്ന നേട്ടമാണ് ഖത്തറിൽ സ്വന്തമാക്കിയത്. ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കി തന്റെ ടീമിനെ മുന്നിൽ നിന്നു നയിച്ച് ഗോൾഡൻ ബോൾ സ്വന്തമാക്കാനും മെസിക്ക് കഴിഞ്ഞു. അതുകൊണ്ടു തന്നെ മെസിക്ക് തീർച്ചയായും നൽകേണ്ട ആദരവാണ് ഖത്തർ യൂണിവേഴ്‌സിറ്റി നൽകിയത്. ഇനി മെസിയിലൂടെയും ഖത്തർ യൂണിവേഴ്‌സിറ്റി അറിയപ്പെടുകയും ചെയ്യും.

lionel messi room in qatar university converted into a mini museum