മെസിയുടെ കളി കാണാനിനി എത്ര നാൾ കാത്തിരിക്കണം, താരം തിരിച്ചെത്തുന്ന തീയതി വെളിപ്പെടുത്തി പിഎസ്‌ജി പരിശീലകൻ | Lionel Messi

കളിക്കളത്തിലെ മാന്ത്രികതയുമായി ലയണൽ മെസി ലോകകപ്പ് കിരീടം നേടി തന്റെ കരിയറിന് പൂർണത നൽകിയ ലോകകപ്പ് കഴിഞ്ഞു പോയി. പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനു ശേഷം ലയണൽ മെസിയും അർജന്റീനയും നേടിയ കിരീടവിജയത്തിന്റെ സന്തോഷം നൽകിയ ഉന്മാദം ഇപ്പോഴും ആരാധകരെ വിട്ടു പോയിട്ടില്ല. താരത്തിന്റെയും ആരാധകരുടെയും വലിയൊരു ആഗ്രഹമാണ് ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഫ്രാൻസിനെ കീഴടക്കിയതോടെ പൂർത്തിയായത്. അതിനു ശേഷം മെസി അർജന്റീനയിലേക്ക് മടങ്ങുകയും ചെയ്‌തു.

ലോകകപ്പിൽ തന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് ലയണൽ മെസി കാഴ്‌ച വെച്ചത്. ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം മുതൽ ഓരോ ഘട്ടത്തിലും ഗോൾ നേടുന്ന ആദ്യത്തെ താരമായി മാറിയ ലയണൽ മെസി ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളും ടൂർണമെന്റിൽ കുറിച്ചു. ലയണൽ മെസിയുടെ മന്ത്രികനീക്കങ്ങൾ അർജന്റീനക്ക് കിരീടം സമ്മാനിച്ചപ്പോൾ ടൂർണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോളും അർജന്റീന നായകൻ തന്നെയാണ് സ്വന്തമാക്കിയത്. ഇതോടെ രണ്ടു ലോകകപ്പുകളിൽ ഗോൾഡൻ ബോൾ നേടുന്ന ആദ്യത്തെ താരമെന്ന നേട്ടം മെസിക്ക് സ്വന്തമായി.

ലോകകപ്പ് വിജയത്തിനു ശേഷം താരം എന്നാണു ക്ലബ്ബിലേക്ക് തിരിച്ചെത്തുകയെന്നറിയാൻ ലയണൽ മെസിയുടെ ആരാധകർ കാത്തിരിക്കുകയാണ്. ഖത്തറിലെ മൈതാനത്ത് ചടുലമായ നീക്കങ്ങൾ സൃഷ്‌ടിച്ച ആ കാലുകൾ വീണ്ടും കളിക്കളത്തിൽ മനോഹാരിത വിരിയിക്കുന്നത് കാണാൻ കാത്തിരിക്കുന്ന നിരവധി പേരുണ്ട്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ താരത്തിന്റെ ക്ലബായ പിഎസ്‌ജിയുടെ പരിശീലകനായ ക്രിസ്റ്റഫെ ഗാൾട്ടിയർ മെസി എന്നാണു ടീമിനൊപ്പം ചേരുകയെന്ന് വെളിപ്പെടുത്തുകയുണ്ടായി.

“ലയണൽ മെസി മികച്ചൊരു ലോകകപ്പാണ് പൂർത്തിയാക്കിയത്. വിജയത്തിനും അതിന്റെ ആഘോഷങ്ങളും കാരണം അർജന്റീനയിൽ ജനുവരി 1 വരെ താരം തുടരുമെന്നാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. ജനുവരി രണ്ടിനോ മൂന്നിനോ ഞങ്ങൾക്കൊപ്പം ചേർന്ന് താരം മത്സരങ്ങളിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തും.” ഗാൾട്ടിയാർ പറഞ്ഞു. അതേസമയം ഈ സീസണോടെ കരാർ അവസാനിക്കുന്ന ലയണൽ മെസി ക്ലബിൽ തന്നെ തുടരുന്ന കാര്യത്തിൽ തീരുമാനമായോ എന്നതിനെപ്പറ്റി അദ്ദേഹം പ്രതികരിച്ചില്ല.

ജനുവരി രണ്ടിനോ മൂന്നിനോ ആണ് ലയണൽ മെസി ക്ലബിനൊപ്പം ചേരുന്നത് എന്നതിനാൽ തന്നെ താരത്തിന് പിഎസ്‌ജിക്കൊപ്പമുള്ള രണ്ടു മത്സരങ്ങൾ നഷ്‌ടമാകും. സ്ട്രാസ്ബർഗുമായും ലെൻസുമായും നടക്കുന്ന ഫ്രഞ്ച് ലീഗ് മത്സരങ്ങളാണ് മെസിക്ക് നഷ്‌ടമാവുക. ഫിറ്റ്നസ് പ്രശ്‌നങ്ങൾ ഒന്നുമില്ലെങ്കിൽ ജനുവരി ആറിന് രാത്രി ചാറ്റിയൂറോക്‌സുമായി നടക്കുന്ന ഫ്രഞ്ച് കപ്പ് മത്സരത്തിലാവും മെസി ഇറങ്ങുക. അതേസമയം ടീമിലെ പ്രധാന താരങ്ങളായ എംബാപ്പെ, നെയ്‌മർ എന്നിവർ പിഎസ്‌ജിക്കൊപ്പം ചേർന്നിട്ടുണ്ട്.

lionel messi will return to psg on january two or three