“ഫുട്ബോളിലെ നാല് തലമുറകളെ ഒരുപോലെ കൈകാര്യം ചെയ്‌ത പ്രതിഭ”- റയൽ മാഡ്രിഡ് പരിശീലകനെ പ്രശംസിച്ച് ഗട്ടൂസോ

ലോകഫുട്ബോളിലെ ഏറ്റവും മികച്ച പരിശീലകരുടെ പട്ടികയെടുത്താൽ അതിൽ മുന്നിലുണ്ടാകുന്ന പേരാണ് കാർലോ ആൻസലോട്ടി. 1992ൽ ഇറ്റലിയുടെ പരിശീലകനായി തുടങ്ങിയ അദ്ദേഹം മുപ്പതു വർഷം പിന്നിടുമ്പോഴും അതു തുടർന്നു കൊണ്ടിരിക്കുന്നു. ഇപ്പോഴും യൂറോപ്പിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നിനെ പരിശീലിപ്പിക്കാൻ കഴിയുന്നുണ്ട് എന്നതിനൊപ്പം അവരെക്കൊണ്ട് മികച്ച പ്രകടനം നടത്തിക്കാനും വമ്പൻ നേട്ടങ്ങളിലേക്ക് നയിക്കാനും കഴിയുന്നുവെന്നതാണ് കാർലോ ആൻസലോട്ടിയെ മറ്റു പരിശീലകരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.

യൂറോപ്പിലെ അഞ്ചു പ്രധാന ലീഗുകളിൽ കിരീടം നേടിയ ഒരേയൊരു പരിശീലകനെന്ന നേട്ടം കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയ ആൻസലോട്ടി റയൽ മാഡ്രിഡിലേക്കുള്ള തന്റെ രണ്ടാം വരവിൽ ചാമ്പ്യൻസ് ലീഗ് കിരീടവും അവർക്ക് നേടിക്കൊടുത്തു. യുവതാരങ്ങളെയും മുതിർന്ന താരങ്ങളെയും ഒരുപോലെ ചേർത്തിണക്കി മികച്ച ടീമിനെ സൃഷ്‌ടിച്ചെടുക്കാൻ അദ്ദേഹത്തിനുള്ള കഴിവ് പ്രത്യേകം പരാമർശം അർഹിക്കുന്നു. കഴിഞ്ഞ ദിവസം ഈ കഴിവുണ്ട് സ്‌പാനിഷ്‌ ക്ലബായ വലൻസിയയുടെ പരിശീലകനും ഇറ്റലിയുടെ ഇതിഹാസവുമായ ഗട്ടൂസോ പ്രശംസിക്കുകയുണ്ടായി.

“ഞാൻ ഒരു പരിശീലകനായി തുടക്കം കുറിച്ചപ്പോൾ ആൻസലോട്ടിയെ വിളിച്ച് ചോദിച്ചത് നിങ്ങളിത് എങ്ങിനെയാണ് ചെയ്യുന്നതെന്നായിരുന്നു. അദ്ദേഹമാണ് എനിക്ക് ലോകത്തിലെ ഏറ്റവും മികച്ച പരിശീലകൻ. മൂന്നു നാല് തലമുറകളിലൂടെ കടന്നു വന്ന അദ്ദേഹത്തിന് ഇപ്പോഴും താരങ്ങളുടെ മനസിനുള്ളിലേക്ക് കടക്കാനുള്ള കഴിവ് കൃത്യമായുണ്ട്. നാല് തലമുറകളിലൂടെ അദ്ദേഹം സ്വന്തമാക്കിയ നേട്ടങ്ങളെല്ലാം മനോഹരമാണ്.” കാർലോ ആൻസലോട്ടിക്ക് കീഴിൽ ഇറ്റാലിയൻ ക്ലബായ മിലാനിൽ കളിച്ചിട്ടുള്ള ഗട്ടൂസോ എഎസിനോട് പറഞ്ഞു.

നിലവിൽ റയൽ മാഡ്രിഡിന്റെ പരിശീലകനാണെങ്കിലും ഈ സീസണു ശേഷം കരാർ അവസാനിക്കുന്ന അദ്ദേഹം അതേ സ്ഥാനത്ത് തുടരുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. വിവിധ റിപ്പോർട്ടുകൾ പ്രകാരം ബ്രസീൽ ടീം അടുത്ത പരിശീലകനായി നോട്ടമിടുന്നതിൽ മുൻപന്തിയിലാണ് കാർലോ ആൻസലോട്ടി. അദ്ദേഹത്തിനും അതിൽ താൽപര്യമുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബ്രസീലിന്റെ ഓഫർ സ്വീകരിച്ചാൽ കാർലോ ആൻസലോട്ടി ആദ്യമായി പരിശീലിപ്പിക്കുന്ന ദേശീയ ടീമായിരിക്കുമത്. ഇതിനു മുൻപ് ദേശീയ ടീമിൽ പരിശീലകനായി അദ്ദേഹം പ്രവർത്തിരിക്കുന്നത് ഇറ്റലിയുടെ അസിസ്റ്റന്റായി മാത്രമാണ്.

gennaro gattuso praise real madrid coach carlo ancelotti