അഗസ്റ്റിൻ റുബെർട്ടോയുടെ തകർപ്പൻ ഹാട്രിക്ക് പാഴായി, ജർമനിക്ക് മുന്നിൽ അർജന്റീന വീണു | Argentina U17
അണ്ടർ 17 ലോകകപ്പിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നു പിറന്നപ്പോൾ ജർമനിക്ക് മുന്നിൽ വീണ് അർജന്റീന. ആദ്യം മുതൽ അവസാനം വരെ രണ്ടു ടീമുകളും മികച്ച പ്രകടനം നടത്തുകയും ആരാധകർക്ക് ആവേശകരമായ അനുഭവം നൽകുകയും ചെയ്ത മത്സരത്തിൽ രണ്ടു ടീമുകളും നിശ്ചിത സമയത്ത് മൂന്നു ഗോളുകൾ നേടി സമനിലയിൽ പിരിയുകയായിരുന്നു. തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലാണ് ജർമനി അർജന്റീനക്കെതിരെ വിജയം നേടി ഫൈനലിലേക്ക് മുന്നേറിയത്.
ഒൻപതാം മിനുട്ടിൽ തന്നെ ബാഴ്സലോണ താരം ഡാർവിച്ചിന്റെ അസിസ്റ്റിൽ പാരിസ് ബ്രണ്ണർ നേടിയ ഗോളിൽ ജർമനിയാണ് മുന്നിലെത്തിയതെങ്കിലും ആദ്യ പകുതി അവസാനിക്കും മുൻപ് അർജന്റീന തിരിച്ചടിച്ചു. ഡിലൻ ഗൊറോസിറ്റോയുടെ അസിസ്റ്റിൽ അഗസ്റ്റിൻ റോബർട്ടോ അർജന്റീനക്കായി ആദ്യഗോൾ നേടി. അതിനു ശേഷം ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ വാലെന്റിനോ അക്യൂനയുടെ അസിസ്റ്റിൽ റുബെർട്ടോ തന്നെ അർജന്റീനയെ മുന്നിലെത്തിച്ചു.
Germany beat Argentina and reach their first U17 World Cup final since 1985! 🇩🇪 pic.twitter.com/JdE8pBeF9M
— DW Sports (@dw_sports) November 28, 2023
എന്നാൽ അർജന്റീനയുടെ സന്തോഷത്തിനു അധികം ആയുസുണ്ടായിരുന്നില്ല. രണ്ടാം പകുതിയിൽ ഗോൾകീപ്പറുടെ പിഴവിൽ പാരിസ് ബ്രണ്ണർ ജർമനിയെ ഒപ്പമെത്തിച്ചു. അതോടെ പതറിയ അർജന്റീനക്കെതിരെ ജർമനി ആക്രമണങ്ങൾ ശക്തമാക്കി. അറുപത്തിയൊമ്പതാം മിനുട്ടിൽ അർജന്റീന ഡിഫൻഡർ മറ്റൊരു പിഴവ് കൂടി വരുത്തിയതോടെ ജർമനി മുന്നിലെത്തി. എന്നാൽ അർജന്റീന കീഴടങ്ങാൻ തയ്യാറായില്ല. ഇഞ്ചുറി ടൈമിൽ റുബെർട്ടോ ഒരു തകർപ്പൻ ഫിനിഷിംഗിലൂടെ അർജന്റീനയെ ഒപ്പമെത്തിച്ചു.
Germany knock out Argentina on penalties to reach the U17 World Cup final 🇩🇪
▪️ 2-1 to Argentina at HT
▪️ Germany make it 3-2
▪️ Argentina’s Agustín Ruberto completes hat-trick with 97th-minute equalizer
▪️ Argentina bring on backup GK for penalties
▪️ Germany win on 4-2 pens pic.twitter.com/VWShLVSwhu— B/R Football (@brfootball) November 28, 2023
അണ്ടർ 17 ലോകകപ്പിൽ എക്ട്രാ ടൈം ഇല്ലാത്തതിനാൽ മത്സരം നേരെ ഷൂട്ടൗട്ടിലേക്കാണ് പോയത്. അതിനു മുൻപ് അർജന്റീന ഗോൾകീപ്പറെ മാറ്റിയിരുന്നു. എന്നാൽ ജർമൻ ഗോൾകീപ്പർ അവസരത്തിനൊത്തുയർന്ന് ആദ്യത്തെ രണ്ടു പെനാൽറ്റികൾ തന്നെ തടുത്തതോടെ അർജന്റീനയുടെ വിജയപ്രതീക്ഷകൾ ഇല്ലാതായി. അർജന്റീന കീപ്പറും ഒരു സേവ് നടത്തിയെങ്കിലും ജർമനി താരങ്ങൾ ബാക്കിയെല്ലാ കിക്കും ലക്ഷ്യത്തിലെത്തിച്ച് ഫൈനലിലേക്ക് മുന്നേറി.
ഫൈനലിലേക്ക് മുന്നേറിയ ജർമനി ഫ്രാൻസും മാലിയും തമ്മിൽ നടക്കുന്ന സെമി ഫൈനൽ പോരാട്ടത്തിലെ വിജയിയെ ഫൈനലിൽ നേരിടും. സെമി വരെയാണ് മുന്നേറാൻ കഴിഞ്ഞുള്ളൂവെങ്കിലും ടൂർണമെന്റിൽ എട്ടു ഗോളുകൾ നേടിയ അഗസ്റ്റിൻ റുബെർട്ടോ, അഞ്ചു ഗോളുകൾ നേടിയ കൗഡിയോ എച്ചവരി എന്നിവർ ടീമിന്റെ പ്രതീക്ഷയാണ്. ടൂർണമെന്റിലെ ടോപ് സ്കോറർ പുരസ്കാരം അഗസ്റ്റിൻ റുബെർട്ടോ തന്നെ സ്വന്തമാക്കാനാണ് സാധ്യത.
Argentina U17 Out Of World Cup Beaten By Germany