“ഞാൻ മലപ്പുറത്തുകാരനാണ്, സെവൻസ് ഫുട്ബോൾ കളിച്ചു വളർന്ന എനിക്ക് മഞ്ഞപ്പടയെ പേടിയില്ല”- ആഷിക് കുരുണിയൻ
കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിലെ മൈതാനത്ത് കളിക്കാനിറങ്ങുമ്പോൾ ഗ്യാലറിയിലുള്ള കേരള ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടമായ മഞ്ഞപ്പടയെ തനിക്ക് പേടിയില്ലെന്ന് എടികെ മോഹൻ ബഗാൻ താരമായ ആഷിക് കുരുണിയൻ. ഈ സീസണിനു മുന്നോടിയായി ബംഗളൂരുവിൽ നിന്നും എടികെ മോഹൻ ബഗാനിലേക്ക് ചേക്കേറിയ താരം സെവൻസ് ഫുട്ബോൾ കളിച്ചു വളർന്നതിനാൽ മഞ്ഞപ്പട തനിക്കെതിരെ ഉയർത്തുന്ന ചാന്റുകളെ പേടിക്കേണ്ട കാര്യമില്ലെന്നാണ് ഇന്നത്തെ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയത്.
മലയാളി താരങ്ങൾ എതിർടീമിലാണ് കളിക്കുന്നതെങ്കിലും കേരളത്തിലെ ആരാധകർ നല്ല രീതിയിൽ സ്വീകരിക്കുന്ന പതിവുണ്ടെങ്കിലും കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ താരമായ വിപി സുഹൈറിനെ മഞ്ഞപ്പട എതിരാളിയായി തന്നെയാണ് കണ്ടത്. മത്സരത്തിന്റെ പല സമയത്തും വിപി സുഹൈറിനെതിരായ ചാന്റുകൾ മഞ്ഞപ്പട ഉയർത്തിയിരുന്നു. സമാനമായൊരു അനുഭവമുണ്ടായാൽ എങ്ങിനെ നേരിടുമെന്ന ചോദ്യത്തിന് മറുപടി നൽകുമ്പോഴാണ് മഞ്ഞപ്പട എങ്ങിനെ തന്നെ സ്വീകരിക്കുമെന്ന കാര്യത്തിൽ പേടിയില്ലെന്ന് ഇന്ത്യൻ ടീമിലെ താരമായ ആഷിക് വ്യക്തമാക്കിയത്.
“ഞാൻ മലപ്പുറത്ത് ജനിച്ചു വീണ്, സെവൻസ് ഫുട്ബോൾ കളിച്ചു വളർന്ന വ്യക്തിയായതിനാൽ തന്നെ കൊച്ചിയിലെ അന്തരീക്ഷത്തെക്കുറിച്ച് യാതൊരു ആശങ്കയും വേണ്ടെന്നാണ് തോന്നുന്നത്. ഇതുപോലെയുള്ള ആൾക്കൂട്ടത്തെ സെവൻസ് വേദികളിൽ ഞാൻ കണ്ടിട്ടുണ്ട്. പതിനഞ്ചാം വയസു മുതൽ എനിക്കെതിരെ ആരാധകരുടെ ചാന്റുകളും ഞാൻ കേട്ടു തുടങ്ങിയിട്ടുണ്ട്.” പത്രസമ്മേളനത്തിൽ ആഷിക് പറഞ്ഞു.
ഏതെങ്കിലും സമയത്ത് കേരള ബ്ലാസ്റ്റേഴ്സിലേക്ക് കളിക്കാനെത്തുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനും ആഷിക് മറുപടി പറഞ്ഞു. താനിപ്പോൾ ഒരു ക്ലബുമായി കരാറിൽ ഏർപ്പെട്ടിരിക്കുകയാണെന്നും അഞ്ചു വർഷത്തെ കരാറാണ് ഒപ്പിട്ടതെന്നും താരം പറഞ്ഞു. ബ്ലാസ്റ്റേഴ്സിലേക്ക് വരാനുള്ള സാധ്യതകൾ പൂർണമായും തള്ളിക്കളയാൻ തയ്യാറാവാതിരുന്ന താരം അതേക്കുറിച്ച് പിന്നീട് ചിന്തിക്കണമെന്നും കൂട്ടിച്ചേർത്തു.
മഞ്ഞപ്പടയെ കുറിച്ചുള്ള ബ്ലാസ്റ്റേഴ്സിന്റെ പരാമർശം അടുത്ത ദിവസം നടക്കുന്ന മത്സരത്തെ ചൂടു പിടിപ്പിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ആഷിഖിനെതിരെ നിരന്തരം ചാന്റുകൾ മുഴക്കി ആത്മവീര്യം തകർക്കാൻ മത്സരത്തിലുടനീളം ശ്രമങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതുകൊണ്ടൊക്കെ തന്നെ മത്സരം വളരെയധികം ആവേശം നിറഞ്ഞതായിരിക്കുമെന്നതിലും സംശയമില്ല.